തിരുവനന്തപുരം : നന്തൻകോട് കൂട്ടക്കൊല കേസിൽ പ്രതിയായ മകൻ കേഡൽ ജീൻസെൻ രാജ, വിചാരണ നേരിടാൻ പ്രാപ്തനല്ലാത്ത ചിത്ത രോഗിയാണോയെന്ന മെഡിക്കൽ റിപ്പോർട്ടിൽ തലസ്ഥാന വിചാരണ കോടതി നേരിട്ട് തെളിവെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി.അനിൽ കുമാറാണ് നേരിട്ട് അന്വേഷണം നടത്തുന്നത്.

കേഡലിന് മെഡിക്കൽ ഇൻസാനിറ്റിയോ (ചിത്ത രോഗിയെന്ന ഡോക്ടറുടെ സാക്ഷ്യപത്രം അതോ ലീഗൽ ഇൻസാനിറ്റിയോ (ചിത്ത രോഗം മാറിയോയെന്ന നിയമപരമായ അന്വേഷണത്തിലുള്ള തീർപ്പ് കൽപ്പിക്കൽ) എന്ന് കോടതി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 329 പ്രകാരം പരിശോധിക്കും. ചിത്ത രോഗിയെന്ന ഡോക്ടറുടെ സാക്ഷ്യപത്ര പ്രകാരമുള്ള മെഡിക്കൽ ഇൻസാനിറ്റിയിൽ നിന്ന് മാറ്റം വന്നുവോയെന്ന അവസ്ഥയാണ് കോടതി അന്വേഷിക്കുന്നത്.

കേഡലിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി കോടതി രേഖപ്പെടുത്തി. കേഡൽ വിചാരണ നേരിടാൻ മാനസിക ശാരീരിക ആരോഗ്യവാനല്ലെന്ന് (പ്രാപ്തനല്ലെന്ന്) മെന്റൽ ഹെൽത്ത് സെന്റർ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് അന്വേഷണം നടത്തുന്നത്. കേഡൽ സാക്ഷിമൊഴികൾ കേട്ട് മനസ്സിലാക്കാൻ പ്രാപ്തനല്ലെന്നും വിചാരണ നേരിടാൻ യോഗ്യനല്ലെന്നുമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിൽ ഉറച്ച് കേഡലിനെ പരിശോധിച്ച ഡോ. ആരിഫ് അനീഷ് മൊഴി നൽകി.

കേഡലിന്റെ ആശുപത്രി റിമാന്റ് വീണ്ടും നീട്ടി. മാനസിക ശാരീരിക ആരോഗ്യവാനല്ലെന്ന് (പ്രാപ്തനല്ലെന്ന്) പേരൂർക്കട ഊളൻപാറ മെന്റൽ ഹെൽത്ത് സെന്റർ സൂപ്രണ്ട് തലസ്ഥാനവിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് നിജസ്ഥിതി അറിയാൻ കേഡലിനെ പരിശോധിച്ച ഡോ. ആരിഫ് അനീഷ് ഹാജരാകാൻ കോടതി ഉത്തരവിട്ടു. ഡോക്ടറെ വിസ്തരിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ മെഡിക്കൽ വിദഗ്ധരടങ്ങുന്ന മെഡിക്കൽ ബോർഡിന്റെ പരിശോധനക്കയക്കുമെന്ന് കോടതി വ്യക്തമാക്കി. കേഡലിന്റെ ആശുപത്രി റിമാന്റ് വീണ്ടും നീട്ടി കോടതി ഉത്തരവായി.