- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്യാൻവ്യാപി മസ്ജിദിന്റെ ഒരുഭാഗത്ത് ഹിന്ദു വിശ്വാസികൾക്ക് ആരാധന നടത്താം
വാരാണസി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ ഒരുഭാഗത്ത് ഹിന്ദു വിശ്വാസികൾക്ക് ആരാധന നടത്താൻ അനുമതി. മുദ്ര വച്ച ഭാഗത്തുള്ള 'വ്യാസ് കാ തഹ്ഖാന'യിലെ പൂജയ്ക്കാണു അവസരം. മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ഹിന്ദു വിഭാഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നൽകിയിരിക്കുന്നത്. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വിഗ്രഹങ്ങളിൽ പൂജ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനോട് കോടതി നിർദ്ദേശിച്ചു.
ഇതിന് വേണ്ടി ബാരിക്കേഡുകൾ നീക്കുന്നതടക്കം ആവശ്യമായ ക്രമീകരണങ്ങളെല്ലാം ഏഴ് ദിവസത്തിനകം പൂർത്തിയാക്കണമെന്ന് വാരണാസി ജില്ലാ കോടതി ജഡ്ജി വിധിയിൽ പറഞ്ഞു. ജഡജി താൻ വിരമിക്കുന്ന ദിവസമാണ് വിധി പറഞ്ഞത്. നാല് ഹിന്ദു വനിതകളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
വിശ്വനാഥ ക്ഷേത്രത്തിൽ നിന്നുള്ള പുരോഹിതരായിരിക്കണം പൂജ നടത്തേണ്ടതെന്നും കോടതി പറഞ്ഞു. വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി മേൽക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഗ്യാൻവാപിയിൽ എല്ലാവർക്കും പൂജയ്ക്കുള്ള അവകാശം ഇതോടെ ലഭ്യമായെന്നു ഹിന്ദുവിഭാഗം അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ മാധ്യമങ്ങളോടു പറഞ്ഞു. ഗ്യാൻവാപി മസ്ജിദ് നിർമ്മിക്കുന്നതിനുമുൻപ് വലിയ ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നു പുരാവസ്തു വകുപ്പ് (എഎസ്‌ഐ) കണ്ടെത്തിയതായി ഹിന്ദുവിഭാഗം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു കോടതിയുടെ ഉത്തരവ്.
ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് നാല് വനിതകൾ പൂജ നടത്താൻ അനുമതി തേടി വരാണസി കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജില്ലാ കോടതിയുടെ പുതിയ ഉത്തരവ്.
'മസ്ജിദിന്റെ പടിഞ്ഞാറുഭാഗത്തെ ചുമർ നേരത്തേയുണ്ടായിരുന്ന ക്ഷേത്രത്തിന്റെ തന്നെ ഭാഗമാണ്. ഇതു കല്ലുകൊണ്ടു നിർമ്മിച്ച് അലങ്കരിച്ചതാണ്. മസ്ജിദിലെ തൂണും മറ്റും നേരത്തേയുണ്ടായിരുന്ന കെട്ടിടത്തിലേതു പരിഷ്‌കരിച്ച് ഉപയോഗിച്ചതാണ്. തൂണുകളിലെ കൊത്തുപണികളിൽ മാറ്റം വരുത്താനുള്ള ശ്രമവും പ്രകടമാണ്. നേരത്തേയുണ്ടായിരുന്ന മന്ദിരത്തിനു മുകളിൽ ഇപ്പോഴത്തേതു നിർമ്മിച്ചതായാണ് കാണപ്പെടുന്നത്.
നേരത്തേയുണ്ടായിരുന്ന മന്ദിരം 17ാം നൂറ്റാണ്ടിൽ ഔറംഗസേബിന്റെ കാലത്തു തകർത്തതാകാം. സമുച്ചയത്തിന്റെ ഭാഗമായ അറകളിലും മറ്റും ശിൽപങ്ങളുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട 34 ശിലാലിഖിതങ്ങൾ കണ്ടെത്തി. ഇതിൽ, ദേവനാഗരി, തെലുങ്ക്, കന്നഡ ഭാഷങ്ങളിലെ പൗരാണിക ഹിന്ദു ക്ഷേത്ര ലിഖിതങ്ങളും ഉണ്ട്. ജനാർദന, രുദ്ര, ഉമേശ്വര എന്നിങ്ങനെ 3 ആരാധനാമൂർത്തികളുടെ പേരും കണ്ടെത്തി" റിപ്പോർട്ടിൽ ഇപ്രകാരം കണ്ടെത്തലുകളുണ്ടെന്നു വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.
