- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു-കശ്മീരിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനം വിധിയിൽ പരാമർശിച്ച് ജസ്റ്റിസ് സഞ്ജയ് കൗൾ; 1980 കൾക്ക് ശേഷം കശ്മീരിൽ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ നിഷ്പക്ഷ സമിതി രൂപീകരിക്കണം; മുറിവുകൾ ഉണക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും ജസ്റ്റിസ്; പ്രത്യേക വിധിന്യായത്തിൽ പറയുന്നത്
ന്യൂഡൽഹി: ജമ്മു-കശ്മീരിൽ, 1980 കൾക്ക് ശേഷം നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. 370 ാം വകുപ്പ് റദ്ദാക്കിയതിനോട് യോജിച്ചുള്ള തന്റെ പ്രത്യേക വിധിന്യായത്തിലാണ് അദ്ദേഹം ഇതാവശ്യപ്പെട്ടത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ചു പ്രത്യേക വിധിന്യായത്തിൽ ജസ്റ്റിസ് സഞ്ജയ് കൗൾ പരാമർശിച്ചു. വിഭജനകാലത്തു പോലും ഇത്രയധികം വർഗീയ ചിന്ത ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
' 1980 കൾക്ക് ശേഷം ഭരണകൂടവും, ഭരണ ബാഹ്യ ശക്തികളും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു നിഷ്പക്ഷ സത്യാന്വേഷണ-അനുരഞ്ജന സമിതി രൂപീകരിക്കണം. സമിതി ആശ്വാസനടപടികളും നിർദ്ദേശിക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു', ജസ്റ്റിസ് കൗൾ പറഞ്ഞു.
തലമുറകളായി ആളുകൾ ഈ മനുഷ്യാവകാസലംഘനങ്ങളുടെ വേദന സഹിക്കുകയാണ്. മുന്നോട്ട് നീങ്ങാൻ ആ മുറിവുകൾ ഉണക്കണം. മുറിവുകൾ ഉണക്കാനുള്ള ആദ്യ ചുവടുവയ്പ് ഭരണകൂടം മനുഷ്യാവകാശലംഘനങ്ങൾ നടത്തിയെന്ന് അംഗീകരിക്കുകയാണ്, ജസ്റ്റിസ് കൗൾ എഴുതി. കമ്മിറ്റി സമയബന്ധിതമായി പ്രവർത്തനം പൂർത്തീകരിക്കണം. അതേസമയം, സംഭവങ്ങളുടെ വൈകാരികത കണക്കിലെടുത്ത് ഈ കമ്മിറ്റി എങ്ങനെ വേണമെന്നത് സർക്കാരിനു തീരുമാനിക്കാം.
ആഭ്യന്തര കലഹങ്ങൾക്ക് ശേഷം ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും മറ്റിടങ്ങളിലെയും പല രാജ്യങ്ങളിലും ഇത്തരം കമ്മീഷനുകൾ രൂപീകരിച്ചിട്ടുണ്ട്. അവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കാനും നീതി വിതരണത്തിലൂടെ സമുദായങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇത് സഹായിക്കും.
ജമ്മു കശ്മീരിനു മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം ഇല്ലെന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നുമാണ് സുപ്രീംകോടതി വിധി ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരിച്ചു നൽകണമെന്നും 2024 സെപ്റ്റംബർ 30നകം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പു നടത്തണമെന്നും അഞ്ചംഗ ഭരണഘടന ബെഞ്ച് നിർദ്ദേശിച്ചു. അഞ്ചംഗ ഭരണഘടന ബെഞ്ചിൽ നിന്ന് 3 പ്രത്യേക വിധിന്യായങ്ങളുണ്ടായെങ്കിലും എല്ലാവരും 370ാം വകുപ്പു റദ്ദാക്കിയ നടപടിയോടു യോജിച്ചു.
ജമ്മുകശ്മീരിൽ നിന്നടർത്തി ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയ നടപടിയാണ് കോടതി ശരിവെച്ചത്. മറ്റു സംസ്ഥാനങ്ങൾക്കുള്ള അധികാരമാണ് കശ്മീരിനുമുള്ളതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായ പരമാധികാരം ആവശ്യപ്പെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഭരണഘടന വകുപ്പുകളുടെ വ്യാഖ്യാനം സംബന്ധിച്ച 367ാം വകുപ്പിനെ ആശ്രയിച്ചു കൊണ്ട് 370 വകുപ്പിൽ വരുത്തി മാറ്റം അധികാരപരിധിക്കു പുറത്തുള്ളതായി കോടതി നിരീക്ഷിച്ചു. ഭരണഘടന ഭേദഗതിക്കു വേണ്ടിയുള്ള എളുപ്പവഴിയായി വ്യാഖാനം സംബന്ധിച്ച 367ാം വകുപ്പിനെ കാണാനാകില്ല. ഈ രീതിയിലുള്ള ഭേദഗതി അനുവദിക്കുന്നതു അപകടകരമാകുമെന്നും കോടതി നിരീക്ഷിച്ചു.
മറുനാടന് മലയാളി ബ്യൂറോ