- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസ്എസ്സി ഹൈടെക്ക് പരീക്ഷാ തട്ടിപ്പിൽ കോപ്പിയടിക്ക് ഓരോ ഉദ്യോഗാർത്ഥിയിൽ നിന്നും പ്രതിഫലം 7 ലക്ഷം രൂപ; മുഖ്യ സൂത്രധാരൻ ഹരിയാന ജിണ്ട് ജില്ലയിലെ ഗ്രാമത്തലവന്റെ സഹോദരൻ ദീപക് ഷോഗന്റ്; ഇയാളടക്കം 3 പേരെ 4 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: വി എസ് എസ് സി ( വിക്രം സാരാഭായ് സ്‌പേസ് സെന്റർ) ഇലക്ട്രീഷ്യൻ ഗ്രേഡ് - ബി റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി വ്യാജരേഖകൾ ഉപയോഗിച്ച് ഹൈടെക്ക് കോപ്പിയടിച്ച കേസിൽ മുഖ്യ സൂത്രധാരൻ ദീപക് ഷോഗന്റടക്കം 3 പേരെ 4 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.
പരീക്ഷാ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ദീപക് ഷോഗന്റ്, ഫൂൽ സിങ് മകൻ സോനു സിങ് (30), ലാഖ്വീന്ദർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വച്ച് 4 ദിവസം ചോദ്യം ചെയ്യാനായി അഡീ.സി.ജെ.എം എൽസാ കാതറിൻ ജോർജ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ നൽകിയത്. പരീക്ഷാ തട്ടിപ്പ് ഉപകരണങ്ങളുടെയും വ്യാജ ഐഡി കാർഡുകളുടെയും ഉറവിടം, കൃത്യത്തിലുൾപ്പെട്ട കോച്ചിങ് സെന്ററുകൾ , കൃത്യത്തിലുൾപ്പെട്ട കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യൽ, തെളിവു ശേഖരണം എന്നിവക്കായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പൊലീസ് കസ്റ്റഡിഅപേക്ഷയിലാണ് കോടതി ഉത്തരവ്.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ പ്രതികളെ കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചു വരുത്തിയാണ് പൊലീസ് കസ്റ്റഡി നൽകിയത്. അതേ സമയം നേരത്തേ അറസ്റ്റിലായ ഹരിയാനക്കാരായ സുനിൽ, സുമിത് കുമാർ, മനോജ് കുമാർ, ജഗദീപ് സിങ്, റിഷിപാൽ എന്നിവരുടെ റിമാന്റ് കോടതി 14 ദിവസത്തേക്ക് നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു. 2023 ഓഗസ്റ്റ് 20 ന് നടന്ന പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. തലസ്ഥാന ജില്ലയിൽ സംഭവം നടന്നത് വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിലും പട്ടം സെന്റ്. മേരീസ് സ്‌കൂളിലുമായിട്ടാടായിരുന്നു.
ബ്ലൂടുത്ത് ഹെഡ്‌സെറ്റും മൊബൈൽ ക്യാമറയും ക്ലൗഡ് സ്റ്റോറേജും ബെൽറ്റും ഉപയോഗിച്ച് ഹൈടെക്ക് കോപ്പിയടിച്ചതിനു ഓരോ ഉദ്യോഗാർത്ഥിയിൽ നിന്നും പ്രതികൾക്ക് പ്രതിഫലമായി കിട്ടിയത് 7 ലക്ഷം രൂപയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത്തരത്തിൽ പ്രതിഫലം ഉദ്യോഗാർത്ഥികൾ മുൻകൂറായി നൽകണമായിരുന്നെന്നും അറസ്റ്റിലായ പ്രതികൾ പൊലീസിന് നൽകിയ കുറ്റസമ്മത മൊഴിയിൽ സമ്മതിച്ചു. കേരള പൊലീസ് ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളുകളഴിയുന്നത്. പരീക്ഷാ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ദീപക് ഷോഗന്റ്, റിഷിപാൽ, ലാഖ്വീന്ദർ എന്നിവരാണ് ഓഗസ്റ്റ് 28 ന് ഹരിയാനയിൽ നിന്നും അറസ്റ്റിലായത്. ഋഷിപാലിനു വേണ്ടി തിരുവനന്തപുരത്ത് എത്തി പരീക്ഷ എഴുതിയത് അമിത്ത് എന്നയാളായിരുന്നു. ഇയാളെ പരീക്ഷ നടന്ന ഓഗസ്റ്റ് 20 ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.
