ന്യൂഡൽഹി: കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പെൻഷൻ നൽകാൻ ബുദ്ധിമുട്ടുകയാണെന്നും അടിയന്തരമായി വിഷയം പരിഗണിക്കണമെന്നും കേരളത്തിനായി കപിൽ സിബിൽ കോടതിയിൽ ആവശ്യപ്പെട്ടു. ഈ മാസം 25 ന് സുപ്രീംകോടതി കേസ് പരിഗണിക്കും.

വായ്പാ പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഭരണഘടനയുടെ 131 ആം അനുച്ഛേദം അനുസരിച്ചാണ് ഹർജി നൽകിയത്. സാമ്പത്തികസ്ഥിതിയിൽ കേന്ദ്രവും കേരളവും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് നിയമയുദ്ധം തുടങ്ങിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം.

ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പ പരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് ഹർജിയിലെ വിമർശനം. ഭരണഘടന വിഭാവനം ചെയ്യുന്ന ധനകാര്യ ഫെഡറിലസം കേന്ദ്രം പടിപടിയായി തകർക്കുന്നുവെന്നും കേന്ദ്രത്തിന്റെ കടമെടുപ്പിന് പരിധികൾ ഇല്ലാതിരിക്കെയാണ് കേരളത്തെ ഞെരുക്കുന്നതെന്നും ഹർജിയിലുണ്ട്. ബജറ്റിന് പുറത്ത് അടിസ്ഥാന സൗകര്യവികസനത്തിനായി രൂപീകരിച്ച കിഫ്ബി വഴിയുള്ള ധനസമാഹരണത്തെയും സംസ്ഥാനത്തിന്റെ ബാധ്യതയാക്കി മാറ്റിയതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. അടിയന്തരമായി 26000 കോടി സമാഹരിക്കാൻ അനുവദിച്ചില്ലെങ്കിൽ സംസ്ഥാന അതീവ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടെങ്കിൽ സുപ്രീം കോടതിക്ക് ഇടപെടാമെന്ന 131 ആം അനുച്ഛേദം അടിസ്ഥാനമാക്കിയാണ് കേരളത്തിന്റെ ഹർജി.

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ ഗവർണ്ണർ സംസ്ഥാന സർക്കാറിന്റെ നിലപാട് തേടിയിരിക്കെയാണ് കേന്ദ്രത്തെ വിമർശിച്ചുള്ള സംസ്ഥാനത്തിന്റെ നീക്കം. മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്റെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ ഹർജി.