- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയ്ക്കാവൂർ മണിക്കുട്ടൻ കൊലക്കേസ്: ആറ്റിങ്ങൽ അയ്യപ്പനും പുത്തൻപാലം രാജേഷും അടക്കമുള്ളവർ പ്രതികളായ കേസിൽ രണ്ട് ദൃക്‌സാക്ഷികൾ കൂറുമാറി; ഒരുസാക്ഷി കൂറുമാറിയത് വിദേശത്ത് നിന്ന് പറന്നിറങ്ങി കോടതിയിൽ ഹാജരായതിന് പിന്നാലെ
തിരുവനന്തപുരം: ആറ്റിങ്ങൽ അയ്യപ്പനും പുത്തൻപാലം രാജേഷും ഡിനി ബാബുവുമടക്കമുള്ള കുപ്രസിദ്ധ ഗുണ്ടകളും കൂലിത്തല്ലുകാരുമായ 10 പ്രതികൾ ചേർന്ന് കടക്കാവൂർ സ്വദേശി മണിക്കുട്ടൻ എന്ന കുമാരനെ വെട്ടിക്കൊന്ന കേസിൽ രണ്ട് ദൃക്‌സാക്ഷികൾ കൂറുമാറി. വിചാരണയുടെ ആദ്യ ദിനത്തിൽ തന്നെയാണ് ദൃക്‌സാക്ഷികളായ കീഴാറ്റിങ്ങൽ സ്വദേശി സുദർശനൻ, ആറ്റിങ്ങൽ കൊല്ലമ്പുഴ സ്വദേശി പ്രവാസിയായ കുഞ്ഞുമോൻ എന്ന ശ്രീകുമാർ എന്നിവർ പൊലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തിയത്. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്.
വാൾ, കഠാര, മഴു, കൊടുവാൾ, കത്തി എന്നീ മാരകായുധങ്ങളുമായി വെട്ടിയും കുത്തിയും കൊല്ലുന്ന സംഭവം കണ്ടുവെന്നുമായിരുന്നു മൊഴി. പ്രതികളെ തിരിച്ചറിയാമെന്നും മണിക്കുട്ടനെ ആശുപത്രിയിൽ കൊണ്ടുപോയെന്നും പറഞ്ഞിരുന്നു. പ്രതികൾ വന്ന കാർ ഇടറോഡിൽ നിന്നും ഇറങ്ങി വരുന്നതും കാർ ബ്രേക്ക് ചെയ്ത ശബ്ദം കേട്ട് നോക്കിയപ്പോൾ കാർ ഓടിച്ചു കൊണ്ടുപോയി മണിക്കുട്ടനെ കൊണ്ടിടിച്ച് തള്ളിയിട്ട സ്ഥലത്ത് നിന്നും പിടഞ്ഞെഴുന്നേറ്റ് ഓടി വന്ന് മണിക്കുട്ടൻ വീണ സമയം വെട്ടുന്നത് കണ്ടുവെന്നും മൊഴി നൽകിയിരുന്നു. പ്രതികൾ പരസ്പരം പേരുകൾ പറയുന്നത് കേട്ടുവെന്നും പ്രതികളെയും ആയുധങ്ങളും കണ്ട് തിരിച്ചറിഞ്ഞുവെന്നും കൃത്യ സ്ഥലം കാണിച്ചു കൊടുത്തുവെന്നും പൊലീസിന് നൽകിയ മൊഴിയാണ് സാക്ഷികൾ കോടതിയിൽ തിരുത്തി പ്രതിഭാഗം ചേർന്ന് കൂറുമാറിയത്.
