- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ 'തങ്കമണി' പേരുമാറ്റുമോ? സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി; നടപടി തങ്കമണിയിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് സിനിമ എന്നാരോപിച്ചുള്ള ഹർജിയിൽ
കൊച്ചി: ദിലീപ് ചിത്രം തങ്കമണിയുടെ പേരു മാറ്റുന്നത് സംബന്ധിച്ച് ഹൈക്കോടതി സെൻസർ ബോർഡിനോട് വിശദീകരണം തേടി. തങ്കമണി സ്വദേശിയും മാധ്യമപ്രവർത്തകനുമായ ബിജു വൈശ്യൻ നൽകിയ ഹർജിയിലാണ് നടപടി. 1986 ഒക്ടോബർ 22 നാണ് തങ്കമണി സംഭവം ഉണ്ടാകുന്നത്. സ്വകാര്യ ബസ് പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള സമരം പിന്നീട് പൊലീസ് നടപടിയിൽ കലാശിക്കുകയായിരുന്നു.
നേരിൽ നടന്ന സംഭവം വളച്ചൊടിച്ച് നാട്ടിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് സിനിമ വരുന്നത് എന്നാരോപിച്ചാണ് ബിജു ഹർജി നൽകിയത്. ചിത്രത്തിന്റെ നിർമ്മാതാവ് ആർ.ബി ചൗധരി, സംവിധായകൻ രതീഷ് രഘുനന്ദൻ, സംസ്ഥാന പൊലീസ് മേധാവി, ഇടുക്കി ജില്ലാ പൊലീസ് മേധാവി, നടൻ ദിലീപ് എന്നിവർക്ക് നേരത്തേ കോടതി നോട്ടീസ് അയച്ചിരുന്നു.
ഡിജിപിയോട് തങ്കമണി കേസിന്റെ റിപ്പോർട്ട് ഹാജരാക്കാനാവശ്യപ്പെട്ടിരുന്നു. ഇന്ന് വീണ്ടും ഹർജി പരിഗണിച്ചപ്പോൾ സെൻസർ ബോർഡിനോട് ചിത്രത്തിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് വിശദീകരണം തേടുകയായിരുന്നു.
നാട്ടിലെ സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തി, നാടിന്റെ പേര് തന്നെ ചിത്രത്തിനിട്ടു, ടൈറ്റിൽ ഗാനത്തിൽ തങ്കമണിയിലെ സ്ത്രീകളുടെ മാനത്തിന് വില പറയുന്ന തരത്തിലുള്ള പരാമർശം നടത്തി, സംഭവകഥ എന്ന പേരിൽ പരസ്യം നൽകി എന്നിവയൊക്കെ ചൂണ്ടിക്കാണിച്ചാണ് ഹർജി.
കൂടാതെ കോടതി നിർദ്ദേശിക്കുന്ന കമ്മിഷൻ ചിത്രം കണ്ട് ബോധ്യപ്പെട്ട് നാടിനും നാട്ടുകാർക്കും അപമാനമാകുന്ന തരത്തിൽ പരാമർശം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമെ റിലീസ് ചെയ്യാവു എന്നും ഹർജിക്കാരൻ അഡ്വ. ജോമി കെ ജോസ് മുഖേന നൽകിയ ഹർജിയിൽ ആവശ്യം ഉന്നയിക്കുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്