തിരുവനന്തപുരം: വർക്കല അയിരൂർ ഷാലു കൊലക്കേസിൽ പ്രതി മാതൃസഹോദരൻ ചെമ്മരുതി സ്വദേശി ഇങ്കി അനിൽ എന്ന അനിലിന് ജീവപര്യന്തം കഠിന തടവും (17.21 ലക്ഷം) പതിനേഴു ലക്ഷത്തി ഇരുപതിനായിരത്തി അഞ്ഞൂറു രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് മരണം വരെയുള്ള കഠിന തടവെന്ന് വിധിന്യായത്തിൽ വ്യക്തമാക്കി വിധി പ്രസ്താവിച്ചത്.

കരുതിക്കൂട്ടിയുള്ള നിഷ്ഠൂര കൃത്യം ചെയ്ത പ്രതി യാതൊരു ദയക്കും അർഹനല്ലെന്ന് വിധിന്യായത്തിൽ ജഡ്ജി പ്രസുൻ മോഹൻ വ്യക്തമാക്കി. പിഴ തുകയിൽ 7.5 ലക്ഷം വീതം ഷാലുവിന്റെ 2 മൈനർ മക്കൾക്ക് നൽകണം. 2 ലക്ഷം രൂപ ഷാലുവിന്റെ ഭർത്താവ് സജീവിനും നൽകണം. കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്നും കുട്ടികൾക്ക് ഭാവി നന്മക്കായി മതിയായ തുക സർക്കാർ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

പ്രസ് ജീവനക്കാരിയായ ഷാലു വീട്ടിൽ നിന്നും ഉച്ചഭക്ഷണം കഴിഞ്ഞ് വരുന്ന വഴിയിൽ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയും ആസൂത്രണത്തോടെയും തയ്യാറെടുപ്പോടെയും, ആയുധവും കൊണ്ട് വഴിയിൽ കാത്ത് നിന്ന് ഷാലുവിന്റെ തലയിലും കഴുത്തിലും തുരുതുരാ വെട്ടി ക്രൂരമായും മൃഗീയമായും കൊലപ്പെടുത്തിയ സംഭവം സമൂഹ മന:സാക്ഷിയെ ഞെട്ടിച്ചതാണെന്നും ആകയാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നുമുള്ള പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാറിന്റെ വാദം അംഗീകരിച്ചാണ് കോടതി ഉയർന്ന ശിക്ഷ വിധിച്ചത്. വെട്ടേറ്റു പിടഞ്ഞ നിസ്സഹായായ ഷാലുവിനെ രക്ഷപ്പെടുത്താൻ ആരെയും അനുവദിക്കാതെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി അകറ്റിയ മൃഗീയ കൊലപാതകമാണെന്നും കോടതി വിധിന്യായത്തിൽ പരാമർശിച്ചിട്ടുണ്ട്.

പ്രതി അനവധി ക്രൈം കേസുകളിലുൾപ്പെട്ടയാളാണെന്ന പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകൾ പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കുന്നതായും കോടതി വിധിന്യായത്തിൽ പറയുന്നു. സാക്ഷി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതിക്കെതിരെ കേസുണ്ട്. ശിക്ഷ നടപ്പിലാക്കാൻ ശിക്ഷാ വാറണ്ട് പ്രകാരം പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു.

വിചാരണ കോടതി ജഡ്ജി പ്രസുൻ മോഹൻ വിചാരണ ഘട്ടത്തിൽ പ്രതിയുടെ രണ്ടാം ജാമ്യഹർജിയും തള്ളിയിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു. സാക്ഷി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കേസ് എടുത്ത സാഹചര്യത്തിലാണ് ജാമ്യം നിരസിച്ചത്. 2022 ഏപ്രിൽ 28 മുതൽ റിമാന്റിൽ കഴിയുന്ന പ്രതിയും കൊല്ലപ്പെട്ട ഷാലുവിന്റെ മാതൃസഹോദരനുമായ ഇങ്കി അനിൽ എന്ന അനിലിനാണ് ജാമ്യം നിഷേധിച്ചത്. ആദ്യ ജാമ്യഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ആഗസ്റ്റിൽ തള്ളിയിരുന്നു. തുടർന്ന് പൊലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം വീണ്ടും ജാമ്യത്തിന് അപേക്ഷ സമർപ്പിക്കുകയായിരുന്നു. പ്രതി ഈ കേസ് കൂടാതെ 2014 ലും 2020 ലും 2021 ലും അയിരൂരിൽ ആയുധമുപയോഗിച്ച് പരിക്കേൽപ്പിച്ച കേസുകളിൽ പ്രതിയാണ്.