പത്തനംതിട്ട: മുഴുവൻ പണവും അടച്ച് ബുക്ക് ചെയ്തിട്ടും ഷോറൂമിൽ ഉപയോഗിച്ച് പഴകിയ ബൈക്ക് നൽകിയെന്ന ഹർജിയിൽ കൊട്ടാരക്കര ദൈവിക് മോട്ടേഴ്സ് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.

അടൂർ കണ്ണങ്കോട് കുറുങ്ങാട്ടുപുത്തൻ വീട്ടിൽ ആർ. റിജു നൽകിയ പരാതിയിൽ കൊട്ടാരക്കര ദൈവിക്ക് മോട്ടോഴ്സ് മാനേജർ 2,37,900 രൂപ നഷ്ടപരിഹാരം നൽകാനാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചത്. 2,22,900 രൂപ നൽകി യമഹ എം ടി15 2023 മോഡൽ ബൈക്ക് റിജു ബുക്ക് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിന് ബൈക്ക് കൊടുക്കാമെന്നായിരുന്നു മാനേജരുടെ വാഗ്ദാനം. വാഹനം ഷോറൂമിൽ വന്നതറിഞ്ഞ് ഓഗസ്റ്റ് ഒമ്പതിന് റിജു ഷോറൂമിൽ എത്തിയപ്പോൾ നിങ്ങളുടെ ബൈക്ക് ജൂലെ 26 ന് വന്നിരുന്നെന്നും രജിസ്ട്രേഷൻ കഴിഞ്ഞെന്നും പറഞ്ഞ് ഒരു കാണിച്ചു കൊടുത്തു.

റിജു വാഹനം പരിശോധിച്ചപ്പോൾ ബൈക്കിന്റെ ഗോൾഡൻ ഫോർക്കിൽ ഒരു കട്ട് മാർക്ക് കണ്ടു. തുടർന്നുള്ള പരിശോധനയിൽ മഡ്ഗാർഡിലും മറ്റും പഴകിയ സ്റ്റിക്കർ പതിച്ചിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. മാനേജരോട് ഇക്കാര്യം പറഞ്ഞപ്പോൾ ഫോർക്ക് മാറാമെന്നും മറ്റു ഭാഗങ്ങൾ റീപെയിന്റ് ചെയ്തു തരാമെന്നും അറിയിച്ചു. എന്നാൽ പുതിയ ബൈക്ക് ബുക്കുചെയ്ത ഹർജിക്കാരൻ ഒരു പാട് അപാകത ഉള്ള വാഹനം വാങ്ങാൻ തയാറായില്ല. വേറെ വാഹനം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ വണ്ടി ഞങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു ഇനി മാറ്റിത്തരാൻ കഴിയില്ലായെന്ന മറുപടിയാണ് ലഭിച്ചത്. രജിസ്േട്രഷന് മുമ്പ് വാഹനം ഉടമയെ കാണിക്കാതെ രജിസ്റ്റർ ചെയ്തതിൽ അപാകതയുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിനു വേണ്ടി മാനേജറെ ഏല്പിച്ച 2,22,900 രൂപ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷനിൽ കേസ് ഫയൽ ചെയ്തത്.

അന്യായത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കമ്മീഷൻ, ബൈക്ക് വാങ്ങാൻ കൊടുത്ത 2,22,900 രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപാ കോടതി ചെലവും ഉൾപ്പെടെ 2,37,900 രൂപാ ദൈവിക്ക് മോട്ടേഴ്സിന്റെ മാനേജർ ഹർജി കക്ഷിക്ക് നൽകാൻ വിധിച്ചു. കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗങ്ങളായ നിഷാദ് തങ്കപ്പനും എൻ. ഷാജിതാ ബീവിയും ചേർന്നാണ് വിധി പ്രസ്താവിച്ചത്.