പത്തനംതിട്ട: വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ച റിക്രുട്ട്മെന്റ് ഏജൻസി 1.05 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. കോട്ടയം കോടിമതയിൽ പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസ് എമിഗ്രേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ എരുമേലി കാളകെട്ടി സ്വദേശി നൽകിയ പരാതിയിലാണ് വിധി.

ആറുമാസത്തിനകം കാനഡയിൽ ജോലിക്ക് സ്ഥിരം വിസ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞാണ് കമ്പനി കാളകെട്ടി ചെമ്മരപ്പള്ളിയിൽ ഡാൽമിയ ജോർജിന്റെ പക്കൽ നിന്നും 75,000 രൂപ 2019 നവംബറിൽ വാങ്ങിയത്. പണം വാങ്ങിയിട്ടും കാനഡയ്ക്ക് പോകാൻ വിസ ലഭിക്കാത്തതിനാൽ കൊടുത്ത രൂപ തിരിച്ചു കിട്ടണമെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നും കാണിച്ചുള്ള ഹർജി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ നൽകി.

തുടർന്ന് കമ്മിഷൻ ഇരുകൂട്ടർക്കും നോട്ടീസ് അയച്ചു. ഇരുകൂട്ടരും തെളിവുകൾ ഹാജരാക്കി. പരാതിക്കാരൻ ഐഇഎൽടിഎസ് പരീക്ഷ എഴുതാതിരിക്കുകയും ആവശ്യമായ മാർക്കു വാങ്ങാതിരിക്കുകയും ചെയ്തയാളാണ്. ഇയാളെ വഞ്ചിക്കണമെന്നുള്ള ഉദ്ദേശത്തോടു കൂടിയാണ് രൂപ വാങ്ങിയിരുന്നതെന്ന് കമ്മിഷൻ കണ്ടെത്തി. ഇത്തരത്തിൽ ഈ സ്ഥാപനത്തിനെതിരെ നിരവധി കേസ്സുകൾ ഉണ്ടെന്നും കോടതി കണ്ടെത്തി. തെളിവുകൾ പരിശോധിച്ച കമ്മിഷൻ 75,000 രൂപ തിരികെ നൽകാൻ ഉത്തരവിട്ടു. ഇതിന് പുറമേ നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവിനത്തിൽ അയ്യായിരം രൂപയും ചേർത്ത് 1.05 ലക്ഷം ഡാൽമിയയ്ക്ക് നൽകാൻ വിധിയുണ്ടായി.

ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.