പത്തനംതിട്ട: പതിനേഴുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കൊടുമൺ അങ്ങാടിക്കൽ കുരിയറ വടക്കേതിൽ മോനു എന്നു വിളിക്കുന്ന നിർമലിനെ (25) യാണ് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി എ. സമീർ ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെൺകുട്ടിക്ക് പ്രായപൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയായിരുന്നു പ്രണയം നടിച്ച് പീഡിപ്പിച്ചത്. പ്രായപൂർത്തിയായ ശേഷവും ഇത് തുടർന്നു. പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞ് പ്രതി പ്രണയബന്ധത്തിൽ നിന്ന് പിൻവാങ്ങി. കുഞ്ഞിന് ജന്മം നൽകിയ പെൺകുട്ടി പൊലീസിൽ പരാതി നൽകി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഇവരുടെ പുനരധിവാസത്തിനാവശ്യമായ തുക നൽകുന്നതിലേക്ക് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്. പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം നടത്തിയത് ഇൻസ്പെക്ടർമാരായ ജി. സുനിൽകുമാർ, ബിനു വർഗീസ് എന്നിവരാണ്.