പത്തനംതിട്ട: ആൾമാറാട്ടം നടത്തി രജിസ്റ്റർ ചെയ്ത വസ്തു പോക്കുവരവ് ചെയ്യാൻ ഒത്താശ ചെയ്ത കേസിൽ പത്തനംതിട്ട വില്ലേജ് ഓഫീസറായിരുന്ന സോമൻ കുറുപ്പിനെ മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ ഒടുക്കുന്നതിനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചു.

2005 ൽ റിങ് റോഡിൽപ്പെട്ട 24 സെന്റ് വസ്തു പോക്കു വരവ് ചെയ്തുവെന്നാണ് കേസ്. വിദേശത്തായിരുന്ന യഥാർത്ഥ ഉടമ സജിദ ഹബീബുള്ളയുടെ ഭൂമിയാണ് ആൾമാറാട്ടം നടത്തി രജിസ്റ്റർ ചെയ്തത്. സജിദയ്ക്ക് പകരം സബീന എന്നയാളെ സബ് രജിസ്ട്രാർ മുമ്പാകെ ഹാജരാക്കിയാണ് ആധാരം രജിസ്റ്റർ ചെയ്തത്.

തുടർന്ന് വില്ലേജ് ഓഫീസറായിരുന്ന സോമൻ കുറുപ്പ് വസ്തു പോക്കുവരവ് ചെയ്തു നൽകിയതിനാണ് വിജിലൻസ് പത്തനംതിട്ട യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്. മറ്റൊരു പ്രതിയായ സബീനയ്ക്കും മൂന്നു വർഷം കഠിന തടവും 20000 രൂപ പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷിച്ചു. നിലവിൽ ജില്ലാ പൊലീസ് മേധാവിയായ വി.അജിത്ത് വിജിലൻസ് യൂണിറ്റ് മേധാവിയായിരിക്കേ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് ഡിവൈ.എസ്‌പി. പി.ഡി രാധാകൃഷ്ണപിള്ളയാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ.രഞ്ജിത്ത് കുമാർ ഹാജരായി.