പത്തനംതിട്ട: എട്ടു വയസുകാരിയെ പീഡിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിക്ക് 104 വർഷം കഠിനതടവും 4.20 ലക്ഷം രൂപ പിഴ അടയ്ക്കാനും വിധി. മൂന്നര വയസുകാരിയെ പീഡിപ്പിച്ചതിന് 100 വർഷം ഇതേ പ്രതി തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ഈ കുട്ടിയുടെ എട്ടര വയസുള്ള സഹോദരിയെ പീഡിപ്പിച്ച കേസിൽ വിധി വന്നത്. അതിൽ 104 വർഷം കഠിനതടവിനാണ് വിധിച്ചിരിക്കുന്നത്.

പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെയാണ് എട്ടു വയസുകാരിയെ പീഡിപ്പിച്ചതിന് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീർ 104 വർഷം കഠിനതടവിനും 420000 രൂപ പിഴയടക്കാനും വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 26 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം.

പിഴ അടയ്ക്കുന്ന പക്ഷം അത് അതിജീവിതയ്ക്ക് നൽകണം. രണ്ടാം പ്രതിയും വിനോദിന്റെ അടുത്ത ബന്ധുവുമായ രാജമ്മയെ താക്കീതു നൽകി കോടതി വിട്ടയച്ചു. അതിജീവതയുടെ സഹോദരി മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഈ പ്രതിയെ ഇതേ കോടതി 100 വർഷം കഠിനതടവിനു നാല് ലക്ഷം രൂപ പിഴ അടക്കാനും കഴിഞ്ഞ 111 ന് വിധിച്ചിരുന്നു. 2020-21 കാലയളവിൽ പല ദിവസങ്ങളിലും അശ്ലീല വീഡിയോ കാണിച്ച് അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി.ഡി. പ്രജീഷ് ആണ് കേസ് അന്വേഷിച്ച് ചാർജ് ഹാജരാക്കിയത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ ആക്ട് വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സ്മിത ജോൺ ഹാജരായി.

വിനോദിനെ കുടുക്കിയത് ദൃക്സാക്ഷിയും എട്ടുവയസുകാരിയുടെ തുറന്നു പറച്ചിലും

മൂന്നര വയസുള്ള തന്റെ അനുജത്തിക്ക് നേരിടേണ്ടി വന്ന പീഡനത്തിന് ദൃക്സാക്ഷിയായ എട്ടു വയസുകാരി കോടതിയിൽ അക്കാര്യം തുറന്നു പറഞ്ഞതാണ് ആദ്യ കേസിൽ വിനോദ് ശിക്ഷിക്കപ്പെടാൻ കാരണമായത്. പോക്സോ കേസിന് ദൃക്സാക്ഷി, അതും ഒരു എട്ടു വയസുകാരി എന്ന അപൂർവത കുറിച്ച കേസിൽ പ്രതിക്ക് 100 വർഷം കഠിന തടവ് വിധിക്കുകയാണ് കോടതി ചെയ്തത്. നാലു ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചു. അപൂർവമായാണ് ഇത്രയും കൂടിയ കാലയളവ് ശിക്ഷ വിധിക്കുന്നത്. ശിക്ഷ ഒരുമിച്ച് ഒരു കാലയളവ് അനുഭവിച്ചാൽ മതിയാകും.

അതിജീവിതയുടെ മൂത്ത സഹോദരിയായ എട്ടു വയസുകാരിയാണ് ദൃക്സാക്ഷി. ഈ കുഞ്ഞിനെയും പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. അടൂർ പൊലീസ് ആദ്യം കേസ് എടുത്തത് അതിനായിരുന്നു. ഈ കേസിൽ കോടതിയിൽ വിചാരണ നടക്കുകയാണ്. ഇളയ കുട്ടിക്കും പീഡനം ഏൽക്കേണ്ടി വന്നു എന്ന് വ്യക്തമായതിനെ തുടർന്ന് രണ്ടാമത്തെ കേസെടുക്കുകയായിരുന്നു. കോടതി വിധിച്ച പിഴത്തുക കുട്ടിക്ക് നൽകണം അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണം. വിനോദ് കേസിൽ ഒന്നാം പ്രതിയാണ്. ഇയാളുടെ അടുത്തബന്ധു രാജമ്മയാണ് രണ്ടാം പ്രതി. ഇവരെ കോടതി താക്കീത് നൽകി വിട്ടയച്ചു.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ അമ്മ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞു കൊടുക്കവേ ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകിയപ്പോഴാണ് എട്ടുവയസുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയെ അറിയിച്ചത്. തുടർന്നാണ് അടൂർ പൊലീസിനെ സമീപിച്ചതും കേസെടുപ്പിച്ചതും.