കണ്ണൂർ: തന്റെ മുൻപിൽ വെച്ചു ഭാര്യയെ കമന്റടിച്ചതിന്റെ പ്രകോപനത്തിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ കോടതി ശിക്ഷിച്ചു. കണ്ണൂർ നീർച്ചാലിലിലെ കൊടിയിൽ വീട്ടിൽ സലീമിനെ(37) കുത്തിക്കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ അഴീക്കൽ ഫെറിയിലെ കുരുടന്റെകത്ത് വീട്ടിൽ കെ. നൗഷാദിനെയാ(43)ണ് അഡീഷനൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജ് റൂബി കെ. ജോസ് ജീവപര്യന്തം കഠിനതടവിനും അഞ്ചുലക്ഷം രൂപ പിഴയടക്കാൻ ശിക്ഷിച്ചു.

പിഴത്തുക സലീമിന്റെ ആശ്രിതർക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. 2013-ജനുവരി 19-ന് രാത്രി പതിനൊന്നേമുക്കാലിനാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കൾക്കൊപ്പം നടന്നുവരികയായിരുന്ന സലീമിനെ കണ്ണൂർ റെയിൽവെ സ്റ്റേഷൻ ഒന്നാം പ്ളാറ്റ് ഫോമിൽ വച്ചു മൂർച്ചയുള്ള കത്തിക്കൊണ്ടു നൗഷാദിന്റെ കഴുത്തിൽ കുത്തുകയായിരുന്നു.

സംഭവത്തിന് രണ്ടു ദിവസം മുൻപ് ഭാര്യയ്ക്കൊപ്പം ട്രെയിൻ കയറാനെത്തിയ നൗഷാദിനെ സലീം അപമാനിച്ചു സംസാരിച്ചതിലുള്ള വിരോധം കാരണം അക്രമിച്ചുവെന്നാണ് കേസ്. സലീമിന്റെ ബന്ധുവും ഓട്ടോറിക്ഷ ഡ്രൈവറുമായ കണ്ണൂർ സിറ്റിയിലെ കെ. ഇസ്ഹാക്കിന്റെ പരാതിയിലാണ് കേസെടുത്തത്. കണ്ണൂർ റെയിൽവെ പൊലിസ് ഇൻസ്പെക്ടർ എ.കെ ബാബുവാണ് കേസ് അന്വേഷിച്ചത്. 32- സാക്ഷികളെ കേസിന്റെ ഭാഗമായി വിസ്തരിച്ചിട്ടുണ്ട്. പ്രൊസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ളിക് പ്രൊസിക്യൂട്ടർ കെ. രൂപേഷ് ഹാജരായി.