തിരുവനന്തപുരം: തലസ്ഥാന സിറ്റി കോർപറേഷന്റെ മറവിൽ 35 ലക്ഷത്തിന്റെ വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ ആസൂത്രക ചെറിയതുറ സ്വദേശിനി ഗ്രേസി മുൻകൂർ ജാമ്യഹർജി ജില്ലാ കോടതിയിൽ സമർപ്പിച്ചു. ഹർജിയിൽ ഫോർട്ട് പൊലീസ് റിപ്പോർട്ടും
പ്രോസിക്യൂഷൻ നിലപാടും 21 ന് അറിയിക്കാൻ ജില്ലാ കോടതി ഉത്തരവിട്ടു.

അതേ സമയം 15 ന് അറസ്റ്റിലായ മൂന്നാം പ്രതി അനുവിനെ തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് പി. അരുൺ കുമാർ റിമാന്റ് ചെയ്തു. കൃത്യത്തിൽ ഉൾപ്പെട്ട കൂട്ടു പ്രതികളായ ഈഞ്ചക്കൽ ഇന്ത്യൻ ബാങ്ക് മാനേജരും അനീഷും അഖിലയും ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.

വായ്പാ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതികളിൽ മൂന്നാം പ്രതി മുരുക്കുംപുഴ സ്വദേശി പൂജപ്പുര വിജയമോഹിനി മില്ലിനു സമീപം താമസിക്കുന്ന രാജില രാജൻ (അനു 33) ആണ് 15 ന് അറസ്റ്റിലായത്. കോർപറേഷൻ ജീവനക്കാരിയെന്ന വ്യാജേന ആൾമാറാട്ടം നടത്തിയ അനുവിനെ ഫോർട്ട് സിഐ വി.ഷിബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളുടെ സ്വയം തൊഴിൽ സംഘങ്ങൾക്കായി കോർപറേഷൻ നൽകുന്ന വായ്പ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിലൂടെ നേടിയ 35 ലക്ഷത്തിൽ 18 ലക്ഷം രൂപ അനുവിന്റെ അക്കൗണ്ടിലെത്തി. സ്വയം തൊഴിൽ സംരംഭങ്ങൾക്ക് 5 ലക്ഷം രൂപയാണ് നൽകുന്നത്. ഇതിൽ 3.75 ലക്ഷം രൂപ കോർപറേഷൻ സബ്സിഡിയാണ്. 1.25 ലക്ഷം രൂപ സംരംഭകർ തിരിച്ചടയ്ക്കണം. നാലുപേർ ചേർന്ന് രൂപവൽക്കരിക്കുന്ന ഗ്രൂപ്പിനാണ് തുക നൽകുന്നത്. ഇത്തരത്തിൽ ഏഴു ഗ്രൂപ്പാണുണ്ടായിരുന്നത്. നേരത്തെ ഒപ്പിട്ടു വാങ്ങിയ മുദ്രപ്പേപ്പറിൽ സമ്മതപത്രം എഴുതിച്ചേർത്ത് വായ്പാ തുക മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയെടുക്കുകയായിരുന്നു. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചതോടെയാണ് വീട്ടമ്മമാർ തട്ടിപ്പ് മനസ്സിലാക്കിയത്.

തിരുവനന്തപുരം കോർപറേഷൻ ചെറിയതുറയിലെ സ്ത്രീകളുടെ അഞ്ച് സംഘങ്ങൾക്ക് നൽകിയ വായ്പയ്ക്ക് പുറമെ ബീമാപള്ളിയിലെ രണ്ട് സംഘങ്ങൾക്ക് നൽകിയ പണവും തട്ടിപ്പ് സംഘം കൈവശപ്പെടുത്തി. ഇതോടെയാണ് 35 ലക്ഷത്തിലേക്ക് തട്ടിപ്പിന്റെ വ്യാപ്തി വർധിച്ചത്.

തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ ഇന്ത്യൻ ബാങ്ക് ഈഞ്ചക്കൽ ബ്രാഞ്ച് മാനേജരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. വസ്ത്ര യൂണിറ്റിലേക്ക് സാധനങ്ങൾ കൈമാറുന്ന കരാറുകാരനെന്ന വ്യാജേനെയെത്തി പണം കൈവശപ്പെടുത്തിയ പൂവച്ചലിലെ ഫാൻസി സ്റ്റോർ ഉടമ അനീഷ് ഒളിവിലാണ്. ചെറിയതുറ സ്വദേശി ഗ്രേസി, അഖില എന്നിവരാണ് മറ്റ് പ്രതികൾ.