തിരുവനന്തപുരം : നെടുമങ്ങാട് കരിപ്പൂർ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രിയെ പ്രതി കൊലപ്പെടുത്താൻ കാരണം വിവാഹ ആലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചതുകൊണ്ടെന്ന് പ്രോസിക്യൂഷൻ. കേസിന്റെ അന്തിമ വാദത്തിലാണ് പ്രോസിക്യൂഷൻ നിലപാട് വ്യക്തമാക്കിയത്. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.

കൊല്ലപ്പെട്ട സൂര്യഗായത്രി തന്നെ കുത്തി കൊല്ലാൻ ശ്രമിച്ചപ്പോൾ ആത്മ രക്ഷാർത്ഥം കത്തി പിടിച്ചു വാങ്ങി കുത്തിയതാണെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷൻ ശക്തിയായി എതിർത്തു. പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണിന്റെ കൈയ്ക്ക് കൊലപാതകത്തിനിടെ പറ്റിയ മുറിവ് ഉയർത്തിയായിരുന്നു പ്രതിഭാഗം വാദം. സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയ ശേഷം കത്തി മടക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായതാണ് പ്രതിയുടെ കയ്യിലെ മുറിവെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയെ പരിശോധിച്ച ഡോക്ടറും നൽകിയ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു.

കൊലപാതകത്തിന് ശേഷം പ്രതി ഒളിച്ചിരുന്ന സമീപത്തെ ടെറസിൽ നിന്ന് പ്രതിയെ പിടികൂടി കൊണ്ട് വന്നവരോട് പ്രതി, താൻ സൂര്യഗായത്രിയെ കൊല്ലാനാണ് വന്നതെന്ന് സമ്മതിച്ച മൊഴിയും പ്രോസിക്യൂഷൻ വാദമായി ഉന്നയിച്ചു. കൊല്ലപ്പെട്ട സൂര്യഗായത്രിയെ വിവാഹം ചെയ്ത് നൽകാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോൾ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡി.വൈ. എസ്. പിയുമായ ബി.എസ്. സജിമോൻ നൽകിയ മൊഴി പ്രോസിക്യൂഷന് നിർണ്ണായക തെളിവായി മാറി.

ഭിന്നശേഷിക്കാരും നിസഹായരുമായ മാതാപിതാക്കളുടെ മുന്നിലിട്ടാണ് പ്രതി സൂര്യഗായത്രിയുടെ ശരീരത്തിലുടനീളം 33 കുത്തുകൾ കുത്തിയത്. പക അടങ്ങാത്ത പ്രതി സൂര്യഗായത്രിയുടെ തല ചുമരിൽ പിടിച്ച് ഇടിച്ചും ഗുരുതരമായ പരിക്കേൽപ്പിച്ചു. തലയിലെ മുറിവും നെഞ്ചിലും അടിവയറ്റിലുമേറ്റ മാരക മുറിവുകളാണ് മരണത്തിന് ഇടയാക്കിയതെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിലെ പ്രസക്ത ഭാഗം പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി.

അക്രമം തടയാൻ ശാരീരിക ശേഷി ഇല്ലാതിരുന്നിട്ടും അതിന് തുനിഞ്ഞ സൂര്യഗായത്രിയുടെ അമ്മ വത്സലയെയും അച്ഛൻ ശിവദാസനെയും പ്രതി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. കത്തിയുടെ നീളവും മുറിവിന്റെ ആഴവും കൃത്യമായിരുന്നതായി പൊലീസ് സർജ്ജൻ ധന്യാ രവീന്ദ്രനും, സൂര്യഗായത്രിയുടെ വസ്ത്രങ്ങളിലും കത്തിയിലും സൂര്യഗായത്രിയുടെ രക്തം തന്നെയായിരുന്നതായി ഫോറൻസിക് വിദഗ്ദരായ ലീന. വി. നായർ, ഷഫീക്ക, വിനീത് എന്നിവർ നൽകി മൊഴിയും, ശാസ്ത്രീയ പരിശോധനക്ക് ആവശ്യമായ പ്രതിയുടെ മുടിയും രക്തവും ശേഖരിച്ച് നൽകിയ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ദീപഹരിഹരന്റെ മൊഴിയും പ്രോസിക്യൂഷൻ കേസിന് ഏറെ സഹായകരമായി മാറി.

39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.