തിരുവനന്തപുരം: പൊലീസ് റിക്വസ്റ്റ് (അപേക്ഷ) പ്രകാരം ആശുപത്രിയിൽ മരണ മൊഴിയെടുക്കാൻ ചെന്ന മജിസ്‌ട്രേട്ടിനോട് മോശമായി പെരുമാറിയ രണ്ട് ജൂനിയർ ഡോക്ടർമാരെ കോടതിയിൽ വിളിച്ചു വരുത്തി ചട്ടം പഠിപ്പിക്കുകയും ശാസിക്കുകയും ചെയ്തു. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ആരോപണ വിധേയരായ രണ്ട് ഡോക്ടർമാരെ വിളിച്ചു വരുത്തി ശാസിച്ചത്.

വ്യാഴാഴ്ച കോടതി കൂടിയ 11 മണിക്ക് തുറന്ന കോടതിയിൽ വിളിച്ചു വരുത്തി ചട്ടം പഠിപ്പിച്ച് പറയുന്നത് വരെ (12.30 വരെ) സാക്ഷിക്കൂട്ടിന് സമീപം മാറ്റി നിർത്തുകയും ചെയ്തു.തലേന്ന് ഓഗസ്റ്റ് 9 ബുധനാഴ്ച അത്യാസന്ന നിലയിലുള്ള യുവാവിൽ നിന്ന് മരണ മൊഴി എടുക്കണമെന്ന പൊലീസ് അപേക്ഷ പ്രകാരമാണ് മജിസ്‌ട്രേട്ട് സർക്കാർ ആശുപത്രിയിലെത്തിയത്. എന്നാൽ രണ്ടുജൂനിയർ ഡോക്ടർമാർ മജിട്രേട്ടിനോട് മോശമായി പെരുമാറുകയും മൊഴിയെടുക്കൽ തടസപ്പെടുത്തുകയും ചെയ്തു.

തുടർന്ന് രണ്ടു ഡോക്ടർമാരോടും ചട്ടം പഠിച്ച ശേഷം പിറ്റേന്ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകി. 11 മണിക്ക് കോടതി നടപടികൾ തുടങ്ങിയ ഉടൻ രണ്ട് ഡോക്ടർമാരുടെ പേര് വിളിച്ച് ഹാജരുണ്ടോയെന്ന് കോടതി ചോദിച്ചു. ഹാജരായ ഡോക്ടർമാരോട് റൂൾ നോക്കിയോന്ന് ചോദിച്ച് മാറ്റി നിർത്തി. തുടർന്ന് 12.30 ഓടെ ഇനി ആവർത്തിക്കില്ലെന്ന് ഡോക്ടർമാർ മാപ്പപേക്ഷിച്ചു. മാപ്പനുവദിച്ച കോടതി തുടർനടപടികൾ അവസാനിപ്പിക്കുകയായിരുന്നു.