ന്യൂഡൽഹി: മന്ത്രി ആന്റണി രാജു പ്രതിയായ, തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ തൊണ്ടിയായിരുന്ന അടിവസ്ത്രം വിട്ടുകൊടുക്കാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഉണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു. സംസ്ഥാന സർക്കാരിന് ഉൾപ്പടെ സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം അനുവദിച്ച് കേസ് നവംബർ ഏഴിലേക്ക് സുപ്രീംകോടതി മാറ്റി.

കേസിൽ കൂടുതൽ അന്വേഷണം നടത്താമെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്തു ആന്റണി രാജുവും പൊലീസ് കേസ് റദ്ദാക്കിയതിനെതിരേ സ്വകാര്യ വ്യക്തിയും സമർപ്പിച്ച അപ്പീലുകളാണു പരിഗണിച്ചത്. ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരന്റെ വ്യക്തിഗത സാധനങ്ങൾ വിട്ടുനൽകാനുള്ള മജിസ്‌ട്രേറ്റ് കോടതി ഉത്തരവിൽ തൊണ്ടിമുതലായ അടിവസ്ത്രവും ഉൾപ്പെട്ടിരുന്നോ എന്ന് കോടതി ആരാഞ്ഞു. വിട്ടുനൽകിയ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപെട്ടുവെന്നാണ് ആന്റണി രാജുവിന് എതിരായ കേസിൽ വിശദീകരിച്ചിരിക്കുന്നത്. മന്ത്രി ആന്റണി രാജുവിന് പുറമെ കോടതി ജീവനക്കാരനായ ജോസും കേസിൽ പ്രതിയാണ്.

ആന്റണി രാജു നൽകിയ ഹർജിയിൽ നേരത്തെ സംസ്ഥാന സർക്കാരിനും കേസിലെ എതിർകക്ഷികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. എന്നാൽ സർക്കാർ ഉൾപ്പടെയുള്ള എതിർകക്ഷികൾ സത്യവാങ്മൂലം ഫയൽചെയ്യാൻ ഇന്ന് കോടതിയിൽ കൂടുതൽ സമയം തേടുകയാണ് ഉണ്ടായത്. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി നവംബർ ഏഴിലേക്ക് മാറ്റിയത്.

കേസിലെ പരാതിക്കാരനായ അജയൻ നൽകിയ ഹർജിയിൽ തന്റെ കക്ഷിയെ തൊണ്ടി ക്ലർക്ക് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്ന് ആന്റണി രാജുവിനുവേണ്ടി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ് ആരോപിച്ചു. ആന്റണി രാജു അഭിഭാഷകനാണെന്നും തോണ്ടി ക്ലർക്ക് എന്ന വിശേഷണം നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആന്റണി രാജുവിന് വേണ്ടി അഭിഭാഷകൻ ദീപക് പ്രകാശും സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും ഹാജരായി. കേസിലെ ആദ്യ പരാതിക്കാരനായ വിരമിച്ച കോടതി ജീവനക്കാരൻ ടി.ജി. ഗോപാലകൃഷ്ണൻ നായർക്ക് വേണ്ടി അഭിഭാഷകൻ അമിത് കൃഷ്ണനും പരാതിക്കാരനായ അജയന് വേണ്ടി അഭിഭാഷകൻ ഡി.കെ. ദേവേഷും ഹാജരായി.

ആന്റണി രാജുവിന്റെ ഹർജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിൽ തുടർനടപടികൾ സ്വീകരിക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ. റദ്ദാക്കിയെങ്കിലും കോടതിക്ക് നടപടിക്രമങ്ങൾ പാലിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി രജിസ്ട്രാർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് തിരുവനന്തപുരം സി.ജെ.എം. കോടതി പുനരന്വേഷണം ആരംഭിച്ചത്.

കേസ് ഇങ്ങനെ

ആന്റണി രാജുവിന്റെ ഹർജിയിൽ സംസ്ഥാന സർക്കാർ എതിർകക്ഷിയാണ്. എന്നാൽ, മന്ത്രിയാണെങ്കിലും ആന്റണി രാജുവിനുവേണ്ടി പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്. കേസ് രജിസ്റ്റർ ചെയ്തതിലെ അപാകതയും നിയമപ്രകാരമുള്ള നടപടി പൂർത്തിയാക്കാത്ത കേസിൽ കുറ്റപത്രം സ്വീകരിച്ച വിചാരണക്കോടതി നടപടിയുമാണു മന്ത്രി ആന്റണി രാജു ചോദ്യം ചെയ്യുന്നത്. പ്രതികളായ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണു കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ടു ഹർജി നൽകിയത്.

1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ വിദേശിയെ പിടികൂടിയിരുന്നു. ഈ ലഹരിക്കേസ് പ്രതിയെ രക്ഷിക്കാൻ വേണ്ടി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചെന്നാണു കേസ്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു.

മയക്കുമരുന്ന് കേസ് പ്രതിയെ തിരുവനന്തപുരം സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ കോടതി പ്രതിയെ വെറുതെ വിട്ടു. പ്രതി ഉപയോഗിച്ചെന്നു പറയപ്പെടുന്ന അടിവസ്ത്രം അയാൾക്കു പാകമല്ലെന്നും വ്യാജമാണെന്നുമുള്ള വാദം കണക്കിലെടുത്താണു കോടതി വെറുതെ വിട്ടത്. എന്നാൽ പിന്നീടു നടത്തിയ അന്വേഷണത്തിൽ കോടതി ജീവനക്കാരനെ സ്വാധീനിച്ച് ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നു കണ്ടെത്തിയെന്നാരോപിച്ചു പൊലീസ് കേസെടുക്കുകയായിരുന്നു. പൊലീസ് 2008 ൽ ഇതുസംബന്ധിച്ചു കോടതിയിൽ റിപ്പോർട്ടു നൽകിയെങ്കിലും വിചാരണ അനന്തമായി നീളുകയായിരുന്നു.