പത്തനംതിട്ട: ഒന്നിന് പിറകെ ഒന്നായി വിധി വന്ന രണ്ടു പോക്സോ കേസുകളിലായി യുവാവിന് 110 വർഷം തടവും ആറു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. അടൂർ പൊലീസ് സ്റ്റേഷനിൽ 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ പറക്കോട് വടക്ക് പുല്ലുവിള അമ്പനാട്ട് എസ് എസ് ഭവനിൽ സുധീഷി(26)നെയാണ് കോടതി ശിക്ഷിച്ചത്.

ബുധനാഴ്ച വന്ന രണ്ടാമത്തെ കേസിൽ അറുപത്തിഅഞ്ചര വർഷം കഠിന തടവും 355,000 രൂപ പിഴയുമാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിച്ചിരിക്കുന്നത്. ജൂലൈ ആദ്യം വിധി പ്രഖ്യാപിച്ച മറ്റൊരു പോക്സോ കേസിൽ ഇയാൾക്ക് 45 വർഷം കഠിന തടവും 2,50,000 രൂപ പിഴയും ഇതേ കോടതി ശിക്ഷിച്ചിരുന്നു. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി എ. സമീറാണ് ഇരുവിധികളും പ്രസ്താവിച്ചത്.

ഒന്ന് മുതൽ അഞ്ച് വരെ ക്ലാസിൽ പഠിക്കുന്ന കാലയളവിൽ പ്രതിയുടെയും ഇരയുടെയും വീട്ടിൽ വച്ചാണ് പീഡനം നടന്നിരിക്കുന്നത്. അടൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി.ഡി പ്രജീഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായ കേസിൽ പിഴ അടക്കാത്ത പക്ഷം 43 മാസം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. പിഴത്തുക കുട്ടിക്ക് നൽകണമെന്നും കൂടാതെ പുനരധിവാസത്തിന് വേണ്ട ചെലവുകളും നൽകാൻ ലീഗൽ സർവീസ് അഥോറിറ്റിക്കുള്ള പ്രത്യേക നിർദ്ദേശവും വിധി ന്യായത്തിൽ പറയുന്നു.

നേരത്തെ ഇയാളെ ശിക്ഷിച്ച കേസിൽ ഇരയുടെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളായിരുന്നു. ഒന്നാം പ്രതി അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ച വിവരം യഥാസമയം പൊലീസിൽ അറിയിച്ചില്ല എന്നത് ആയിരുന്നു ഇവർക്കെതിരായ കുറ്റം. നാലു വയസ്സു മാത്രം പ്രായം ഉണ്ടായിരുന്ന അതിജീവിത എൽ.കെ.ജിയിൽ പഠിക്കുന്ന 2019 നവംബറിലാണ് സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയം വീട്ടിൽ വച്ചാണ് പീഡനം നടന്നത്. ഈ കേസും അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്ന് അടൂർ എസ് എച്ച് ഓ ആയിരുന്ന ടി ഡി പ്രജീഷായിരുന്നു. കേസിൽ രണ്ടാം പ്രതി ആയ പിതാവിനെ ആറു മാസം ശിക്ഷിച്ച് ജയിലിൽ കിടന്ന കാലാവധി വക വച്ചും മാതാവിനെ ശാസിച്ചും കോടതി വിട്ടയച്ചിരുന്നു.