തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകനുമൊത്ത് അമ്മ നാടു വിട്ട കേസിൽ മകന്റെ കസ്റ്റഡി കോടതി പിതാവിന് നൽകി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തലസ്ഥാന നഗരത്തിലെ സിറ്റി മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത വുമൻ ആൻഡ് ചൈൽഡ് മിസ്സിങ് കേസിലാണ് എസിജെഎം എൽസാ കാതറിൻ ജോർജും തിരുവനന്തപുരം കുടുംബ കോടതി ജഡ്ജി എ. ഇജാസും നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

ഭാര്യയും മൈനർ മകനും കാണാനില്ലെന്ന് കാണിച്ച് പിതാവാണ് പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് അമ്മയെയും മകനെയും നവംബർ 23 ന് പൊലീസ് അഡീ.സി ജെ എം മുമ്പാകെ ഹാജരാക്കി. മാതാവിന്റെ മൊഴിയെടുക്കവേ തനിക്ക് ഭർത്താവിനൊപ്പം പുനഃ സമാഗമത്തിന് താൽപര്യമില്ലെന്ന് കോടതിയെ അറിയിച്ചു. അതേ സമയം തനിക്ക് അച്ഛന്റെ കൂടെ ഒരു ദിവസം പോകണമെന്ന ആഗ്രഹം മകൻ പറഞ്ഞു. അതിനോട് അമ്മയും യോജിച്ചു.

അമ്മയെ സ്വതന്ത്രയാക്കുകയും ഇഷ്ടമുള്ളയാൾക്കൊപ്പം പോകാൻ അനുവദിച്ച് കോടതിയിൽ നിന്നും പോയ്‌ക്കോളാനും കോടതി നിർദ്ദേശിച്ചു. മകന്റെ കസ്റ്റഡി കോടതി പിതാവിന് നൽകി 25 ന് ഹാജരാകാനും ഉത്തരവിട്ടു. ഇതിനിടെ കുടുംബ കോടതി പിതാവിന് കുട്ടിയുടെ സ്ഥിര കസ്റ്റഡി നൽകി ഉത്തരവിട്ടു. കൂടാതെ മകനെ ബലാൽക്കാരമായി അമ്മ എടുത്തു കൊണ്ടുപോകുന്നതിനെ വിലക്കി ഇൻജംഗ്ഷൻ ഉത്തരവും പുറപ്പെടുവിക്കുകയായിരുന്നു.