തിരുവനന്തപുരം: പീഡനാരോപണ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പള്ളി എംഎൽഎക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.

ഒക്ടോബർ 22 ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണം. ഉച്ചക്ക് 1 മണി മുതൽ രാത്രി 11 മണി വരെ അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിധേയമാകണം. അന്വേഷണവുമായി സഹകരിക്കണം. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. ഇരയടക്കമുള്ള സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. മജിസ്‌ട്രേട്ട് കോടതിയുടെ മുൻകൂർ അനുമതി വാങ്ങാതെ കേരള സംസ്ഥാനം വിട്ടു പോകരുത്. പാസ്‌പോർട്ട് കോടതിയിൽ കെട്ടിവക്കണം. സമൂഹ മാധ്യമത്തിലൂടെയോ മറ്റു മാർഗ്ഗത്തിലൂടെയോ ഇരയെ ആക്രമിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യാൻ പാടില്ല. മൊബൈൽ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണം. വിവരത്തിന് സത്യവാങ്മൂലം ഫയൽ ചെയ്യണം എന്നീ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുൻ മോഹനാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കുന്നപ്പള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി തള്ളണമെന്ന് പരാതിക്കാരിയും, സർക്കാരും ആവശ്യപ്പെട്ടിരുന്നു. മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയോയെന്ന കോടതിയുടെ ചോദ്യത്തിന് അത് യുവതിയുടെ കൈവശമാണെന്ന് കുന്നപ്പള്ളി ബോധിപ്പിച്ചു.
തന്റെ ഭാഗം കൂടി കേൾക്കാതെ ജാമ്യ ഹർജിയിൽ വിധി പറയരുതെന്നാവശ്യപ്പെട്ട് പരാതിക്കാരി തടസ ഹർജി സമർപ്പിച്ചിരുന്നു.
ജാമ്യം അനുവദിക്കരുതെന്നും തനിക്ക് സാരമായ തർക്കമുള്ളതും തന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഹർജിയും സർക്കാരിന്റെയും പ്രതിയുടെയും വാദമാണ് ഇന്ന് ജഡ്ജി പ്രസുൻ മോഹൻ പരിഗണിച്ചത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാലും പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തുള്ള തെളിവു ശേഖരണം അത്യന്താപേക്ഷിതമാകയാലും പ്രതിക്ക് ജാമ്യം നൽകരുതെന്ന് അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ ശക്തമായി വാദിച്ചു. ഉന്നത സ്വാധീനമുള്ള എംഎൽഎക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ജനങ്ങൾക്കിടയിൽ തെറ്റിധാരണ ഉണ്ടാക്കുമെന്നും ബോധിപ്പിച്ചു.

അതേ സമയം സെപ്റ്റംബർ 14 ന് യുവതിയെ സൂയിസൈഡ് പോയിന്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചുവെന്ന മൊഴിയിൽ വധശ്രമത്തിന് വകുപ്പ് 307 ചുമത്തി പൊലീസ് അഡീഷണൽ റിപ്പോർട്ടും ഒക്ടോബർ 17 ന് കോടതിയിൽ സമർപ്പിച്ചു.

സെപ്റ്റംബർ 14 ന് പരാതിക്കാരിയുടെ പേട്ടയിലെ വീട്ടിൽ അതിക്രമിച്ചു കടന്ന് തട്ടിക്കൊണ്ടുപോയി കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് മർദിച്ച കോവളം മാനഭംഗ , മർദ്ദനക്കേസിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്ത ശേഷമാണ് യുവതിയുടെ ഭാഗത്തു നിന്നും പീഡന ആരോപണവും വധശ്രമവും ഉയർന്നു വന്നത്.