തിരുവനന്തപുരം: വർക്കല അയിരൂർ ഷാലു കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ. ആറും എട്ടും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് തലയിലും കഴുത്തിലും തുരുതുരാ വെട്ടിയുള്ള ക്രൂര കൊലപാതകമാകയാൽ അനവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട മാതൃ സഹോദരൻ ചെമ്മരുതി സ്വദേശി ഇങ്കി അനിൽ എന്ന അനിലിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

വിചാരണ കോടതിയായ തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി മുമ്പാകെയാണ് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ പ്രതിക്ക് തൂക്കുകയർ നൽകണമെന്ന ആവശ്യം ഉന്നയിച്ചത്. രക്ഷപ്പെടുത്താൻ ആരെയും അനുവദിക്കാതെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി അകറ്റിയ മൃഗീയ കൊലപാതകമാണ്. പ്രതി മുൻകൂട്ടി ആസൂത്രണം നടത്തി ആയുധം കൈയിൽ കരുതി കൊല്ലപ്പെട്ട ഷാലുവിനെ കാത്തുനിന്നാണ് കൊലപാതക കുത്യം നടപ്പിലാക്കിയതെന്നും അദ്ദേഹം വാദിച്ചു. വഝശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വിചാരണ കോടതി ജഡ്ജി പ്രസുൻ മോഹൻ വിശദവാദം 9ന് കേൾക്കും. സാക്ഷി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതിക്കെതിരെ കേസുണ്ട്.

റിമാന്റിലായ പ്രതി ഇങ്കി അനിലിന് ജഡ്ജി പ്രസുൻ മോഹൻ പ്രതിയുടെ രണ്ടാം ജാമ്യഹർജിയും തള്ളിയിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു. സാക്ഷി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കേസ് എടുത്ത സാഹചര്യത്തിലാണ് ജാമ്യം നിരസിച്ചത്. 2022 ഏപ്രിൽ 28 മുതൽ റിമാന്റിൽ കഴിയുന്ന പ്രതിയും കൊല്ലപ്പെട്ട ഷാലുവിന്റെ മാതൃസഹോദരനുമായ ചെമ്മരുതി ചാവടിമുക്ക് വിളയിൽ വീട്ടിൽ ഇങ്കി അനിൽ എന്ന അനിലിനാണ് ജാമ്യം നിഷേധിച്ചത്. ആദ്യ ജാമ്യഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ആഗസ്റ്റിൽ തള്ളിയിരുന്നു. തുടർന്ന് പൊലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം വീണ്ടും ജാമ്യത്തിന് അപേക്ഷ സമർപ്പിക്കുകയായിരുന്നു. പ്രതി ഈ കേസ് കൂടാതെ 2014ലും 2020 ലും 2021 ലും അയിരൂരിൽ ആയുധമുപയോഗിച്ച് പരിക്കേൽപ്പിച്ച കേസുകളിൽ പ്രതിയാണ്.

2022 ജൂലൈ 24 ന് ഷാലു കൊലക്കേസിലെ വാദിയായ ശശിധരനെ (68) പ്രതി ഇങ്കി അനിലിന്റെ ബന്ധുവായ സരോജിനി മകൻ സന്തോഷ് എന്നയാൾ വസ്തുവിൽ അതിക്രമിച്ചു കടന്ന് അസഭ്യം വിളിക്കുകയും അനിലിനെതിരെ സാക്ഷി പറഞ്ഞാൽ ശശിധരൻ ഉണ്ടാകില്ലെന്നും കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് അയിരൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിതിരിക്കുന്നത്..

ഗൗരവമേറിയ കുറ്റാരോപണം ആരോപിക്കപ്പെടുന്ന പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിരസിച്ചത്. വർക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടിൽ ഷാലു (36) ആണ് വെട്ടേറ്റ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

2022 ഏപ്രിൽ 28 ന് ഉച്ചക്കാണ് സംഭവം നടന്നത്. അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന ഷാലു ഉച്ചയോടെ വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു തിരികെ മടങ്ങവെ ഷാലുവിന്റെ അമ്മയുടെ സഹോദരൻ ഇങ്കി അനിൽ എന്നറിയപ്പെടുന്ന അനിൽ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയിൽ വെട്ടുകത്തിയുമായി നിന്ന് മരത്തിൽ വെട്ടിക്കൊണ്ടു നിൽക്കുകയായിരുന്നു അനിൽ. ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്ക് പോകാൻ സ്‌കൂട്ടിയിൽ എത്തിയ ഷാലുവിന്റെ സ്‌കൂട്ടി തടഞ്ഞു നിർത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേൽപിക്കുകയായിരുന്നു ഷാലുവിനെ വെട്ടിയ ശേഷം അനിൽ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബന്ധുക്കൾ പൊലീസിൽ അറിയിച്ചതിനെ വിവരം തുടർന്ന് അയിരൂർ പൊലീസ് എത്തി അനിലിനെ കീഴടക്കുകയായിരുന്നു. കടം കൊടുത്ത പണം ഷാലു തിരികെ കൊടുക്കാത്ത വിരോധത്താൽ കൊലപ്പെടുത്തിയെന്നാണ് കേസ്.