കൊച്ചി: നടപടിക്രമങ്ങൾ പാലിക്കാതെ പൊലീസ് മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചെടുക്കരുത് എന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയത് തിങ്കളാഴ്ചയാണ്. പൊലീസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ വിട്ടുതരാൻ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് മംഗളം ദിനപത്രത്തിലെ സീനിയർ റിപ്പോർട്ടർ പത്തനംതിട്ട സ്വദേശി ജി. വിശാഖൻ നൽകിയ ഹർജിയിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച സമാന വിഷയത്തിൽ പൊലീസിനെ രൂക്ഷമായി ഹൈക്കോടതി വിമർശിച്ചു.

മാതൃഭൂമി ന്യൂസിനെതിരായ കേസിലാണ് കോടതി വിമർശനം. പ്രതിയുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തലാകും എന്ന് കോടതി ചോദിച്ചു. തിരിച്ചറിയൽ പരേഡ് നടത്തണമെങ്കിൽ പ്രതിയുടെ മുഖം മറച്ചു കൊണ്ട് വരണം. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമപ്രവർത്തകന്റെ ജോലിയാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സൈഫിയുടെ ചിത്രങ്ങൾ എടുത്തതിന്റെ പേരിലാണ് മാതൃഭൂമി ന്യൂസിനെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു ക്രിമിനൽ കേസ് പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമപ്രവർത്തകന്റെ ജോലിയാണ്. അതിന്റെ പേരിൽ എങ്ങനെ ക്രിമിനൽ കേസ് നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. പ്രതിയുടെ ചിത്രം എടുത്തതിന്റെ പേരിൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്ന് പറഞ്ഞ് പൊലീസിന് എങ്ങനെ ജാമ്യമില്ലാ കുറ്റം ചുമത്താൻ കഴിയും എന്നും കോടതി ചോദിച്ചു. അനാവശ്യമായി കേസിന്റെ പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കുകയാണ്. പ്രതി ചേർക്കാത്തതുകൊണ്ട് കോടതിയിൽ എത്തി കേസ് റദ്ദാക്കാനായി ഹർജി നൽകാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

നിലവിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാൻ മാതൃഭൂമി ന്യൂസിനോട് നിർദ്ദേശിച്ചു. ഒപ്പം, മാതൃഭൂമിയും മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്ററും ഡി.ജി.പിക്ക് നൽകിയ രണ്ട് പരാതികളിൽ. മാതൃഭൂമി ന്യൂസിന്റെ ഭാഗം കൂടി കേട്ടുകൊണ്ട് ഒരു തീരുമാനം എടുക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ പേരിൽ മാതൃഭൂമി പ്രതിനിധികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുത് എന്നും കോടതി നിർദ്ദേശിച്ചു.

കേസുമായി ബന്ധപ്പെട്ട് പൊലീസ് അനാവശ്യമായ ഒരു പീഡനത്തിനും പോകില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നതിനേയും അതിരൂക്ഷമായി കോടതി വിമർശിച്ചു. മാധ്യമപ്രവർത്തകർക്ക് പലതരത്തിലുള്ള വിവരങ്ങൾ ലഭിക്കും. അതിൽ ഏത് വാർത്തയായി നൽകണം എന്നത് അവരാണ് തീരുമാനിക്കുന്നത്. വിവരങ്ങൾ കണ്ടെത്താൻ വേണ്ടി മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചെടുക്കുന്നത് ഫോർത്ത് എസ്റ്റേറ്റ് എന്ന സങ്കൽപ്പത്തിന് തന്നെ വിരുദ്ധ നടപടിയാണ് എന്ന് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. മാതൃഭൂമിക്ക് വേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ പി വിജയഭാനു ഹാജരായി.

കഴിഞ്ഞ ദിവസം വിശാഖൻ കേസിലും ഹൈക്കോടതി സമാന നിരീക്ഷണങ്ങൾ നടത്തിയിരുന്നു. മാധ്യമപ്രവർത്തകന് ഒട്ടേറെ വിവരങ്ങൾ മൊബൈൽ ഫോണിൽ ലഭിക്കുന്നുണ്ടാകും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏത് വാർത്തയാണ് പ്രസിദ്ധീകരിക്കേണ്ടത്, സംപ്രേഷണം ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത്. ഒരു കുറ്റകൃത്യത്തെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചുയെന്നതിന്റെ പേരിൽ ക്രിമിനൽ നടപടിക്രമങ്ങൾ പാലിക്കാതെ മൊബൈൽഫോൺ പിടിച്ചെടുക്കാനാകില്ല. മറുനാടൻ മലയാളി ഓൺലൈൻ എഡിറ്റർ ഷാജൻ സ്‌കറിയയുമായി ബന്ധമുണ്ടെന്ന പേരിലാണ് വിശാഖന്റെ മൊബൈൽഫോൺ പൊലീസ് പിടിച്ചെടുത്തത് എന്നാണ് ഹർജിയിൽ വിശദീകരിച്ചിരുന്നത്.