കൊച്ചി: അരിക്കൊമ്പനെ മാറ്റിയാൽ പ്രശ്‌നം തീരുമോ എന്ന് ഹൈക്കോടതി. പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അരിക്കൊമ്പനെ മാറ്റിയാൽ മറ്റൊരാന വരും. ഇക്കാര്യത്തിൽ മാർഗ്ഗരേഖ വേണം. കാട്ടിലെ എല്ലാ മൃഗങ്ങളെയും കൂട്ടിലിടാൻ പറ്റില്ലല്ലോ?

അരിക്കൊമ്പനെ ഉടൻ പിടികൂടുന്നതിനോട് കോടതി യോജിച്ചില്ല. വിഷയം പരിശോധിക്കാൻ അഞ്ചംഗ വിദഗ്ധ സമിതിയെ വയ്ക്കാമെന്ന് കോടതി പറഞ്ഞു. ശാശ്വത പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കണം. പിടിക്കുന്ന കാര്യം വിദഗ്ധ സമിതി റിപ്പോർട്ടിന് ശേഷം പരിഗണിക്കാം. ആനയെ പിടികൂടിയിട്ട് പിന്നെന്ത് ചെയ്യുമെന്ന് ചോദ്യത്തിന് പിടികൂടി കോടനാട് കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സർക്കാർ മറുപടി നൽകി. 301 കോളനിയിൽ താമസിക്കുന്നവരെ റീസെറ്റിൽ ചെയ്യുന്നത് ആലോചിച്ചുകൂടേയെന്ന് കോടതി ചോദിച്ചു.

എന്നാൽ അരിക്കൊമ്പനെ ഉടൻ പിടികൂണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സർക്കാർ മറുപടി നൽകിയപ്പോൾ സ്വാഭാവിക ആവാസവ്യവസ്ഥ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്ന് കോടതി ചോദിച്ചു. ആനയെ അതിന്റെ ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റുന്നതിനേക്കാൾ നല്ലത് ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതല്ലേ എന്നും കോടതി ചോദിച്ചു. എന്നാൽ, ആളുകളെ മാറ്റി തുടങ്ങിയാൽ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരും എന്ന് കക്ഷി ചേർന്ന അഭിഭാഷകരിൽ ചിലർ ചൂണ്ടിക്കാട്ടി. 2003 ന് ശേഷം നിരവധി കോളനികൾ ഈ മേഖലയിൽ ഉണ്ടായിട്ടില്ലേയെന്നായിരുന്നു അതിന് കോടതിയുടെ മറു ചോദ്യം.

മൃഗസ്നേഹികൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയത്. കേസിൽ വനംവകുപ്പും വിവിധ പഞ്ചായത്തുകളും മറ്റ് ചില സ്വകാര്യ വ്യക്തികളും കക്ഷിചേരുകയും വനം വകുപ്പ് കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും പട്ടിക കോടതിക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

ഇന്ന് കോടതിയിൽ നിന്നും അനുമതി ലഭിക്കുകയാണെങ്കിൽ വ്യാഴാഴ്ച പുലർച്ചെ നാല് മണിക്ക് തന്നെ അരിക്കൊമ്പൻ ദാത്യം ആരംഭിക്കാനായിരുന്നു ആലോചന. വർഷങ്ങളായി ഉയർത്തിയ പ്രതിഷേധങ്ങളുടെ ഫലമായാണ് അരിക്കൊമ്പനെ പിടികൂടാൻ വനം വകുപ്പ് തയ്യാറായത്. എന്നാൽ, ആ തീരുമാനത്തിനെ ചില മൃഗസ്‌നേഹികൾ തടസ്സപ്പെടുത്തിയതിൽ രൂക്ഷമായ ഭാഷയിലാണ് ചിന്നക്കനാലുകാർ വിമർശിക്കുന്നത്.

2005 മുതൽ വീടും റേഷൻകടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 23 എണ്ണം ഈവർഷം തകർത്തതാണ്. ആക്രമണത്തിൽ വീടുകളും മറ്റും തകർന്നുവീണ് മുപ്പതോളം പേർക്ക് പരിക്കേറ്റു.

അരിക്കൊമ്പന്റെ ആക്രമണം സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിക്കാനായി വനംവകുപ്പ് തയ്യാറാക്കിയ കണക്കാണിത്. നൂറിലധികം പേരുടെ ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്.