- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയ്ക്ക് മുൻവശത്ത് കസേര നിരത്തി മണിക്കൂറുകൾ നീളുന്ന യോഗങ്ങളും ധർണയും; വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം കുറഞ്ഞു; സഹികെട്ട കടയുടമകൾ ഹൈക്കോടതിയിൽ; പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ യോഗങ്ങളും സമരങ്ങളും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി
പത്തനംതിട്ട: സെൻട്രൽ ജങ്ഷനിൽ നിയമം മറി കടന്നു കൊണ്ടുള്ള സമരങ്ങളും പൊതുയോഗങ്ങളും നടക്കുന്നില്ലെന്ന് നഗരസഭയും പൊലീസും ഉറപ്പ് വരുത്തണമെന്ന് ഹെക്കോടതിയുടെ നിർദ്ദേശം. സെൻട്രൽ ജങ്ഷനിലെ അഞ്ചു വ്യാപാരികൾ ചേർന്ന് നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്.
തുടർച്ചയായുള്ള പൊതുയോഗങ്ങളും സമരങ്ങളും കാരണം തങ്ങളുടെ കടയിലേക്ക് ആളുകൾക്ക് വരാനും പോകാനും കഴിയുന്നില്ലെന്നും ഇതു കാരണം വ്യാപാരത്തിൽ വൻ നഷ്ടമുണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടി എബി പാലത്ര, ലീന എബി, ആർ. അയ്യപ്പൻ, വി. മുരുകൻ ആചാരി, ഷീന ഉല്ലാസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ്, നഗരസഭ, പൊതുമരാമത്ത്, ജില്ലാ കലക്ടർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, തൊഴിലാളി സംഘടനകൾ എന്നിവരെ എതിർ കക്ഷികളാക്കി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വഴി അടച്ചു കൊണ്ട് കസേരകൾ നിരത്തിയിട്ട് നിരവധി പേർ തടിച്ചു കൂടി ഇരുന്നും നിന്നും യോഗം നടത്തുകയും സമരം ചെയ്യുകയും ചെയ്യുന്നത് കാരണം കടയിലേക്ക് ആളുകൾ കയറാതെ പോകുന്നു. മണിക്കൂറുകൾ നീളുന്ന ഇത്തരം യോഗങ്ങൾ കാരണം വ്യാപാരം വലിയ നഷ്ടത്തിലാണ്. രാഷ്ട്രീയ പാർട്ടി നേതാക്കളെ നേരിട്ടെതിർക്കാൻ സാധിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഇവർ പറയുന്നു.
തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിലുള്ള പത്തനംതിട്ട സെൻട്രൽ ജങ്ഷൻ വളരെ ഇടുങ്ങിയതും വാഹനങ്ങളുടെ തിരക്കേറിയതുമാണ്. അനധികൃതമായ സമരങ്ങൾ, വാഹന പാർക്കിങ് എന്നിവ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നു. പാതയോര പൊതുയോഗങ്ങളും സമരങ്ങളും നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധി നിലനിൽക്കുമ്പോഴാണ് നിയമ വിരുദ്ധമായി ഇത്തരം യോഗങ്ങൾ നടക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഹർജിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നു.
നിയമവിരുദ്ധമായ പൊതുയോഗങ്ങളും സമരങ്ങളും പ്രകടനങ്ങളും സെൻട്രൽ ജങ്ഷനിൽ അനുവദിക്കില്ലെന്ന് പൊലീസും നഗരസഭാ സെക്രട്ടറിയും കോടതിയെ അറിയിച്ചു. ഇക്കാര്യം ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ കോടതിയും നഗരസഭയും ബാധ്യസ്ഥരാണെന്ന് വ്യാപാരികൾ പറയുന്നു. ഇത് ലംഘിക്കപ്പെട്ടാൽ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഹർജിക്കാർ അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്