കൊച്ചി: സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയൂ എന്ന് എറണാകുളം ജില്ലാ ഉപഭോക്ത തർക്ക പരിഹാര കോടതി.

പരാതിക്കാരി നിക്ഷേപിച്ച ആറര ലക്ഷം രൂപയും മൂന്നുലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവും പോപ്പുലർ ഫിനാൻസിന്റെ നടത്തിപ്പുകാർ നിക്ഷേപകയ്ക്ക് നൽകണമെന്ന് ഡി.ബി ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ താക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.

2023 ഫെബ്രുവരി 25ന് പോപ്പുലർ ഫിനാൻസിന്റെ വസ്തുവകകൾ കമ്മീഷൻ ജപ്തി ചെയ്തുകൊണ്ട് ഉത്തരവിട്ടിരുന്നു. ചെന്നൈ സ്വദേശിയും വിധവയുമായ ഷൈല പോൾ സമർപ്പിച്ച പരാതിയിലാണ് പോപ്പുലർ ഫിനാൻസിന്റെ പാർട്ടണർമാരും ചെയർപേഴ്‌സണും മാനേജർ ഉൾപ്പെടെയുള്ള ഒമ്പത് പേർക്കെതിരെ കോടതി ഉത്തരവിട്ടത്.

പരാതിക്കാരിക്ക് 12% പലിശ നൽകാമെന്ന എതിർകക്ഷിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ചാണ് എറണാകുളം ജില്ലയിലെ കലൂരിൽ ഉള്ള എതിർകക്ഷിയുടെ ബ്രാഞ്ചിൽ 2020 മാർച്ച് മൂന്നിന് 6,50,000 രൂപ നിക്ഷേപിച്ചത്. 2020 ജൂലൈ വരെ കൃത്യമായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പലിശ ലഭിച്ചുവെങ്കിലും പിന്നീട് തുകയൊന്നും ലഭിച്ചില്ല. നിക്ഷേപത്തുക തിരിച്ച് വാങ്ങാൻ കൊച്ചിയിലെ ഓഫീസിൽ ചെന്നപ്പോൾ ഓഫീസ് അടച്ചുപൂട്ടി എതിർകക്ഷികൾ ഒളിവിൽ പോയി. പിന്നീട് അവർ ജയിലിൽ ആവുകയും ചെയ്തു. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചുവെ ങ്കിലും അവർ ഹാജരാകാത്ത സാഹചര്യത്തിൽ അവരുടെ വസ്തുവകകൾ കോടതി ജപ്തി ചെയ്തു.

'വൻ സാമ്പത്തിക തട്ടിപ്പിലൂടെ നിക്ഷേപകരുടെ ജീവിതം ദുരിതപൂർണ്ണമാകുന്നക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുകയും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ നിക്ഷേപകർക്ക് നിയമാവബോധം നൽകുകയും വേണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവിൽ നിരീക്ഷിച്ചു.

പരാതിക്കാരി എതിർകക്ഷിയുടെ പക്കൽ നിക്ഷേപിച്ച ആറര ലക്ഷം രൂപയും തിരിച്ചു നൽകണമെന്നും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവ് 30 ദിവസത്തിനകം നൽകിയില്ലെങ്കിൽ 9% പലിശ കൂടി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്ത പരിഹാര കോടതി ഉത്തരവ് നൽകി.

അഡ്വ ജഗൻ എബ്രഹാം എം. ജോർജ് പരാതിക്കാരിക്ക് വേണ്ടി ഹാജരായി.