തിരുവനന്തപുരം : അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കടയ്ക്കാവൂർ അഞ്ചുതെങ്ങ് തെറ്റിമൂല റോയ് നിവാസിൽ റോയ് എന്ന വാവച്ചനെ കോടതി ജീവപര്യന്തം കഠിന തടവിനും 50000 രൂപ പിഴയക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം. ആറാം അഡീഷണൽ ജില്ലാ ജഡ്ജി കെ. വിഷ്ണുവാണ് പ്രതിയെ ശിക്ഷിച്ചത്. അഞ്ച്തെങ്ങ് തെറ്റിമൂല സുനാമി കോളനിക്ക് സമീപം ഷാപ്പ് ഹൗസിൽ ഔസേപ്പ് മകൻ റിക്സണെയാണ്(27) പ്രതി കുത്തി കൊലപ്പെടുത്തിയത്.

2014 ഏപ്രിൽ 27 നാണ് കേസിനാസ്പദമായ സംഭവം. അഞ്ച് തെങ്ങ് കടപ്പുറത്ത് തോണിക്കാവ് യുവശക്തി സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തമിഴ്‌നാട് ട്രൂപ്പിന്റെ ഗാനമേള നടത്തിയിരുന്നു. ഗാനമേള കഴിഞ്ഞ് മടങ്ങുമ്പോഴാണ് പ്രതി റിക്സണെ കുത്തി കൊലപ്പെടുത്തിയത്. പ്രതി സമീപത്തെ വീടുകളിലെ സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞ് നോക്കുകയും വനിത ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്ന കാര്യവും റിക്സൺ നാട്ടുകാരോട് പറഞ്ഞ് തന്നെ അപമാനിച്ചു എന്ന് പറഞ്ഞായിരുന്നു കൊലപാതകം.

റിക്‌സനോടോപ്പമുണ്ടായിരുന്ന സുഹൃത്ത് തെറ്റിമൂല ഡയാന ഭവനിൽ വർഗീസ് മകൻ ടോമിയാണ് കേസിലെ ഏക ദൃക്‌സാക്ഷി. കുടൽ മാല ചാടിയ പരിക്കിന്റെ കാഠിന്യത്തിൽ റിക്‌സൺ തൽസമയം കൊലപ്പെട്ടു. തെറ്റിമൂല അനാഥമന്ദിരത്തിന്റെ സമീപം എത്തിയപ്പോൾ ഇരുട്ടത്ത് ഒളിഞ്ഞിരുന്ന പ്രതി റിക്‌സനെ കുത്തി വീഴ്‌ത്തുന്നത് കണ്ടെന്ന് ടോമിയും, റിക്‌സന്റെ നിലവിളി കേട്ടാണ് സ്ഥലത്ത് ചെന്നപ്പോൾ റിക്‌സൺ കുത്തേറ്റ് കിടക്കുന്നതും റോയ് കത്തിയുമായി ഓടുന്നത് കണ്ടെന്നും അയൽവാസി ശാന്തിയും മൊഴി നൽകിയിരുന്നു.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, ദേവിക മധു, അഖില ലാൽ, എന്നിവർ കോടതിയിൽ ഹാജരായി. 16 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 23 രേഖകളും 10 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കടയ്ക്കാവൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എസ്.ഷെരീഫ് ആണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.