വിദേശത്ത് നിന്ന് തലസ്ഥാനത്തെ ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങി നേരിട്ട് കോടതിയിൽ ഹാജരായാണ് സാക്ഷി കുഞ്ഞുമോൻ കൂറുമാറിയത്. തിരിച്ചറിയൽ കാർഡില്ലാതെ എത്തിയ സാക്ഷിയെ വിസ്തരിക്കാനാവില്ലെന്ന് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ നിലപാടെടുത്തു. തുടർന്ന് സാക്ഷിയെ തിരിച്ചറിയാമോ എന്ന് ജഡ്ജി പ്രസുൻ മോഹൻ കോടതിയിൽ സന്നിഹിതനായ അന്വേഷണ ഉദ്യോഗസ്ഥൻ കടക്കാവൂർ മുൻ സി ഐ ജി.സോമശേഖരനോട് ചോദിച്ചു. 1997ൽ സംഭവം നടന്ന് 27 വർഷം പിന്നിട്ടതിനാൽ തിരിച്ചറിയാനാകുന്നില്ലെന്ന് സിഐ ബോധിപ്പിച്ചു. തുടർന്ന് പാസ്സ്‌പോർട്ട് വാട്ട്‌സ്ആപ്പിലൂടെ പ്രദർശിപ്പിച്ചതിന് ശേഷമാണ് കുഞ്ഞുമോനെ വിസ്തരിച്ചത്. അതേ സമയം പ്രോസിക്യൂട്ടർ ഹരീഷ് കുമാർ തലങ്ങും വിലങ്ങും ചോദിച്ചിട്ടും പ്രതികളെ അറിയില്ലെന്നും സംഭവം കണ്ടിട്ടില്ലെന്നുമുള്ള തിരുത്തിയ മൊഴിയിൽ സാക്ഷികൾ ഉറച്ചു നിൽക്കുകയായിരുന്നു.
കീഴാറ്റിങ്ങൽ സ്വദേശി ആറ്റിങ്ങൽ അയ്യപ്പൻ , പാൽക്കുളങ്ങര സ്വദേശി അജി എന്ന രാജി , ചിറയിൻകീഴ് സ്വദേശി ഭാസ്‌ക്കരൻ , കണ്ണമ്മൂല സ്വദേശി പുത്തൻപാലം രാജേഷ് , കരകുളം സ്വദേശി സുരേന്ദ്രൻ , പുന്നപുരം സ്വദേശി വിപിൻ നായർ , കണ്ണമ്മൂല പുത്തൻപാലം സ്വദേശി ഡിനി ബാബു , തേക്കുംമൂട് സ്വദേശി ബാബു കുര്യൻ എന്ന കൊച്ചുമോൻ , കുന്നുകുഴി ബാർട്ടൺ ഹിൽ കോളനി സ്വദേശി കുട്ടനെന്ന ബിനു , കുത്തുകല്ലിന്മൂട് സ്വദേശി രാധാകൃഷ്ണൻ എന്നിവരാണ് വിചാരണ നേരിടുന്ന 1 മുതൽ 10 വരെയുള്ള പ്രതികൾ. വിചാരണ 25 ന് തുടരും
അയ്യപ്പനെയും മറ്റും കൈയേറ്റം ചെയ്ത കേസിലെ പ്രതിയായ മണിക്കുട്ടനെ വർക്കല മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടതിനെ തുടർന്നുണ്ടായ മുൻ വിരോധത്താൽ മണിക്കുട്ടനെ ഗുണ്ടാത്തലവൻ ആറ്റിങ്ങൽ അയ്യപ്പനെന്ന ആറ്റിങ്ങൽ ബിജുവിന്റെ നേതൃത്വത്തിൽ 10 അംഗ ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകമടക്കം സംസ്ഥാനത്തൊട്ടാകെ വധശ്രമം, മോഷണം, കവർച്ച, ആളപഹരണക്കേസുകളിൽ വിചാരണ തടവുകാരനായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ആറ്റിങ്ങൽ അയ്യപ്പൻ എന്ന ആറ്റിങ്ങൽ ബിജുവിന് മണിക്കുട്ടൻ
കൊലക്കേസിൽ ജാമ്യമനുവദിച്ചിട്ടുണ്ട്. മെഡിക്കൽ ഗ്രൗണ്ടിലാണ് ഹൈക്കോടതി ജാമ്യം നൽകിയത്. വിചാരണക്കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി വിവിധ ഘട്ടങ്ങളിൽ പ്രതി സമർപ്പിച്ച മൂന്നു ജാമ്യ ഹർജികളും തള്ളിയിരുന്നു. പ്രതി ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാനും വിചാരണ കോടതി ഉത്തരവിട്ടു. വിചാരണ തീരാതെ പ്രതി ഇനി പുറം ലോകം കാണണ്ടെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി ജാമ്യം നിരസരിച്ചത്.
