ന്യൂഡൽഹി: കഴിഞ്ഞ രണ്ടുമാസമായി മണിപ്പൂരിൽ ഭരണഘടനാ സംവിധാനം പൂർണമായി തകർന്നിരിക്കുകയാണെന്ന് സുപ്രീം കോടതി. മണിപ്പൂർ സർക്കാരിനെതിരെ നിശിത വിമർശനമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ച് നടത്തിയത്. കലാപത്തിലെ അതിക്രമങ്ങളെ കുറിച്ചുള്ള അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും, എഫ്‌ഐആറുകൾ എടുക്കുന്നതിലും, മൊഴികൾ രേഖപ്പെടുത്തുന്നതിലും വലിയ കാലതാമസം നേരിടുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസുകളെ സംബന്ധിച്ച് സംസ്ഥാന സർക്കാർ കൈമാറിയ വിവരങ്ങൾ അവ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേസിൽ മണിപ്പുർ ഡി.ജി.പിയോട് നേരിട്ട് ഹാജരാകാനും സുപ്രീം കോടതി നിർദ്ദേശിച്ചു. കോടതിയുടെ പരാമർശങ്ങൾ സംസ്ഥാനത്ത് മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ നീക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് കൂടുതൽ ഊർജ്ജം പകർന്നേക്കും.

ഉച്ചകഴിഞ്ഞ് വാദം കേട്ടുതുടങ്ങിയപ്പോൾ, അക്രമവുമായി ബന്ധപ്പെട്ട് 6,523 എഫ്‌ഐആറുകൾ എടുത്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. അതിൽ പതിനൊന്നെണ്ണം സ്ത്രീകൾക്കും, കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളുടെ പേരിലാണ്. കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് ഈ വിവരങ്ങൾ ഉള്ളതെന്നും മേത്ത പറഞ്ഞു.

സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തുകയും, കൂട്ടബലാൽസംഗത്തിന് ഇരകളാക്കുകയും ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തു. രണ്ടുസ്ത്രീകളെ കൂട്ടബലാൽസംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത മറ്റൊരു സംഭവത്തിന്റെ വിവരങ്ങളും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ആൾക്കൂട്ടത്തിനു തന്നെ കൈമാറിയതു പൊലീസാണെന്നാണു നഗ്‌നരാക്കി നടത്തി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ മൊഴിയിൽ പറയുന്നത്. ഇതിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തോ എന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്താണു നടന്നതെന്നു കണ്ടെത്തേണ്ടതു ഡിജിപിയുടെ ചുമതലയാണ്. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. സിബിഐ അന്വേഷണം തുടരുകയാണെന്നും വെള്ളിയാഴ്ച റിപ്പോർട്ട് നൽകാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

6523 എഫ്ഐആറുകളിൽ വ്യക്തതയില്ലെന്നും കൊലപാതകം, ബലാത്സംഗം, കൊള്ളിവയ്പ്, സ്വത്തുവകകൾ നശിപ്പിക്കൽ തുടങ്ങി ഏതൊക്കെ കുറ്റങ്ങളാണെന്നു തരംതിരിച്ച് എഫ്ഐആറുകളുടെ വിവരം സംസ്ഥാന സർക്കാർ നൽകണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. അതേസമയം, ഹൈക്കോടതി മുൻ ജഡ്ജിമാരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ 6,500 എഫ്‌ഐആറുകൾ മുഴുവൻ അന്വേഷിക്കാൻ സിബിഐക്ക് കഴിയില്ല. സംസ്ഥാന പൊലീസിനെ വിശ്വസിക്കാൻ കഴിയില്ല. എന്താണ് ചെയ്യേണ്ടതെന്ന് പഠിച്ചു പറയണം. അവിടെ ബലാത്സംഗം ചെയ്യപ്പെട്ടതും കൊല്ലപ്പെട്ടതും നമ്മുടെ ആളുകളല്ലേ? അതുകൊണ്ട് ഇക്കാര്യത്തിൽ ശരിയായ കാര്യം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

6000 ത്തോളം എഫ്‌ഐആറുകളിലൂടെ തങ്ങൾ കണ്ണോടിച്ചുവെന്നും, ഡേറ്റയിൽ ചില പിശകുകൾ കണ്ടേക്കാമെന്നും തുഷാർ മേത്ത അറിയിച്ചു. മെയ് 15 ന് ഒരു സീറോ എഫ്്‌ഐആർ രജിസ്റ്റർ ചെയ്തത് ജൂൺ 16 ന് സാധാരണ എഫ്‌ഐആറായി മാറ്റിയിട്ടുണ്ട്. അറസ്റ്റുകൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ, തനിക്ക് അക്കാര്യത്തിൽ വിവരം ലഭ്യമായിട്ടില്ലെന്നായിരുന്നു മേത്തയുടെ മറുപടി.