കൂടാതെ തട്ടിപ്പിനു പിന്നിൽ വൻ സംഘങ്ങളാണ് ഉള്ളതെന്നും പൊലീസിനു വ്യക്തമായി. കേസിൽ മൊത്തം 9 പേരാണ് അറസ്റ്റിലായത്. തട്ടിപ്പിന് സംഘം ഉപയോഗിച്ച സിം കാർഡ് യഥാർത്ഥ ഉദ്യോഗാർത്ഥിയുടേതായിരുന്നു. വിമാനത്തിൽ വന്ന് വിമാനത്തിൽ തിരിച്ചു പോകാനായിരുന്നു പ്രതികളുടെ പദ്ധതി. ഇവർ ആദ്യമായിട്ടല്ല ഇത്തരത്തിൽ കോപ്പിയടി നടത്തുന്നതെന്നും തെളിഞ്ഞു. സമാനമായ രീതിയിൽ മുൻപ് 3 തവണ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. അതേ സമയം ഈ സംഭവങ്ങളിലെല്ലാം ഇവർ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ ഇതിലൊരു കേസിന് സമീപ കാലത്താണ് ഇവർക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ ശേഷമാണ് വി എസ്എസ്സി പരീക്ഷയിലും ആൾമാറാട്ട കോപ്പിയടി നടത്തിയത്.
തിരുവനന്തപുരം സിറ്റി മ്യൂസിയം എസ്‌ഐ ജിജുവിന് ലഭിച്ച രഹസ്യ വിവരമാണ് വൻ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. കോട്ടൺഹിൽ സ്‌കൂളിൽ പരീക്ഷയെഴുതുന്നതിനിടെയാണ് സുനിൽകുമാർ പരീക്ഷാഹാളിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാരുടെ പിടിയിലായത്. ദേഹത്ത് മൊബൈൽ ക്യാമറയൊളിപ്പിച്ചാണ് ഇയാൾ പരീക്ഷ ഹാളിൽ കയറിയത്. ചോദ്യപേപ്പർ ലഭിച്ചയുടനെ സ്‌ക്രീൻ വ്യൂവർ റെക്കോഡർ വഴി ചോദ്യ പേപ്പറിന്റെ ഫോട്ടോ എടുത്ത് പുറത്തേക്ക് ഹരിയാന കോച്ചിങ് സെന്ററിലേക്ക് അയച്ചു. അതിനു ശേഷം ചോദ്യങ്ങളുടെ ഉത്തരങ്ങൾ ബ്ലുടൂത്ത് സ്പീക്കർ വഴി കേട്ടെഴുതുകയായിരുന്നു. കോപ്പിയടിയുമായി ബന്ധപ്പെട്ട് ആർക്കും സംശയം തോന്നിയിരുന്നില്ല. 79 ചോദ്യങ്ങൾക്ക് ഇയാൾ ഉത്തരമെഴുതുകയും ചെയ്തിരുന്നു. 25 ലധികം ഉത്തരങ്ങൾ സുമിതും ശരിയായി എഴുതിയിരുന്നു. മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഉപകരണങ്ങൾ തുടങ്ങിയവ ഇയാളിൽ നിന്ന് കണ്ടെടുത്തു. മൊബൈൽ ഫോണും ബ്ലൂടൂത്ത് ഉപകരണങ്ങളും ദേഹത്ത് ബെൽറ്റുപയോഗിച്ച് കെട്ടിവെച്ച നിലയിലായിരുന്നു. കംപ്യൂട്ടർ, കാൽക്കുലേറ്റർ, മൊബൈൽ ഫോൺ, ഹെഡ്‌ഫോൺ, സ്മാർട്ട്വാച്ച് തുടങ്ങി പെൻസിൽ ബോക്‌സിന് വരെ നിരോധനമുണ്ടായിരുന്ന പരീക്ഷയിലാണ് കോപ്പിയടി നടന്നത്.സുനിൽ കോട്ടൺഹില്ലിൽ വച്ചും സുമിത് കുമാർ പട്ടം സെന്റ് മേരീസ് സ്‌കൂളിൽ നിന്നുമാണ് പിടിയിലായത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്