പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയതിന് വനം വകുപ്പും പൊലീസും രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ മുഖ്യപ്രതി നാരായണ സ്വാമിയുടെ മുൻകൂർ ഹർജി ജില്ലാ കോടതി തള്ളി. വനംവകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും തടസ ഹർജികളും മുഖ്യപ്രതിയുടെ ജാമ്യഹർജിയും കേട്ടതിന് ശേഷമാണ് തള്ളിക്കൊണ്ട് വിധി പ്രഖ്യാപിച്ചത്. പൊന്നമ്പലമേട്ടിൽ ഹിന്ദു ആചാരപ്രകാരമാണ് പൂജ നടത്തിയതെന്നും ഇവിടെ തമിഴ്‌നാട്ടിൽ നിന്നുള്ളവരടക്കം നിരവധി ഭക്തർ, ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സ്ഥിരമായി പൂജ നടത്തി വന്നിരുന്നു എന്നുമാണ് നാരായണ സ്വാമിക്ക് വേണ്ടി ഹാജരായ അഡ്വ. അജിത് പ്രഭാവ് വാദിച്ചത്.

പൊന്നമ്പലമേട്ടിൽ നാരായണ സ്വാമി നടത്തിയ പൂജയിൽ അനധികൃത കടന്നു കയറ്റമോ ആചാര വിരുദ്ധമായ എന്തെങ്കിലുമോ ഉണ്ടായിട്ടില്ല. ഇവിടെ മുൻപ് നിത്യപൂജയുണ്ടായിരുന്ന ശിവക്ഷേത്രമുണ്ടായിരുന്നതായുള്ള, 2011 ലെ ഹൈക്കോടതിയുടെ നിരീക്ഷണവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം ഒരു കേസിന്റെ പേരിൽ ഒരാളെ ജയിലിലടക്കുന്നത് ക്രൂരതയാണെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും നാരായണ സ്വാമിയുടെ അഭിഭാഷകൻ അറിയിച്ചു. കേസിൽ നാരായണ സ്വാമി ഉൾപ്പടെ ഒമ്പതു പ്രതികളാണുള്ളത്. ഇതു വരെ ആറു പേർ അറസ്റ്റിലായിട്ടുണ്ട്. ഒരു മാസത്തിലേറെയായി നാരായണ സ്വാമി ഒളിവിലാണ്. ദേവസ്വം ബോർഡിന്റെ പരാതിയിൽ മൂഴിയാർ പൊലീസും കേസെടുത്തിരുന്നു.

പൊന്നമ്പലമേട്ടിൽ ഒമ്പതംഗസംഘം അതിക്രമിച്ച് കയറി പൂജ ചെയ്തത് മെയ്‌ എട്ടിനാണ്. പിടിയിലായ വനം വികസന കോർപ്പറേഷൻ ജീവനക്കാരാണ് ഇതു സംബന്ധിച്ച് മൊഴി നൽകിയത്. വനംവികസന കോർപ്പറേഷനിലെ സൂപ്പർ വൈസർ രാജേന്ദ്രൻ, തൊഴിലാളി സാബു എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ നാരായണ സ്വാമിയുടെ സഹായി ഇടുക്കി മ്ലാമല സ്വദേശി ശരത്തും മറ്റ് മൂന്നു പേരും കൂടി പിടിയിലായി.

ഒമ്പത് പ്രതികളിൽ അഞ്ചു പേർ തമിഴ്‌നാട് സ്വദേശികളാണ്. പുജ നടത്തിയ കീഴ്ശാന്തി നാരായണ സ്വാമി തൃശൂർ സ്വദേശിയാണ്. ഇവർക്ക് കുമളി സ്വദേശിയും സംഘത്തിലുണ്ടായിരുന്നു. വള്ളക്കടവ് വരെ ജീപ്പിൽ വന്നു. തുടർന്ന് കുമളിഗവിപത്തനംതിട്ട കെഎസ്ആർടിസി ബസിൽ സഞ്ചരിച്ച് മണിയാട്ടി പാലത്തിന് സമീപം ഇറങ്ങി ഇവിടെ നിന്ന് വനത്തിലൂടെ പൊന്നമ്പലമേട്ടിൽ എത്തുകയായിരുന്നു. വഴി കാട്ടിയായി പ്രവർത്തിച്ചവരാണ് രാജേന്ദ്രനും സാബുവും. ഇവർക്ക് പണവും പാരിതോഷികവും ലഭിച്ചു.