മേത്ത സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കവേ, മെയ് നാലിന് ഉണ്ടായ സംഭവത്തിൽ ജൂലൈ 26 നാണ് എഫ്‌ഐആർ ഇട്ടിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഒന്നോ രണ്ടോ കേസുകളിൽ ഒഴികെ അറസ്റ്റുകൾ ഉണ്ടായിട്ടേയില്ല. അന്വേഷണം വളരെയധികം ഇഴഞ്ഞുനീങ്ങുകയാണ്. എഫ്‌ഐആർ ഫയൽ ചെയ്യുന്നതിൽ കാലതാമസം, അറസ്റ്റുകൾ ഉണ്ടായിട്ടുമില്ല. കഴിഞ്ഞ രണ്ടുമാസമായി ഇരകളുടെ മൊഴി രേഖപ്പെടുത്തുന്നതിന് പോലും സാഹചര്യം അനുകൂലമല്ല. ഒരു സ്ത്രീയെ കാറിൽനിന്നു പുറത്തേക്കു വലിച്ചിഴച്ചതും മകനെ അടിച്ചുകൊന്നതുമായി ഗൗരവമുള്ള സംഭവമായിരുന്നു അതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ലഭിച്ചില്ലെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മകനെ തീകൊളുത്തി കൊന്നിട്ടും എഫ്ഐആറിൽ 302-ാം വകുപ്പ് എന്തുകൊണ്ടാണ് ഉൾപ്പെടുത്താതിരുന്നതെന്ന് ജസ്റ്റിസ് പർദിവാല ചോദിച്ചു. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും അറസ്റ്റുകൾ ഉണ്ടാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.

സ്ത്രീകൾക്ക് എതിരായ അക്രമങ്ങളിൽ ഒന്നോ രണ്ടോ കേസുകളിൽ മാത്രമാണ് അറസ്റ്റ് ഉണ്ടായതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ക്രമസമാധാനം തകർന്നിടത്ത് എങ്ങനെ നീതി ലഭിക്കുമെന്ന് സുപ്രീം കോടതി ആരാഞ്ഞു. തങ്ങളെ കലാപകാരികൾക്ക് കൈമാറിയത് പൊലീസ് ആണെന്ന് ലൈംഗികപീഡനത്തിന് ഇരയായ കുക്കി വനിതകൾ മൊഴി നൽകിയിട്ടുണ്ട്. ഈ പൊലീസുകാർക്കെതിരേ എന്ത് നടപടി എടുത്തുവെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

പല അക്രമസംഭവങ്ങളും നടന്ന് ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്‌തെന്ന് കോടതി ചൂണ്ടിക്കാട്ടി. പലതിലും പ്രതികളെ കണ്ടെത്താൻ പോലും ശ്രമം ഉണ്ടായില്ല. ഇരകളുടെയും പരാതിക്കാരുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടില്ല. സർക്കാർ നൽകിയ കണക്കുകൾ അവ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച നേരിട്ട് ഹാജരാകാൻ ഡി.ജി.പിയോട് സുപ്രീം കോടതി നിർദ്ദേശിച്ചത്.

അതേസമയം സിബിഐ. ലൈംഗിക പീഡന കേസുകളിൽ നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്ന് കുക്കി വനിതകളുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറുന്നത് സംബന്ധിച്ച് വാദം കേൾക്കലിന് ശേഷം തീരുമാനം എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

' സംസ്ഥാന പൊലീസ് അന്വേഷണത്തിന് അശക്തരാണ്. അവർക്ക് നിയന്ത്രണം നഷ്ടമായിരിക്കുകയാണ്. അവിടെ ക്രമസമാധാനനില പാടേ തകരാറിലായിരിക്കുന്നു. മണിപ്പൂരിൽ കഴിഞ്ഞ രണ്ടുമാസമായി ഭരണഘടനാസംവിധാനം പാടേ തകർന്നിരിക്കുന്നു, രോഷാകുലനായി ചീഫ് ജസ്റ്റിസ് പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇനി കാലതാമസം ഉണ്ടാകില്ലെന്നും, 11 എഫ്‌ഐആറുകൾ സിബിഐക്ക് കൈമാറുന്നതിന് കേന്ദ്രസർക്കാരിന് തുറന്നമനസാണെന്നും സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പ് നൽകി. കേസ് അടുത്ത തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് പരിഗണിക്കും.