തിരുവനന്തപുരം: ദിലീപ് ചലച്ചിത്രം 'ബാന്ദ്ര 'ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയതിന് അശ്വന്ത് കോക്ക് അടക്കം 7 യൂട്ഊബർമാർക്കെതിരെ കേസ് എടുക്കണമെന്ന ഹർജി കോടതി നേരിട്ട് അന്വേഷിക്കും. പരാതിക്കാരന്റെ മൊഴിയെടുക്കാൻ ഡിസംബർ 16 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അശ്വതി നായരുടേതാണുത്തരവ്.

സാക്ഷിമൊഴികളും രേഖകളും വിലയിരുത്തിയുള്ള പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കിൽ വ്ളോഗർമാർക്കെതിരെ കോടതി നേരിട്ട് കേസെടുക്കും. പൊലീസിനെക്കൊണ്ട് കേസ് രജിസ്റ്റർ ചെയ്യിക്കണമെന്ന ആവശ്യം കോടതി തള്ളി.

അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്‌സ് , ഷാസ് മുഹമ്മദ്, അർജുൻ, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹർജി. ബാന്ദ്ര സിനിമയുടെ നിർമ്മാണ കമ്പനി അജിത് വിനായക ഫിലിംസാണ് പരാതി സമർപ്പിച്ചത്.
സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളിൽ നിർമ്മാതാക്കൾക്ക് നഷ്ടമുണ്ടാക്കുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം.

കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസിന് നിർദ്ദേശം നൽകണമെന്നായിരുന്നു നിർമ്മാണ കമ്പനിയുടെ ഹർജിയിലെ ആവശ്യം. ചിത്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സോഷ്യൽ മീഡിയ വഴി വ്യാജവും മോശവും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം. ഇവർ ചെയ്യുന്നത് അപകീർത്തിപ്പെടുത്തൽ മാത്രമല്ല തങ്ങൾക്ക് അന്യായ നഷ്ടം സംഭവിപ്പിച്ച് വ്യൂവേഴ്‌സിന്റെ എണ്ണം അനുസരിച്ച് യൂട്യൂബ് ചാനൽ റേറ്റിംഗിലൂടെ വരുമാനം ഉണ്ടാക്കി കളവായ രീതിയിൽ പണം കൈക്കലാക്കിയെടുക്കലാണെന്നും നിർമ്മാതാക്കൾ ഹർജിയിൽ പറയുന്നു.