- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം: ലോകായുക്ത നിലപാട് ശരിവച്ച് ഹൈക്കോടതി; ലോകായുക്തയും, ഉപലോകയുക്തയും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായാൽ, മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നത് നടപടിക്രമത്തിന്റെ ഭാഗം; ആർ.എസ്.ശശികുമാറിന്റെ ഹർജി തള്ളി; കേസ് ഓഗസ്റ്റ് ഏഴിന് ലോകായുക്ത മൂന്നംഗ ബഞ്ച് പരിഗണിക്കും
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച പരാതി മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട ലോകായുക്ത നടപടി ചോദ്യം ചെയ്തത് ഹർജിക്കാരനായ ആർ.എസ്. ശശികുമാർ ലോകായുക്ത രജിസ്ട്രാറെ എതിർ കക്ഷിയാക്കി ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി.
പരാതി പരിശോധിക്കുമ്പോൾ ലോകായുക്തയും ഉപലോകയുക്തയും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായാൽ മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നത് നടപടിക്രമത്തിന്റെ ഭാഗമാണ്. ഏത് വിഷയത്തിലാണ് അഭിപ്രായഭിന്നതയെന്ന് ഉത്തരവിൽ വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ നേരത്തെ മൂന്ന് അംഗ ബെഞ്ച് പരാതിയുടെ സാധുത മാത്രമാണ് പരിശോധിച്ചു തീർപ്പാക്കിയത്.
മൂന്ന് അംഗ ബെഞ്ച് പരിശോധിച്ചു് തീർപ്പുകല്പിച്ച കേസിന്റെ സാധുത (maintainability) സംബന്ധിച്ച് പുനഃ പരിശോധന പാടില്ലെന്ന ഹർജിക്കാരന്റെ വാദം ഹൈക്കോടതി ശരി വച്ചിട്ടുണ്ട്. ഓഗസ്റ്റ് ഏഴിനാണ് ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് കേസ് പരിഗണിക്കുന്നത്. ഹർജ്ജി ഹൈക്കോടതിയുടെ പരിഗണനയിലാ യതുകൊണ്ട് ലോകായുക്തയിൽ കേസിന്റെ വാദം ഹർജ്ജിക്കാരന്റെ അപേക്ഷ പ്രകാരം നീട്ടി വയ്ക്കുകയായിരുന്നു.ദുർവിനിയോഗം സംബന്ധിച്ച പരാതിയിൽ മൂന്ന് അംഗ ബെഞ്ചിന് മുൻപാകെ ഹർജ്ജിക്കാരൻ ഹാജരാവും.
മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ ഇടപെടുന്നതിനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകയുക്തയ്ക്കും വ്യത്യസ്ത അഭിപ്രായമാണെന്ന കാരണം കണ്ടെത്തി കേസ് ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിനു വിട്ട നടപടി ചോദ്യം ചെയ്തായിരുന്നു ഹർജി.
ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തി, ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വാദം കേട്ട ശേഷം പരാതിയിൽ വിശദമായി അന്വേഷണത്തിന് ഉത്തരവിട്ടതായതിനാൽ വിഷയം വീണ്ടും അന്വേഷണത്തിന് മൂന്നംഗ ബെഞ്ചിന് വിടുന്നത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്നും, ലോകായുക്തയുടെ നിലപാട് നിയമ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. അതിനാൽ വാദം കേട്ട ലോകായുക്ത ഡിവിഷൻബെഞ്ച് തന്നെ ഹർജിയിൽ ഉത്തരവ് പറയാൻ നിർദ്ദേശം നൽകണമെന്നു ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുകയും ചെയ്തു. ഈ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയത്.
മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിനെതിരായ പരാതി ലോകായുക്തയുടെ അന്വേഷണപരിധിയിൽ വരുമോ, പരാതി നിലനിൽക്കുന്നതാണോ എന്നീ കാര്യങ്ങളിൽ ഭിന്നാഭിപ്രായമുള്ളതിനാൽ ലോകായുക്തയുടെ പൂർണബെഞ്ചിന് വിട്ടുകൊണ്ടുള്ളതായിരുന്നു വിധി. എന്നാൽ, കേസിൽ കഴമ്പുള്ളതിനാൽ അതിന്റെ മെറിറ്റിലേക്ക് കടന്നുള്ള പരിശോധന വേണമെന്ന് 2019ൽ അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള പൂർണബെഞ്ച് വിധിച്ചിരിക്കെ, ഇനി കേസിൽ മെറിറ്റുണ്ടോയെന്ന പരിശോധന വീണ്ടും നടത്താനാവില്ലെന്ന് വാദം ഉയർന്നിരുന്നു.
രണ്ടു കാര്യങ്ങളിൽ ഭിന്നാഭിപ്രായമുള്ളതിനാൽ പൂർണബെഞ്ചിന് വിടുന്നുവെന്നായിരുന്നു ലോകായുക്ത ഉത്തരവ്. ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും ഭിന്നാഭിപ്രായമുണ്ടായിരുന്നെങ്കിൽ രണ്ടു പേരും അതിന്റെ കാരണങ്ങളും നിയമപരമായ യുക്തിയും വിശദീകരിച്ചുകൊണ്ട് ഭിന്ന വിധികൾ എഴുതണം. അങ്ങനെ എഴുതാതിരിക്കുന്നത് കേസിലെ കക്ഷികൾക്ക് വിശദാംശങ്ങൾ അറിയാനുള്ള അവകാശം നിഷേധിക്കലാവുമെന്നും വാദം ഉയർന്നിരുന്നു.
അതേസമയം, ഇപ്പോൾ നിലവിലില്ലാത്ത മന്ത്രിസഭയുടെ തീരുമാനത്തിനെതിരായ കേസായതിനാൽ ലോകായുക്തയുടെ പതിനാലാം വകുപ്പിന്റെ പരിധിയിൽ നിൽക്കുമോയെന്ന ചോദ്യവും ഉയർന്നു. ആ മന്ത്രിസഭയുടെ തലവനായിരുന്ന മുഖ്യമന്ത്രി ഇപ്പോഴും അധികാരത്തിൽ തുടരുന്നുണ്ടെങ്കിലും മന്ത്രിസഭ നിലവിലില്ല. അപ്പോൾ തീരുമാനത്തിന്റെ ഉത്തരവാദിത്വമാർക്ക് എന്നത് നിയമപരമായ ചോദ്യമായി അവശേഷിക്കുന്നുവെന്നാണ് മറുപക്ഷത്തെ വാദം. അക്കാര്യം ഒരു വിശാലബെഞ്ച് പരിശോധിച്ച് തീരുമാനമെടുക്കട്ടെയെന്ന് വിധിക്കുന്നതിൽ തെറ്റില്ലെന്നും വാദം ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