തിരുവനന്തപുരം: കോർപറേഷന്റെ മറവിൽ 35 ലക്ഷത്തിന്റെ വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ കേസ് ഡയറി ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുൻ മോഹന്റേതാണ് ഉത്തരവ്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രക ചെറിയതുറ ഡെയ്‌സി എന്ന ഗ്രേസിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഫോർട്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് തൃപ്തികരമല്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജില്ലാ കോടതി ഉത്തരവ്.

അതേ സമയം, ഒന്നാം പ്രതി മുട്ടത്തറ പുത്തൻപള്ളി മൂന്നാറ്റുമുക്ക് അശ്വതിഭവനിൽ സിന്ധു (54), മൂന്നാം പ്രതി അനു, നാലാം പ്രതി അനീഷ് എന്നിവരെ റിമാന്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് പി. അരുൺ കുമാറാണ് പ്രതികളെ റിമാന്റ് ചെയ്തത്. വസ്ത്ര യൂണിറ്റിലേക്ക് സാധനങ്ങൾ കൈമാറുന്ന കരാറുകാരനെന്ന വ്യാജേനെയെത്തി പണം കൈവശപ്പെടുത്തിയ പൂവച്ചലിലെ ഫാൻസി സ്റ്റോർ ഉടമ അനീഷാണ് ഒടുവിൽ പിടിയിലായത്.

ഡിസംബർ 18 നാണ് ഫോർട്ട് പൊലീസ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്. സംരംഭം തുടങ്ങാൻ സംഘാടക സമിതിയുണ്ടാക്കിയതും രേഖകൾ ഒപ്പിട്ടുവാങ്ങാൻ നേതൃത്വം നൽകിയതും സിന്ധുവാണെന്ന് പൊലീസ് റിമാന്റപേക്ഷയിൽ പറയുന്നു. 15 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
ബാങ്കിലേക്ക് സംരംഭകർ രേഖകൾ സമർപ്പിക്കുമ്പോൾ ബാങ്ക് വഴിയാണ് തുക കൈമാറുന്നത്. എന്നാൽ, സംരംഭകർക്കൊന്നും തുക ലഭിച്ചില്ല. പ്രതികളായ ഇടനിലക്കാരുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് ഫോർട്ട് പൊലീസ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം ഡിസംബർ 15 ന് അറസ്റ്റിലായ മൂന്നാം പ്രതി അനുവിനെയും മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തിട്ടുണ്ട്. കൃത്യത്തിൽ ഉൾപ്പെട്ട കൂട്ടു പ്രതികളായ ഈഞ്ചക്കൽ ഇന്ത്യൻ ബാങ്ക് മാനേജരും അനീഷും വായ്പാ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതികളിൽ മൂന്നാം പ്രതി മുരുക്കുംപുഴ സ്വദേശി പൂജപ്പുര വിജയമോഹിനി മില്ലിനു സമീപം താമസിക്കുന്ന രാജില രാജൻ (അനു 33) ആണ് 15 ന് അറസ്റ്റിലായത്. കോർപറേഷൻ ജീവനക്കാരിയെന്ന വ്യാജേന ആൾമാറാട്ടം നടത്തിയ അനുവിനെ ഫോർട്ട് സിഐ വി.ഷിബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളുടെ സ്വയം തൊഴിൽ സംഘങ്ങൾക്കായി കോർപറേഷൻ നൽകുന്ന വായ്പ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിലൂടെ നേടിയ 35 ലക്ഷത്തിൽ 18 ലക്ഷം രൂപ അനുവിന്റെ അക്കൗണ്ടിലെത്തി. സ്വയം തൊഴിൽ സംരംഭങ്ങൾക്ക് 5 ലക്ഷം രൂപയാണ് നൽകുന്നത്. ഇതിൽ 3.75 ലക്ഷം രൂപ കോർപറേഷൻ സബ്സിഡിയാണ്. 1.25 ലക്ഷം രൂപ സംരംഭകർ തിരിച്ചടയ്ക്കണം. നാലുപേർ ചേർന്ന് രൂപവൽക്കരിക്കുന്ന ഗ്രൂപ്പിനാണ് തുക നൽകുന്നത്. ഇത്തരത്തിൽ ഏഴു ഗ്രൂപ്പാണുണ്ടായിരുന്നത്. നേരത്തെ ഒപ്പിട്ടു വാങ്ങിയ മുദ്രപ്പേപ്പറിൽ സമ്മതപത്രം എഴുതിച്ചേർത്ത് വായ്പാ തുക ( പ്രതികളുടെ ) മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയെടുക്കുകയായിരുന്നു. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചതോടെയാണ് വീട്ടമ്മമാർ തട്ടിപ്പ് മനസ്സിലാക്കിയത്.

തിരുവനന്തപുരം കോർപറേഷൻ ചെറിയതുറയിലെ സ്ത്രീകളുടെ അഞ്ച് സംഘങ്ങൾക്ക് നൽകിയ വായ്പയ്ക്ക് പുറമെ ബീമാപള്ളിയിലെ രണ്ട് സംഘങ്ങൾക്ക് നൽകിയ പണവും തട്ടിപ്പ് സംഘം കൈവശപ്പെടുത്തി. ഇതോടെയാണ് 35 ലക്ഷത്തിലേക്ക് തട്ടിപ്പിന്റെ വ്യാപ്തി വർധിച്ചത്. തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയ ഇന്ത്യൻ ബാങ്ക് ഈഞ്ചക്കൽ ബ്രാഞ്ച് മാനേജരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഈഞ്ചക്കൽ ബ്രാഞ്ച് ഇന്ത്യൻ ബാങ്ക് മാനേജർ , ചെറിയതുറ സ്വദേശി ഗ്രേസി, അഖില എന്നിവരാണ് മറ്റ് പ്രതികൾ.