ക്ഷേത്രം തകർത്താണ് ഗ്യാൻവാപി പള്ളി തകർത്തതെന്നാണ് ഒരു വിഭാഗം ഹിന്ദുക്കളുടെ വാദം. ഇതുമായി ബന്ധപ്പെട്ട കേസിൽ പള്ളി വളപ്പിൽ വിഡിയോ സർവേ നടത്താൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഈ സർവേയ്ക്കിടെ കുളത്തിൽ വിഗ്രഹം കണ്ടെത്തിയതായി വാർത്തകൾ വന്നു. പള്ളിക്കുള്ളിൽ നിത്യാരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു സ്ത്രീകൾ കോടതിയെ സമീപിച്ചത്. സിവിൽ കോടതിയിൽ എത്തിയ ഹർജി സുപ്രീം കോടതി ഇടപെട്ടാണ് വാരണാസി ജില്ലാകോടതിയിലേക്ക് വിട്ടത്. കേസിന്റെ സങ്കീർണതയും വൈകാരികതയും പരിഗണിച്ച് മുതിർന്ന ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.
ഗ്യാൻവാപി മസ്ജിദ് ക്ഷേത്രത്തിന്റെ സ്ഥലത്താണെന്നും പള്ളിക്കുള്ളിൽ ദേവതകളുടെ വിഗ്രഹങ്ങൾ ഉണ്ടെന്നുമുള്ള വാദങ്ങളാണ് ഹർജി നല്കിയവർ മുന്നോട്ടു വയ്ക്കുന്നത്. നിസ്‌ക്കാരത്തിനു മുൻപ് വിശ്വാസികൾ ദേഹശുദ്ധി വരുത്തുന്ന കുളത്തിൽ ശിവലിംഗം ഉണ്ടെന്ന വാദവും ഉയർന്നു. ഹർജി ആദ്യം പരിഗണിച്ച സിവിൽ കോടതി വസ്തുതകൾ പഠിക്കാൻ അഡ്വക്കേറ്റ് കമ്മീഷണർമാരെ നിയോഗിച്ചിരുന്നു. എന്നാൽ 1991 ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹജികൾ നിലനില്ക്കുമോ എന്ന വിഷയം ജില്ല കോടതി ആദ്യം പരിഗണിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്.
ഹർജി നിലനിൽക്കുന്നതാണെന്ന് വാരണാസി കോടതി വിധിച്ചിരുന്നു പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നാണ് ഗ്യാൻവാപി മസ്ജിദ്. മുഗൾ ഭരണാധികാരി ഔറംഗസേബ് ആണ് പള്ളി നിർമ്മിച്ചത്. ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്തുകൊണ്ടാണ് പതിനാറാം നൂറ്റാണ്ടിൽ ഔറംഗസേബ് ഗ്യാൻവാപി മസ്ജിദ് നിർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി 1991ൽ വാരണാസി കോടതിയിൽ ഒരു ഹർജി സമർപ്പിച്ചിരുന്നു. ഹർജിക്കാരും സ്ഥലത്തെ പൂജാരിയും ഗ്യാൻവാപി പള്ളിക്കുള്ളിൽ ആരാധനയ്ക്ക് അനുമതി ചോദിച്ചിരുന്നു.
അയോദ്ധ്യ വിധിക്ക് പിന്നാലെ വിജയ് ശങ്കർ റസ്തൊഗി എന്ന അഭിഭാഷകൻ ഗ്യാൻവാപി പള്ളിയുടെ നിർമ്മാണത്തിൽ പ്രശ്നമുണ്ടെന്ന് കാട്ടി ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ സർവെ പള്ളിയിൽ വേണമെന്ന് കാണിച്ച് ഹർജിയും നൽകി. പള്ളിയുടെ പുറംമതിലിൽ വിഗ്രഹങ്ങളുണ്ടെന്നും അവിടെ പ്രാർത്ഥന നടത്താൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള അഞ്ച് സ്ത്രീകളാണ് വാരണാസി കോടതിയെ സമീപിച്ചത്.
അതിനിടെ ഗ്യാൻവാപി പള്ളിയിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 'ശിവലിംഗ'ത്തിന്റെ യഥാർഥ ഉറവിടത്തെക്കുറിച്ച് ശാസ്ത്രീയപരിശോധന നടത്താൻ പുരാവസ്തു ഗവേഷണ വകുപ്പിന് (എഎസ്ഐ.) നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദു കക്ഷികൾ സുപ്രീംകോടതിയെ സമീപിച്ചു. കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി പള്ളി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പുതിയ അപേക്ഷയെത്തിയത്.