തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഫോൺ വിളിക്കാൻ തടവുകാരെ സഹായിച്ച കേസിൽ രണ്ടാം പ്രതി പ്രിസൺ ഓഫീസറെ ഒന്നര ദിവസം പൊലീസ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. രണ്ടാം പ്രതി പ്രിസൺ ഓഫീസർ സന്തോഷ് കുമാറിനെ (52) യാണ് ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കേണ്ടത്. ബുധൻ 11.10 മണി മുതൽ വ്യാഴം ഉച്ചക്ക് 1 മണി വരെ ചോദ്യം ചെയ്യാൻ പൂജപ്പുര പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് അഡീ.സി ജെ എം എൽസാ കാതറിൻ ജോർജ് ഉത്തരവിട്ടു.

ഒക്ടോബർ 3 ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 17 വരെ കോടതി റിമാന്റു ചെയ്തിരുന്നു. ജയിലിൽ നിന്നും പ്രൊഡക്ഷൻ വാറണ്ടിൽ ബുധൻ രാവിലെ കോടതിയിൽ വിളിച്ചു വരുത്തിയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കൊലക്കേസ് പ്രതിയായ തടവുപുള്ളി റിയാസ്, പ്രിസൺ ഓഫീസർ സന്തോഷ് കുമാർ (52) എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഒന്നാം പ്രതി ജയിൽ പുള്ളി റിയാസിനെ സെപ്റ്റംബർ 25 ന് 2 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു.

2023 സെപ്റ്റംബർ 24 നാണ് കൊലക്കേസ് പ്രതി റിയാസ് ഉപയോഗിച്ച ഫോൺ പൂജപ്പുര ജയിലിൽ നിന്നും ജയിൽ ഉദ്യോഗസ്ഥർ പിടികൂടിയത്. 43 കോളുകൾ ഈ ഫോണിലേക്ക് വന്നിട്ടുണ്ടെന്ന് പൂജപ്പുര പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ മൂന്നു കോളുകൾ ജയിൽ ഉദ്യോഗസ്ഥൻ സന്തോഷിന്റെതാണ്. ജയിലിൽ ഫോൺ കടത്തിയ റിയാസിനെ കസ്റ്റഡിയിൽ വാങ്ങി പൂജപ്പുര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

സന്തോഷിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് തടവുകാരുടെ ബന്ധുക്കൾ 69000 രൂപ നിക്ഷേപിച്ചതായും കണ്ടെത്തി. ജയിലിൽ ഫോൺ വിളിക്കാൻ തടവുകാരെ സഹായിച്ചതായി ജയിൽ ഉദ്യോഗസ്ഥൻ സമ്മതിച്ചിരുന്നു. തടവുകാരെ ഫോൺ വിളിക്കാൻ സഹായിച്ചെന്ന് ചോദ്യം ചെയ്യലിൽ പ്രിസൺ ഓഫീസർ മൊഴി നൽകിയിട്ടുണ്ട്. ഫോൺ വിളിക്ക് സഹായിച്ചതിന്റെ പേരിൽ ഇയാൾ തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയതായും മൊഴിയിലുണ്ട്. സന്തോഷിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് തടവുകാരുടെ ബന്ധുക്കൾ 69000 രൂപ നിക്ഷേപിച്ചതായും കണ്ടെത്തി. തുടർന്നാണ് ജയിൽ ഉദ്യോഗസ്ഥനെ കേസിൽ രണ്ടാം പ്രതി സ്ഥാനത്ത് ചേർത്തത്. പൊലീസ് റിപ്പോർട്ടിൽ സന്തോഷിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.