- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 വർഷം മുമ്പത്തെ ഇടപാടിന്റെ രേഖകൾ ശേഖരിക്കുക അപ്രായോഗികമെന്ന സിബിഐ വാദം വിലപ്പോയില്ല; കേസിലെ അന്തർദേശീയ ബന്ധം അന്വേഷിക്കാൻ കേന്ദ്ര ഏജൻസിക്കേ കഴിയൂ എന്ന് ഹൈക്കോടതി; ട്രാവൻകൂർ ടൈറ്റാനിയം അഴിമതിയിൽ സിബിഐ അന്വേഷണം വരുമ്പോൾ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൽ സിബിഐ അന്വേഷണം. കേസ് ഏറ്റെടുക്കാൻ സിബിഐ വിമുഖത കാണിച്ചെങ്കിലും, ഹൈക്കോടതി കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള ഇടപാട് അന്വേഷിക്കുന്നതിൽ സ്്ംസ്ഥാന ഏജൻസിക്കുള്ള പരിമിതി ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
കേസ് തിരക്കും, ആൾക്ഷാമവുമാണ് ടൈറ്റാനിയം കേസ് ഏറ്റെടുക്കുന്നതിൽ തടസ്സവാദമായി സിബിഐ പറഞ്ഞത്. എന്നാൽ, ആറ് മാസത്തിനകം കേസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്. ഈ ഉത്തരവ് പാലിച്ചില്ലെങ്കിൽ ഹർജിക്കാരന് കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ വീണ്ടും സമീപിക്കാം.
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡിൽ മാലിന്യ നിയന്ത്രണ പ്ലാന്റിന് വിദേശത്ത് നിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ് അഴിമതി ആരോപിച്ചാണ് കേസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവർക്കെതിരെയാണ് 120 കോടി രൂപയുടെ അഴിമതി ആരോപണം. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി മുൻ ജീവനക്കാരനും യൂണിയൻ നേതാവുമായിരുന്ന എസ് ജയനാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇരുപത് വർഷം മുൻപ് നടന്ന ഇടപാടിന്റെ രേഖകൾ ശേഖരിക്കുന്നത് പ്രായോഗികം അല്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, കേന്ദ്ര ഏജൻസിയുടെ തിരക്കും, 'അപ്രായോഗിക' വാദവും തള്ളിയാണ് ഉത്തരവ്. കേസ് അന്വേഷണത്തിനുള്ള വഴികളടയ്ക്കുന്നതും നീതി നിഷേധമാണെന്ന് കോടതി പറഞ്ഞു.
മീക്കോൺ എന്ന കൺസൾടൻസി സ്ഥാപനം ഇടനില നിന്ന് ഫിൻലൻഡ്, യുകെ കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ ഇറക്കിയതിൽ ഗൂഢാലോചന നടന്നതായാണ് കേസ് അന്വേഷിച്ച വിജിലൻസിന്റെ കണ്ടെത്തൽ. ആഗോള ടെൻഡർ വിളിക്കാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ചട്ടങ്ങൾ മറി കടന്നാണ് ഇടനില നിന്ന സ്ഥാപനം കരാർ നടപ്പാക്കിയതെന്നും വിജിലൻസ് പറയുന്നു.
20 വർഷം മുമ്പ് നടന്ന ഇടപാടിൽ വിദേശ വിതരണക്കാർ മെഷീനറി നൽകിയതിന്റെ രേഖകൾ ഇപ്പോൾ ശേഖരിക്കുന്നത് പ്രായോഗികമല്ലെന്നും ഇന്ത്യയും ഫിൻലാൻഡുമായി പരസ്പര നിയമസഹായ കരാറുകളൊന്നും നിലവിലില്ലെന്നുമടക്കം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം ഏറ്റെടുക്കാൻ സിബിഐ മടിച്ചത്. വിജിലൻസ് അന്വേഷണത്തിൽ ഇടപാടുകാരെയോ ഇടപാടുമായി ബന്ധപ്പെട്ട രേഖകളോ കണ്ടെത്താനായില്ല.
ഇടപാടിൽ മുഖ്യ പങ്കുവഹിച്ചെന്ന് ആരോപണമുള്ളവരെപ്പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു കേന്ദ്ര നിലപാട്. എന്നാൽ, അന്തർദേശീയ ബന്ധം അവഗണിക്കാനാവില്ലെന്നും ഇതിന് കേന്ദ്ര ഏജൻസിയുടെ അന്വേഷണമാണ് വേണ്ടതെന്നും വിലയിരുത്തിയ കോടതി, എത്രയും വേഗം കേസ് ഏറ്റെടുക്കാൻ സിബിഐക്ക് നിർദ്ദേശം നൽകി.
മറുനാടന് മലയാളി ബ്യൂറോ