- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുത്; പുതിയ കേസിൽ അറസ്റ്റ് തടഞ്ഞ് എറണാകുളം ജില്ലാ കോടതി; പൊലീസിന് കേസിൽ രൂക്ഷ വിമർശനം; ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിന്? പ്രോസിക്യൂഷൻ പൊലീസുകാരന്റെ ഏറാന്മൂളിയാവരുത് എന്നും കോടതി
കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് എറണാകുളം ജില്ലാ കോടതി. ഷാജന് എതിരായ പുതിയ കേസിൽ പൊലീസിന് എതിരെ കോടതി വിമർശനം ഉന്നയിച്ചു.
ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിന് എന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷന് പോലും വ്യക്തത ഇല്ലാത്തത് അതിശയപ്പെടുത്തുന്നു. പ്രോസക്യൂഷൻ പൊലീസുകാരന്റെ ഏറാന്മൂളിയാവരുത്. ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ എവിടെ എന്നും കോടതി ചോദിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ കോടതി അറസ്റ്റ് തടഞ്ഞു.
പൊലീസിന്റെ വയർലെസ് സംവിധാനം ചോർത്തി എന്ന പരാതിയിലാണ് ആലുവ പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഷാജനെ അറസ്റ്റ് ചെയ്യാൻ വേണ്ടി ആലുവ പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. ഷാജനെ ഇപ്പോൾ അറസ്റ്റ് ചെയ്യേണ്ട. കേസ് ഇനി പരിഗണിക്കുമ്പോൾ മാത്രം മുന്നോട്ട് നടപടികൾ നോക്കാം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
വയർലെസ് സന്ദേശം ചോർന്നു എന്ന പേരിൽ ഷാജൻ സ്കറിയക്കെതിരെ സൈബർ പൊലീസ് തിരുവനന്തപുരത്ത് നിന്നും കേസെടുത്തിരുന്നു. കേസിൽ കോടതി അറസ്റ്റ് തടഞ്ഞതാണ്. അതേ കേസിൽ എന്തിനാണ് ആലുവ പൊലീസ് എഫ്ഐആർ ഇടുകയും കേസെടുക്കുകയും ചെയ്തത് എന്ന് പ്രോസിക്യൂഷനോട് ചോദിച്ചപ്പോൾ പ്രോസിക്യൂഷന് ഉത്തരമില്ലായിരുന്നു. ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ എവിടെ എന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ പൊലീസുകാരന്റെ ഏറാന്മൂളിയാവരുത് എന്ന് കോടതി വിമർശിച്ചു.
മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് എതിരായ പുതിയ കേസിൽ വിശദാംശങ്ങൾ അറിയിക്കാൻ പൊലീസിന് രാവിലെ കോടതി നിർദ്ദേശം നൽകിയിരുന്നു. ആലുവ പൊലീസ് എടുത്ത കേസിന്റെ വിശദാംശങ്ങളാണ് അറിയിക്കേണ്ടിയിരുന്നത്. വീണ്ടും അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം എന്ന് ഷാജൻ സ്കറിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. എഫ് ഐ ആർ പോലും രഹസ്യമാക്കിയെന്നും വിശദീകരിച്ചു. ഇതോടെയാണ് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. ഇതേ തുടർന്നാണ് കേസ് വൈകിട്ട് 3 മണിക്ക് എറണാകുളം ജില്ലാ കോടതി വീണ്ടും പരിഗണിച്ചത്. അതിനിടെ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ഹാജരായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു.
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ വീണ്ടും അറസ്റ്റു ചെയ്യാൻ കേരളാ പൊലീസ് നാടകീയ നീക്കം നടത്തുകയാണ്. കോടതി ഉത്തരവ് പ്രകാരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരായി. എന്നാൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിസരത്താകെ ആലുവാ പൊലീസാണുള്ളത്. വയർലസ് സന്ദേശം ചോർത്തിയെന്ന കള്ളക്കേസ് തിരുവനന്തപുരത്ത് ഷാജൻ സ്കറിയയ്ക്കെതിരെ ചുമത്തിയിരുന്നു. സമാന ആരോപണത്തിൽ മറ്റൊരു പരാതി ആലുവയിൽ രജിസ്റ്റർ ചെയ്തുവെന്നാണ് സൂചന. ഈ കേസിലെ എഫ് ഐ ആർ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഷാജൻ സ്കറിയയോട് വിശദീകരണം ചോദിക്കാതെ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്. ഇത് അട്ടിമറിച്ചാണ് പുതിയ നീക്കങ്ങൾ. ഈ സാഹചര്യത്തിലാണ് എറണാകുളം കോടതിയെ മറുനാടൻ സമീപിച്ചത്. കോടതി ഇടപെടൽ ഉറപ്പായതോടെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ നിന്നും ഷാജൻ സ്കറിയയെ വിട്ടയച്ചു.
