- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ നനഞ്ഞതോടെ യാത്രക്കാരന് ഡൽഹി വരെ നനഞ്ഞ വസ്ത്രം ധരിച്ച് യാത്ര ചെയ്യേണ്ടി വന്നു; പനി ബാധിച്ച് മൂന്നുദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു; എല്ലാറ്റിനും കാരണം മഴ നനയാതെ വിമാനം കയറാൻ സൗകര്യം ഒരുക്കാത്തത്; കൊച്ചിയിൽ സിയാലിന് 16,000 രൂപ പിഴയിട്ടതിന് പിന്നിൽ
കൊച്ചി: വിമാനത്താവളത്തിൽ യാത്രക്കാരന് മഴ നനയാതെ വിമാനം കയറാൻ സൗകര്യം ഒരുക്കാത്തതിന് കൊച്ചി നെടുംമ്പാശ്ശേരി വിമാനത്താവളം 16000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
എറണാകുളം വെണ്ണല സ്വദേശിയായ ടി ജി എൻ കുമാർ സമർപ്പിച്ച പരാതിയിൽ ജില്ല ഉപഭോക്തൃ കോടതി പ്രസിഡണ്ട് ഡി ബി ബിനു, മെമ്പർമാരായ വി. രാമചന്ദ്രൻ, ശ്രീവിദ്യ ടി. എൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഈ ഉത്തരവിട്ടത്.
2015 ൽ വിമാന യാത്രയയ്ക്കായി വിമാനത്താവളത്തിലെത്തി ടി.ജെ.എൻ കുമാർ വിമാനത്തിൽ കയറാൻ എയറോ ബ്രിഡ്ജ് ഇല്ലാത്തതിനാൽ മഴ നനയേണ്ടി വന്നു. മഴ നനഞ്ഞ് യാത്ര ചെയ്തതോടെ തനിക്ക് പനി പിടിപെട്ടുവെന്നും ചികിത്സയ്ക്കായി പണം ചെലവാക്കേണ്ടിയതായി വന്നുവെന്നും പരാതിയിൽ പറഞ്ഞു.
എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യാനായി എയർ പോർട്ടിൽ എത്തിയപ്പോഴാണ് പരാതിക്കാരന് ഈ ദുരനുഭവം ഉണ്ടായത്. മഴ നനഞ്ഞ വസ്ത്രവുമായി ഡൽഹി വരെ യാത്ര ചെയ്യേണ്ടി വന്നതിനാൽ പനി ബാധിച്ച് മൂന്ന് ദിവസം ആശുപത്രിയിലും കിടക്കേണ്ടി വന്നു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ച് വിട്ടതും സി ഐ എസ് എഫ് ഉദ്യോഗസ്ഥരുടെ കുറവും മൂലം യാത്രികന് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും പരാതിയിൽ പറയുന്നു.
'വൻ ലാഭം ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ പോലും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിൽ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത്. മറ്റൊരിടത്തും ഉന്നയിക്കാൻ കഴിയാത്ത പരാതികളുമായി സാധാരണക്കാർ ഉപഭോക്തൃ കോടതികളുടെ വാതിലിൽ മുട്ടുമ്പോൾ നിശബ്ദരായി നോക്കി നിൽക്കാനാവില്ലെന്ന് ' വിധിന്യായത്തിൽ കോടതി വിലയിരുത്തി.
പരാതിക്കാരൻ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകൾക്കും മന:ക്ലേശത്തിനും 8,000 രൂപ നഷ്ട പരിഹാരവും 8,000 രൂപ കോടതി ചെലവും ' സിയാൽ ഒരു മാസത്തിനകം നൽകണമെന്നും ഉപഭോക്തൃ കോടതി നിർദ്ദേശിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.