തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അവസാനിപ്പിച്ച് വിജിലൻസ് റെഫർ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാൻ തിരുവനന്തപുരം വിജിലൻസ് ജഡ്ജി രാജകുമാര വി എസ്സിന് നോട്ടീസയച്ചു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന് കാണിച്ചാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. തട്ടിപ്പ് നടന്നെന്ന് കണ്ടെത്താനായില്ലെന്നാണ് വിജിലൻസ് റഫർ റിപ്പോർട്ടിൽ പറയുന്നത്.

15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിന്മേലെടുത്ത കേസിലാണ് റിപ്പോർട്ട് നൽകിയത്. പിന്നാക്ക ക്ഷേമ കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ താഴേത്തട്ടിലേക്ക് വിതരണം ചെയ്ത് തട്ടിപ്പ് നടത്തിയെന്നും വിഎസിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതോടെയാണ് വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.

എന്നാൽ തുടർന്നുള്ള വിജിലൻസ് അന്വേഷണത്തിലാണ് അഞ്ച് കേസുകൾ എഴുതി തള്ളാൻ തീരുമാനിച്ചിരിക്കുന്നത്. വായ്പ നൽകിയ പണം തിരിച്ചടച്ചുവെന്നും പണം താഴേത്തട്ടിലേക്ക് നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസ് റിപ്പോർട്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് അന്വേഷണം ആരംഭിച്ചത്. കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപമറിയിക്കാൻ വിഎസിന് വിജിലൻസ് കോടതികൾ നോട്ടീസയച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്.