മറ്റു11 കേസുകളിൽ ജാമ്യം ലഭിച്ചിട്ടും ഈ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പ്രതിക്ക് പുറത്തിറങ്ങാനായിരുന്നില്ല. നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കി ദീർഘകാലം ഒളിവിൽ കഴിഞ്ഞ പ്രതി ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ സെഷൻസ് ജഡ്ജി എൽ. ജയവന്താണ് ഉത്തരവിട്ടത്. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് കോടതിയിൽ ഹാജരാകാതെ ദീർഘകാലം ഒളിവിൽ കഴിഞ്ഞ പ്രതിയെ അനവധി കേസുകളിൽ വിചാരണ ചെയ്യാനിരിക്കെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ ശിക്ഷ ഭയന്ന് വീണ്ടും ഒളിവിൽ പോകാനും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വിചാരണയിൽ മൊഴി തിരുത്തിച്ച് കൂറുമാറ്റി പ്രതിഭാഗം ചേർക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് മൂന്നാം ജാമ്യ ഹർജിയും തള്ളിയത്. മൂന്നാം തവണയാണ് പ്രതിയുടെ ജാമ്യഹർജി കോടതി തള്ളിയത്. സെപ്റ്റംബറിൽ മുൻ ജാമ്യഹർജി തള്ളിയ അതേ സാഹചര്യങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്നും കോടതി ജാമ്യം നിരസിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ആറ്റിങ്ങൽ കൂട്ടായ്മ കവർച്ച കേസിലും ബിജുവിന്റെ വിചാരണ തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ പുരോഗമിക്കുകയാണ്. 2001 ൽ ബിജുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നടത്തിയ കൂട്ടായ്മ കവർച്ചക്കേസിലാണ് വിചാരണ നടക്കുന്നത്.
മണിക്കുട്ടൻ കൊലക്കേസ് കൂടാതെ അമ്പലത്തറ അബ്ദുൾ ജബ്ബാർ കൊലക്കേസിലും മുഖ്യ പ്രതിയാണ്. 20 വർഷത്തിലധികമായി കോടതിയിൽ ഹാജരാകാതെയും പൊലീസിനെ വെട്ടിച്ചും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ട് ഉത്തരവ് പ്രകാരം 2021 ഫെബ്രുവരി 28 ന് കോട്ടയം പൊൻകുന്നത്തെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടുകയായിരുന്നു.
തമിഴ്‌നാട്ടിലെ മേൽവിലാസത്തിൽ കരസ്ഥമാക്കിയ പാസ്‌പോർട്ട് ഉപയോഗിച്ച് ഇയാൾ ഇടക്ക് വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാൾ , മുംബൈ , ഡൽഹി വിമാനത്താവളങ്ങൾ വഴി രഹസ്യമായി ഇയാൾ നാട്ടിൽ വന്നു പോയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ബംഗ്‌ളുരുവിലും തമിഴ്‌നാട്ടിലും രഹസ്യമായി വസ്തുവും വിടും വാങ്ങി മാറി മാറി ഒളിവിൽ താമസിക്കുകയായിരുന്നു. വിദേശത്തായിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെയുപയോഗിച്ച് ഇയാൾ ആക്രമണങ്ങൾ നടത്തിയിരുന്നു. കടക്കാവൂർ കൊല്ലമ്പുഴയിൽ മണിക്കുട്ടനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലും തിരുവല്ലം അമ്പലത്തറ കല്ലുംമൂട്ടിൽ അബ്ദുൾ ജബ്ബാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും 2000 ൽ നടന്ന നേമം കൊലക്കേസിലും 1994 ൽ നടന്ന വലിയതുറ കൂട്ടായ്മ കവർച്ചക്കേസിലും പ്രധാന പ്രതിയാണ്.
തിരുവനന്തപുരം റൂറൽ ആറ്റിങ്ങൽ , കടക്കാവൂർ , ചിറയിൻകീഴ് , വർക്കല , തിരുവല്ലം , തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് , മ്യൂസിയം , വലിയതുറ , പൂജപ്പുര എന്നീ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം , അന്യായ തടങ്കലിൽ വക്കുന്നതിനായുള്ള ആൾ മോഷണം , കഠിന ദേഹോപദ്രവം ഏൽപ്പിക്കുന്നതിനായുള്ള ആൾ മോഷണം എന്നീ കേസുകളിലും മുഖ്യ പ്രതിയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്