തിരുവനന്തപുരം: പരീക്ഷപ്പേടി മാറാൻ അർച്ചന ചെയ്യാൻ ക്ഷേത്രത്തിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പോക്‌സോ കേസിൽ പൂജാരിക്ക് 8 വർഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ പ്രത്യേക കോടതിയാണ് പൂജാരിയെ ശിക്ഷിച്ചത്.

വിചാരണ വേളയിൽ പ്രതി താൻ പ്രാണിക് ഹീലിങ് എന്ന ചികിത്സയാണ് നടത്തിയതെന്ന പ്രതിരോധ വാദം തള്ളിക്കൊണ്ടാണ് ജഡ്ജി എം. പി. ഷിബു പ്രതിക്ക് ശിക്ഷ വിധിച്ചത്. പരീക്ഷ പേടിക്ക് പരിഹാരം തേടി ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെ ക്ഷേത്ര പൂജാരി തന്നെ ക്ഷേത്രത്തിലെ പൂജാരിയുടെ വിശ്രമ കേന്ദ്രത്തിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വിചാരണയിൽ തെളിഞ്ഞതിനാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.

ഈഞ്ചക്കൽ സുബാഷ് നഗറിലുള്ള ക്ഷേത്രത്തിൽ പൂജാരിയായ മണിയപ്പൻ എന്നും മണിയൻ പിള്ളയെന്നും മണിപ്പോറ്റിയെന്നും അറിയപ്പെടുന്ന മണിസ്വാമി (55) യെയാണ് ശിക്ഷിച്ചത്. പ്രതി ബാലരാമപുരം പെരിങ്ങമല സ്വദേശിയാണ്. 2020 ഫെബ്രുവരി 15 നാണ് പൂജാരി അറസ്റ്റിലായത്. സംഭവത്തിന് ഒരാഴ്ച മുൻപാണ് അമ്മയ്‌ക്കൊപ്പം പരീക്ഷ പേടി മാറ്റാൻ ആവശ്യമായ പൂജ വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയും അമ്മയും ക്ഷേത്രത്തിൽ എത്തിയത്.

എന്നാൽ തിരക്കായതിനാൽ നാല് ദിവസത്തിന് ശേഷം വരാൻ പൂജാരി നിർദേശിച്ചു. അത് അനുസരിച്ച് പൂജാരി പറഞ്ഞ ദിവസം പെൺകുട്ടി ഒറ്റയ്ക്കാണ് ക്ഷേത്രത്തിൽ അർച്ചന നടത്താൻ എത്തിയത്. തുടർന്ന് പെൺകുട്ടിയെ പൂജ കഴിഞ്ഞ് മറ്റു ഭക്തജനങ്ങൾ പിരിഞ്ഞ് പോയി ക്ഷേത്ര നട അടയ്ക്കും വരെ പൂജാരി മാറ്റി നിർത്തി.

ശേഷം ശ്രീകോവിലിന് പിന്നിലുള്ള ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോയി ഓഫീസിന് മുകളിലുള്ള പൂജാരിയുടെ മുറിയിൽ എത്തിച്ച് പെൺകുട്ടിയെ ഉപദ്രവിച്ചു. അവിടെ നിന്നും ഇറങ്ങിയോടിയ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാർ ഫോർട്ട് പൊലീസിൽ നൽകിയ പരാതി അനുസരിച്ച് പിന്നീട് പോക്‌സോ നിയമം ചുമത്തി മണിസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഫോർട്ട് പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ സജു എബ്രഹാം ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അജിത് പ്രസാദ് ഹാജരായി.