- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യഗായത്രി കൊലക്കേസ്: സംഭവസ്ഥലത്ത് പൊലീസിന് കീഴടങ്ങാൻ കാത്ത് നിന്നെന്ന് പ്രതി; സൂര്യഗായത്രി തന്നെ കത്തി കൊണ്ട് കുത്തിയെന്നും ആ കത്തി പിടിച്ചുവാങ്ങി തറയിൽ എറിഞ്ഞെന്നും അരുൺ കോടതിയിൽ
തിരുവനന്തപുരം: സൂര്യഗായത്രി കൊല്ലപ്പെട്ട സ്ഥലത്ത് പൊലീസിന് കീഴടങ്ങാൻ താൻ കാത്ത് നിന്നതായി കോടതിയിൽ സമ്മതിച്ച് പ്രതി. പ്രതിയെ കോടതി നേരിട്ട് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ അവസരത്തിലായിരുന്നു മൊഴി. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസിലെ പ്രതിയായ പേയാട് ചിറക്കോണം വാറുവിളാകം സ്വദേശി അരുണിനോട് വിചാരണ വേളയിൽ കോടതി മുമ്പാകെ വന്ന പ്രതിയെ സാക്ഷിമൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ നേരിട്ട് ചോദിച്ചത്.
സൂര്യഗായത്രിയുമായി പ്രണയത്തിലായിരുന്ന താൻ അവർക്ക് സ്വർണ്ണവും പണവും മൊബൈലും നൽകി. തന്നെ വിവാഹം കഴിക്കാതെ മറ്റൊരാളെ വിവാഹം ചെയ്തപ്പോൾ നൽകിയ സ്വർണ്ണവും പണവും തിരികെ ചോദിക്കാൻ എത്തിയ തന്നെ സൂര്യഗായത്രി ചീത്ത പറഞ്ഞു. ദേഷ്യം കൊണ്ട് താൻ അടിച്ചപ്പോൾ സൂര്യഗായത്രി തന്നെ കത്തി കൊണ്ട് കുത്തി. ആ കത്തി താൻ പിടിച്ച് വാങ്ങി തറയിൽ എറിഞ്ഞ ശേഷം പുറത്തേയ്ക്ക് പോയി. ഇക്കാര്യം താൻ തന്നെ പൊലീസിനെ വിളിച്ച് അറിയിച്ചു. പൊലീസ് വരുമ്പോൾ കീഴടങ്ങാനായി താൻ കാത്ത് നിന്നതായും അരുൺ കോടതിയെ അറിയിച്ചു.
സൂര്യഗായത്രി കൊല്ലപ്പെട്ട വിവരം താൻ അറിഞ്ഞിട്ടില്ലെന്നും സൂര്യഗായത്രിയുടെ അമ്മ വത്സലയെ തനിക്ക് മുൻ പരിചയം ഉണ്ടെന്നും പ്രതി മൊഴി നൽകി. പൊലീസ് കോടതിയിൽ ഹാജരാക്കിയ മൊബൈലും വാഹനവും തന്റേതാണെങ്കിലും വസ്ത്രങ്ങൾ തന്റേതല്ലെന്നാണ് പ്രതിയുടെ വാദം. സംഭവത്തിന് ശേഷം ഒളിച്ചിരുന്ന തന്നെ സുഭാഷ്, വിഷ്ണു എന്നിവർ മറ്റൊരു വീടിന്റെ ടെറസിൽ നിന്നാണ് പിടിച്ച് കൊണ്ട് വന്നതെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു. പൊലീസ് ശാസ്ത്രീയ പരിശോധനക്ക് നൽകിയത് തന്റെ തന്നെ രക്ത സാമ്പിളും മുടിയുമാണെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു. പ്രോസിക്യൂഷൻ വാദത്തിനായി കോടതി കേസ് ബുധനാഴ്ച പരിഗണിക്കും.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്