തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ അതേ കൃത്യ ദിവസം നടന്ന 2 കേസുകൾ മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നിന്നും വിളിച്ചു വരുത്തി കൈയാങ്കളിക്കേസിനൊപ്പം കൂട്ടു വിചാരണ ചെയ്യണമെന്ന് 3 പ്രതികൾ ഹർജി സമർപ്പിച്ചു. ഹർജികളിൽ 26 ന് സർക്കാർ നിലപാടറിയിക്കാനും ആക്ഷേപമുണ്ടെങ്കിൽ ബോധിപ്പിക്കാനും കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലിന്റെതാണുത്തരവ്. ഒന്നാം പ്രതി അജിത് , നാലാം പ്രതി സി.കെ.സദാശിവൻ, ആറാം പ്രതി കെ.റ്റി.ജലീൽ എന്നിവരാണ് പുതിയ ഹർജിയുമായി കോടതിയെ സമീപിച്ചത്. നിയമസഭക്കകത്ത് കെ.കെ.ലതിക എംഎൽഎയെ തടഞ്ഞു നിർത്തി മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ എം എൽ എ മാരായ എം.എ.വാഹിദ് , എ. റ്റി.ജോർജ് എന്നിവർ കൈയേറ്റവും ബലപ്രയോഗവും നടത്തിയെന്ന കേസും നിയമസഭാ കൈയാങ്കളി കൃത്യസമയം ജമീല പ്രകാശം എംഎൽ എയെ എംഎൽഎമാരായ കെ.ശിവദാസൻ നായരും ഡൊമിനിക് പ്രസന്റേഷനും ചേർന്ന് മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസും ഒരുമിച്ച് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടാണ് 3 പ്രതികൾ ഹർജി സമർപ്പിച്ചത്.

അതേ സമയം ഈ രണ്ടു കേസുകളുടെയും വിചാരണ അടക്കമുള്ള തുടർനടപടികൾ ഹൈക്കോടതി 2022 ൽ സ്റ്റേ ചെയ്തിട്ടുണ്ട്. തുടരന്വേഷണം വേണമെന്ന മുൻ എംഎൽഎ മാരായ ഇ എസ് ബിജിമോളും ഗീത ഗോപിയുമടങ്ങുന്ന സിപിഐ വനിത നേതാക്കൾ നൽകിയ ഹർജി സ്വമേധയാ പിൻവലിച്ചതിനെ തുടർന്ന് വിചാരണ തീയതി 19 ന് ഷെഡ്യൂൾ ചെയ്യാനിരിക്കെയാണ് പ്രതികളുടെ പുതിയ ഹർജിയെത്തിയത്.

2011-16 ലെ ഇടത് എംഎൽഎ മാരായ 1. കെ.അജിത് , 2 .കുഞ്ഞമ്പു മാസ്റ്റർ , 3. മുൻ കായിക മന്ത്രിയും നിലവിൽ എൽ ഡി എഫ് കൺവീനറുമായ ഇ.പി.ജയരാജൻ , 4. സി.കെ.സദാശിവൻ , 5 . നിലവിൽ സംസ്ഥാന വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി , 6. മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീൽ എന്നിവരാണ് നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നേരിടേണ്ടത്.

കുറ്റ സ്ഥാപനത്തിൽ ഏഴേകാൽ വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയത്. കൂടാതെ 2, 20, 093 രൂപയുടെ നഷ്ടോത്തരവാദിത്വം ഒറ്റക്കും കൂട്ടായും കെട്ടി വക്കേണ്ട കുറ്റവും ചുമത്തി. 1984 ൽ നിലവിൽ വന്ന പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (1) പ്രകാരം അഞ്ചു വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും കോടതിക്ക് വിധിക്കാവുന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 427 (ദ്രോഹം ചെയ്യുന്നത് വഴി നാശനഷ്ടം വരുത്തൽ) പ്രകാരം 2 വർഷത്തെ കഠിന തടവിനും പരിധിയില്ലാത്ത പിഴ തുകക്കും ശിക്ഷാർഹരാണ്.കൂടാതെ വകുപ്പ് 447 ( ഡയസ്സ് വസ്തു കൈയേറ്റം) പ്രകാരം മൂന്നു മാസത്തെ തടവിനും അഞ്ഞൂറ് രൂപ പിഴക്കും ശിക്ഷാർഹരാണ്. ഇ.പി.ജയരാജൻ 26 ന് ഹാജരാകാൻ കോടതി കർശന നിർദ്ദേശം കോടതി നൽകിയിരുന്നു. 2015 മാർച്ച് 13 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.