തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരന്റെ ദേഹത്ത് ഉദ്യോഗസ്ഥർ ചൂട് വെള്ളമൊഴിച്ച് പൊള്ളിച്ച സംഭവത്തിൽ കോടതി നേരിട്ട് തെളിവെടുക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. 29 ന് പരാതിക്കാരനായ ലിയോൺ ജോണിനെ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.

സെൻട്രൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഷിബു , ജയിൽ വാർഡൻ വിനോദ് എന്നിവരടക്കം കണ്ടാലറിയാവുന്ന പത്തോളം ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. റിമാന്റ് കാലാവധിയിൽ കോടതിയിൽ ഹാജരാക്കവേയാണ് പരാതി സമർപ്പിച്ചത്.

യുവാവിന് വൈദ്യസഹായം നൽകാൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദേശം നൽകിയിരുന്നു. ഭക്ഷണത്തിൽ മുടി കണ്ടത് സൂപ്രണ്ടിനോട് പറഞ്ഞ പ്രതിയുടെ ദേഹത്താണ് ജയിൽ ഉദ്യോഗസ്ഥർ തിളച്ച വെള്ളമൊഴിച്ചത്. സംഭവത്തിൽ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് കോടതി ഉത്തരവ്. നാല് മാസം മുൻപ് ജയിലിലെത്തിയ ലിയോൺ ജോൺസ് എന്ന തടവുകാരനെയാണ് പൊലീസ് ഉദ്യോഗസ്ഥൻ പൊള്ളിച്ചത്.

കണിയാപുരം സ്വദേശി ലിയോൺ ജോണിനാണ് തടവിൽ കഴിയുന്നതിനിടെ ദുരനുഭവമുണ്ടായത്. ലിയോൺ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെയായിരുന്നു സംഭവം. മുതലപ്പൊഴി വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനായിരുന്നു ലിയോണിനെതിരെ കേസെടുത്തത്. തടവിൽ കഴിയുന്നതിനിടെ പൊലീസുകാരുടെ ക്രൂരതയ്ക്ക് ഇരയായ ലിയോണിന് ചികിത്സ നൽകാൻ ജയിൽ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. തുടർന്ന് യുവാവിന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം സ്വകാര്യ ടിവി ചാനലിനോട് തുറന്നുപറഞ്ഞത്. ഇതിന് ശേഷം മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു.

ലിയോണിനെ ജയിലിലെത്തി സന്ദർശിച്ച സുഹൃത്തുക്കളാണ് പൊള്ളലേറ്റതിന്റെ ദൃശ്യങ്ങൾ പൊലീസ് അറിയാതെ പകർത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയെടുക്കാൻ തയ്യാറായില്ലെന്നും സുഹൃത്തുകൾ വിഷയം ജനം ടിവിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം പുറംലോകം അറിഞ്ഞാൽ കൂടുതൽ കേസുകൾ ലിയോണിന് മേൽ ചുമത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും സുഹൃത്തുക്കൾ പറഞ്ഞു.