പൊലീസ് എഫ് ഐ ആറുകൾ എല്ലാം വെബ് സൈറ്റിൽ പരസ്യപ്പെടുത്തേണ്ടതുണ്ട്. ഇരയുടെ പരിധിയിൽ പരാതിക്കാർ വരുന്ന കേസുകൾ ഒഴികെ എല്ലാ എഫ് ഐ ആറും പരസ്യപ്പെടുത്തണം. എന്നാൽ ഷാജൻ സ്കറിയയ്ക്കെതിരായ ആലുവ പൊലീസ് എടുത്ത കേസിലെ എഫ് ഐ ആർ വെബ് സൈറ്റിൽ അപ്ലോഡ് ചെയ്തില്ല. തിരുവോണ ദിനത്തിൽ രണ്ട് എഫ് ഐ ആർ ആലുവ പൊലീസ് രജിസ്റ്റർ ചെയ്തുവെന്ന് വെബ് സൈറ്റ് പരിശോധനയിൽ വ്യക്തമാണ്. എന്നാൽ ഒരെണ്ണം സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുമില്ല. ഇതെല്ലാം പൊലീസിലെ ചില കേന്ദ്രങ്ങളുടെ നിർദ്ദേശ പ്രകാരമാണ്. ഇതെല്ലാം കോടതികളിൽ ബോധിപ്പിക്കാനായിരുന്നു മറുനാടന്റെ തീരുമാനം. ഇത് മനസ്സിലാക്കിയാണ് മെഡിക്കൽ കോളേജ് പൊലീസ് ഷാജൻ സ്കറിയയെ വിട്ടയച്ചത്. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകാതിരിക്കാൻ കൂടിയാണ് പൊലീസിന്റെ ഈ നീക്കം.
മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ചെയ്ത വീഡിയോയിൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിൽ തിരുവനന്തപുരം കോടതി ജാമ്യം അനുവദിച്ചു. ഇതനുസരിച്ചാണ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ഷാജൻ സ്കറിയ ഹാജരായത്. ഇതിനിടെയാണ് മെഡിക്കൽ കോളേജ് പരിസരത്താകെ കൊച്ചി പൊലീസിന്റെ സാന്നിധ്യം മനസ്സിലാകുന്നത്. ചോദ്യം ചെയ്യൽ കഴിഞ്ഞിറങ്ങുന്ന ഷാജനെ ആലുവാ പൊലീസ് അറസ്റ്റു ചെയ്യുമെന്നായിരുന്നു അഭ്യൂഹം. കോടതിയുടെ ഉത്തരവുമായി എത്തിയ ഷാജനെ നിലമ്പൂരിൽ അറസ്റ്റു ചെയ്തത് നീതി പീഠത്തിന്റെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ച് അവസാന നിമിഷം അറസ്റ്റിൽ നിന്നും ആലുവാ പൊലീസ് ഇന്ന് പിന്മാറുകയായിരുന്നു.
മോദി വീഡിയോ കേസിൽ ഷാജൻ സ്കറിയയ്ക്ക് ആറാം അഡിഷണൽ ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിനിടെ അദ്ദേഹത്തെ വധിക്കാൻ കേരളത്തിൽ ശ്രമം നടക്കുന്നുവെന്നും സുരക്ഷാനീക്കം ചോർന്നത് ഇതിന്റെ ഭാഗമെന്നുമായിരുന്നു മെയ് ആറിനുള്ള വാർത്ത. ഇത് സംസ്ഥാനത്ത് ആഭ്യന്തര ലഹള ഉണ്ടാക്കാനെന്നാണ് പൊലീസ് കേസ്. ഈ കേസിൽ ചോദ്യം ചെയ്യാൻ ഹാജരായപ്പോഴാണ് ആലുവ പൊലീസിന്റെ നീക്കങ്ങൾ വ്യക്തമാകുന്നത്. ഇതോടെയാണ് കോടതിയെ സമീപിച്ചത്. കോടതിയും ഗൗരവത്തോടെ വിഷയം എടുത്തു.
മോദിയുമായി ബന്ധപ്പെട്ട വീഡിയോ കേസിൽ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്താനാവൂ എന്ന് അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ വാദിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി ആവശ്യമെങ്കിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനും നിർദ്ദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് സിഐക്കു മുന്നിൽ സെപ്റ്റംബർ ഒന്നിനും രണ്ടിനും ഹാജരാകണം എന്നായിരുന്നു നിർദ്ദേശം. തെളിവ് ശേഖരണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യാമെങ്കിലും 50,000 രൂപയുടെ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്നും സെഷൻസ് ജഡ്ജി കെ. വിഷ്ണു ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുമായി മെഡിക്കൽ പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ എത്തിയതാണ് ഷാജൻ സ്കറിയ.
നേരത്തെ ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി രംഗത്തു വന്നിരുന്നു. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പൊലീസിനെതിരെ വിമർശനം ഉന്നയിച്ചത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലുള്ള ഘട്ടത്തിലാണ് അറസ്റ്റ് നടന്നതെന്നും പൊലീസ് സമയം ചോദിച്ചതിനാലാണ് ഹർജി പരിഗണിക്കുന്നതിൽ കാലതാമസമുണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമനടപടികളെ ദുരുപയോഗം ചെയ്താണ് പൊലീസ് തിരക്കിട്ട് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും കോടതി വിമർശിച്ചിരുന്നു.
മതവിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്ന കേസിൽ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് വിധേയമായ ഘട്ടത്തിലാണ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യുന്നത്. തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത വ്യാജരേഖ ചമച്ച കേസിലായിരുന്നു അറസ്റ്റ്. സംഭവത്തിൽ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതോടെയാണ് ഓണക്കാലത്ത് ഷാജനെ ജയിലിൽ ഇടാനുള്ള നീക്കം പൊളിഞ്ഞത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.