പത്തനംതിട്ട: വാഹനാപകടത്തിൽ മരണമടഞ്ഞ ശിശുരോഗ വിദഗ്ദ്ധന്റെ കുടുംബത്തിന് 53,79,953 രൂപ നഷ്ടപരിഹാരം നൽകാൻ എം.എ.സി.ടി കോടതി ഉത്തരവിട്ടു. തിരുവല്ല മാർത്തോമ്മ മെഡിക്കൽ മിഷൻ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ, തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപ മോഹനാലയം റോഡിൽ ചെറുവല്ലത്ത് വീട്ടിൽ ഡോ. ബെഞ്ചമിൻ എബ്രഹാമിന്റെ ആശ്രിതർക്കാണ് നഷ്ടപരിഹാരം ലഭിക്കുക.

2018 മെയ്‌ ഒന്നിന് എം.സി റോഡിൽ തുകലശേരി ജങ്ഷന് സമീപം സീബ്രാ ലൈൻ മുറിച്ച് കടക്കുമ്പോൾ മാരുതി ഒമ്നി വാൻ ഇടിച്ചാണ് ഡോ. ബെഞ്ചമിൻ മരിച്ചത്. ഭാര്യ എം.ജി.യൂണിവേഴ്സിറ്റി റിട്ട: പ്രഫ. വത്സ ഏബ്രഹാം ഫയൽ ചെയ്ത ഹർജിയിലാണ് നഷ്ടപരിഹാരം അനുവദിച്ചത്.

അപകടമുണ്ടാക്കിയ വാഹനം ഇൻഷുർ ചെയ്തിരുന്ന നാഷണൽ ഇൻഷുറൻസ് കമ്പ നിയെ എതിർ കക്ഷിയാക്കി അഡ്വ. പ്രശാന്ത് വി. കുറുപ്പ് മുഖേനെയാണ് ഹർജി ഫയൽ ചെയ്തത്. എം.എ.സി.ടി കോടതി ജഡ്ജി എസ് ശ്രീരാജാണ് ഉത്തരവിട്ടത്. നഷ്ടപരിഹാര തുകയായി 36,94,720 രൂപയും കോടതി ചെലവായി 2,29,900 രൂപയും പലിശയായി 14,55,333 രൂപയും ഉൾപ്പെടെ മൊത്തം 53,79,953 രൂപ എതിർകക്ഷിയായ നാഷണൽ ഇൻഷുറൻസ് കമ്പനി കെട്ടി വെയ്ക്കുവാനാണ് കോടതി ഉത്തരവിട്ടത്. 1988 മുതൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധനായിരുന്ന ഡോ. ബെഞ്ചമിൻ എബ്രഹാം കേരളത്തിലെ മികച്ച ശിശുരോഗ വിദഗ്ദ്ധനുള്ള അവാർഡ് നേടിയിട്ടുണ്ട്.

തിരക്കേറിയ എം.സി റോഡിലെ തുകലശേരി ജങ്ഷനിലെ സൂപ്പർ മാർക്കറ്റിൽ നിന്നും ഇറങ്ങി ഡോ.ബെഞ്ചമിൻ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നപ്പോൾ സംഭവിച്ച അപകടമായതിനാൽ നഷ്പരിഹാരം നൽകുവാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ല എന്ന വാദം തള്ളിക്കൊണ്ടാണ് വിധി. ഹർജിക്കാരിക്ക വേണ്ടി അഡ്വ. പ്രശാന്ത് വി. കുറുപ്പ്, അഡ്വ. അൻസു സാറാ മാത്യു, അഡ്വ. ആരാധന വി. ജെയിംസ് എന്നിവർ കോടതിയിൽ ഹാജരായി.