- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13 കോടിയുടെ സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസ്; ഒന്നാം പ്രതി രാജേന്ദ്രൻ നായർക്ക് മുൻകൂർ ജാമ്യമില്ല; രാജേന്ദ്രൻ നായർ മൂന്നാം പ്രതി വി എസ് ശിവകുമാറിന്റെ ബിനാമി എന്നാരോപണം
തിരുവനന്തപുരം : 300 ലധികം പേരിൽ നിന്നായി നിക്ഷേപവും ചിട്ടിയും സ്വീകരിച്ച് പലിശ നൽകാതെയും കാലാവധി പൂർത്തിയായിട്ടും പണം തിരൈ്യ നൽകാതെയും 13 കോടി രൂപയുടെ സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് നടത്തിയ വഞ്ചനാ കേസിൽ ഒന്നാം പ്രതി സംഘം പ്രസിഡന്റ് രാജേന്ദ്രൻ നായർക്ക് മുൻകൂർ ജാമ്യമില്ല. കിള്ളിപ്പാലത്ത് രാജധാനി ബിൽഡിംഗിൽ പ്രവർത്തിച്ച തിരുവനന്തപുരം ജില്ലാ അൺ എംപ്ലോയിഡ് സോഷ്യൽ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റിനാണ് ജാമ്യം നിരസിച്ചത്. തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് അറസ്റ്റിന് മുന്നോടിയായുള്ള ( പ്രി അറസ്റ്റ് ) ജാമ്യം നൽകാനാവില്ലെന്ന് വ്യക്തമാക്കി ജാമ്യഹർജി തള്ളിയത്.
അനവധി നിക്ഷേപകരുടെ പരാതികൾ ദിനം പ്രതി വന്നു കൊണ്ടിരിക്കുകയാണെന്ന കരമന പൊലീസ് റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് മുൻകൂർ ജാമ്യം നിരസിച്ചത്. പ്രതിക്കെതിരായി ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ ഗുരുതരവും ഗൗരവമേറിയതുമാണ്. കേസ് റെക്കോഡുകൾ പരിശോധിച്ചതിൽ പ്രതിയുടെ ഉൾപ്പെടൽ പ്രഥമദൃഷ്ട്യാ കാണുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ പ്രതിയെ സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാനും പ്രോസിക്യൂഷൻ ഭയന്ന് ഒളിവിൽ പോകാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോൾ പ്രതിയെ ജാമ്യത്തിൽ വിട്ടയക്കാനാവില്ലെന്നും ജാമ്യഹർജി തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
കേസിൽ സംഘം മുൻ സെക്രട്ടറി നീലകണ്ഠനാണ് രണ്ടാം പ്രതി. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെ മൂന്നാം പ്രതിയായി ഒക്ടോബർ 21 ന് കരമന പൊലീസ് പ്രതിപ്പട്ടികയിൽ ചേർത്തു. ശിവകുമാർ സംഘത്തിലെ എ ക്ലാസ് മെമ്പറാണെന്നും മുൻകൂർ ജാമ്യം നിരസിക്കപ്പെട്ട ഒന്നാം പ്രതി രാജേന്ദ്രൻ നായർ, വി. എസ് ശിവകുമാറിന്റെ ബിനാമിയാണെന്നുമാണ് നിക്ഷേപകന്റെ ആരോപണം.
നിക്ഷേപകൻ നൽകിയ പരാതിയുടെ പിന്നാലെയാണ് വി എസ് ശിവകുമാറിനെതിരെ പൊലീസ് കേസെടുത്തത്. അൺ എംപ്ളോയിഡ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിലാണ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. ബാങ്ക് നിക്ഷേപകനായ ശാന്തിവിള സ്വദേശി മധുസൂദനൻ നൽകിയ പരാതിയിലാണ് കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ശിവകുമാർ പറഞ്ഞതനുസരിച്ചാണ് താൻ ബാങ്കിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചതെന്ന് മധുസൂദനൻ പരാതി നൽകിയിരിക്കുന്നത്. സംഘം നഷ്ടത്തിലായപ്പോൾ വി എസ് ശിവകുമാർ കൈമലർത്തിയതായും പരാതിയിലുണ്ട്. 300 ലധികം പേർക്കായി സൊസൈറ്റിയുടെ ശാഖകളിൽ നിന്ന് 13 കോടിരൂപയാണ് ലഭിക്കാനുള്ളത്. കേസിൽ സൊസൈറ്റി പ്രസിഡന്റ് രാജേന്ദ്രൻ നായരാണ് ഒന്നാം പ്രതി. മുൻ സെക്രട്ടറി നീലകണ്ഠനാണ് കേസിൽ രണ്ടാം പ്രതി. രാജേന്ദ്രൻ നായർ, വി. എസ് ശിവകുമാറിന്റെ ബിനാമിയാണെന്നാണ് പണം നഷ്ടപ്പെട്ടവരുടെ ആരോപണം. പണം നഷ്ടമായ നിക്ഷേപകർ വി എസ് ശിവകുമാറിന്റെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കിള്ളിപ്പാലം, വെള്ളായണി, നേമം എന്നിവിടങ്ങളിലെ സംഘത്തിന്റെ ശാഖകളിൽ പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്