പത്തനംതിട്ട: സ്‌കൂളിൽ നിന്ന് മടങ്ങിയ പത്താം ക്ലാസുകാരിയെ റബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി ബലാൽസംഗം ചെയ്തുവെന്ന കേസിൽ എഴുപത്തിമൂന്നുകാരനെ പോക്സോ കോടതി 47 വർഷം കഠിനതടവിന് ശിക്ഷിച്ചു.

വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശിയായ വെട്ടിക്കൽ കുഞ്ഞുമോനെയാണ് പ്രിൻസിപ്പൽ പോക്സോ ജഡ്ജ് ജയകുമാർ ജോൺ ആണ് ശിക്ഷ വിധിച്ചത്. 1.10 ലക്ഷം പിഴ ഒടുക്കണം. അങ്ങനെ ചെയ്യാത്ത പക്ഷം 25 മാസം അധിക കഠിന തടവും വിധിച്ചു. ഇന്ത്യൻ പീനൽ കോഡ് 506-ാം വകുപ്പ് പ്രകാരവും പോക്സോ ആക്ടിലെ 3, 4 ( 2 ), 5 (ഐ), 6, എന്നീ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

2019 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി സ്‌കൂളിൽ നിന്ന് മടങ്ങിവരുന്ന പെൺകുട്ടിയെ പിൻതുടരുകയും സമീപ പ്രദേശത്തെ ആൾപ്പാർപ്പില്ലാത്ത റബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൃത്യം നടത്തുകയുമായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിരന്തരം ബലാൽസംഗത്തിനിരയാക്കി. വെച്ചൂച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ. സുരേഷാണ് അന്വേഷണം നടത്തിയത്. വിധിപ്രസ്താവന വേളയിൽ പ്രതിയുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ തുടർന്നും ചെറുമകളുടെ പ്രായം മാത്രമുള്ള പെൺകുട്ടിയെ നിരന്തരമായ ബലാൽസംഗം ചെയ്തതിലൂടെ പ്രതിയുടെ ക്രൂരമായ മാനസികാവസ്ഥയ്ക്ക് മതിയായ ശിക്ഷയും അതിലൂടെ സമൂഹത്തിൽ ഇത്തരം കുറ്റവാളികൾക്ക് ശക്തമായ മുന്നറിയിപ്പാകണമെന്ന് യാതൊരു വിധ ഇളവുകളും അനുവദിക്കരുതെന്നുമുള്ള മറുവാദം അംഗീകരിക്കുകയും തുടർന്ന് വിധി പ്രസ്താവിക്കുകയും ആയിരുന്നു.