ന്യൂഡൽഹി: ഇഡിക്ക് വിശാല അധികാരം നൽകുന്ന വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. 2022ലെ വിധി പുനഃപരിശോധിക്കാനാണ് മൂന്നംഗ ബെഞ്ച് രൂപീകരിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കൃഷ്ണ കൗൾ, സഞ്ജീവ് ഖന്ന, ബേലാ ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ഒക്ടോബർ 18 മുതൽ വാദം കേൾക്കും.

ഇഡിക്ക് വിശാലമായ അധികാരം നൽകിക്കൊണ്ട് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പുറപ്പടുവിച്ച ഉത്തരവിലെ രണ്ട് വിഷയങ്ങളിൽ പുനപ്പരിശോധന ആവശ്യമാണെന്നായിരുന്നു 2022ൽ ചീഫ് ജസ്റ്റിസ് എൻവി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്, ഇഡിയുടെ രഹസ്യ എഫ്ഐആർ, ഇഡി കേസിൽ പ്രതിയാകുന്ന ഒരാൾ നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് പ്രതിയുടെ ഉത്തരവാദിത്തമാണ്, ജാമ്യം ലഭിക്കാനുള്ള കർശന ഇരട്ട വ്യവസ്ഥകൾ എന്നിവ സുപ്രീംകോടതി പുനപ്പരിശോധിക്കുന്നത്.

വിജയ മണ്ഡൽ-യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിലാണ് ഇ.ഡിയുടെ വിശാല അധികാരങ്ങൾ സുപ്രീംകോടതി ശരിവെച്ചത്. എന്താണ് കള്ളപ്പണം വെളുപ്പിക്കൽ, എന്താണ് കള്ളപ്പണം വെളുപ്പിക്കൽ കൊണ്ട് അർഥമാക്കുന്നത്, റെയ്ഡ് നടത്തുമ്പോൾ, സ്വത്തുക്കൾ കണ്ടുകെട്ടുമ്പോൾ, കണ്ടുകെട്ടിയ സ്വത്ത് തിരികെ കൊടുമ്പോൾ തുടങ്ങിയ കാര്യങ്ങൾ 2022ൽ സുപ്രീംകോടതി ശരിവെച്ചിരുന്നു.

ഇതിനെതിരെ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം അടക്കമുള്ളവർ ഹർജി നൽകിയ സാഹചര്യത്തിലാണ് സുപ്രീംകോടതി പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. പ്രത്യേക അധികാരങ്ങളുള്ള ഇ.ഡിയുടെ കേന്ദ്ര സർക്കാർ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഇ.ഡി നിരന്തരം വിളിച്ചു വരുത്തുന്നത് ചോദ്യം ചെയ്ത് ബി.ആർ.എസ് നേതാവ് കവിത റാവു നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാൽ, കവിതയെ നിരന്തരം വിളിച്ചു വരുത്തുന്നില്ലെന്നാണ് കോടതിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്.