തിരുവനന്തപുരം: ആർഎസ്എസ് മണ്ണന്തല മണ്ഡലം ശാരീരിക് ശിക്ഷാ പ്രമുഖ് ആയിരുന്ന മണ്ണന്തല സ്വദേശി രഞ്ജിത്തിനെ അമ്പലമുക്ക് കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകൾ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് കേസിലെ ദൃക്‌സാക്ഷിയായ സജിത്ത് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജി ആജ് സുദർശൻ മുമ്പാകെ മൊഴി കൊടുത്തു.

താൻ രാവിലെ പാൽ വാങ്ങുവാനായി പോകവെ മണ്ണന്തല കോട്ടമുകളിലുള്ള രഞ്ജിത്തിന്റെ പച്ചക്കറി കടയിലേക്ക് പ്രതികൾ രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്നുവെന്ന് കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിന്റെ ചീഫ് വിസ്താരത്തിൽ സാക്ഷി പറഞ്ഞു. കടയിലേക്ക് കൊടുവാളും കത്തിയും വെട്ടുകത്തികളുമായി ഓടിക്കയറിയ സംഘം തന്റെ കൺമുന്നിൽ വച്ചാണ് രജ്ഞിത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്നും പറഞ്ഞ സാക്ഷി കേസിലെ പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു.

രഞ്ജിത്തിനെ ഉപദ്രവിക്കുവാൻ പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും പ്രതികൾ ക്യത്യത്തിന് എത്തിയ വാഹനങ്ങളും തനിക്ക് തിരിച്ചറിയുവാൻ കഴിയുമെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് മറുപടിയായി സജിത്ത് കോടതിയിൽ വ്യക്തമാക്കി. തുടർന്ന് അന്വേഷണ വേളയിൽ പൊലീസ് കണ്ടെടുത്ത പ്രതികളുടെ ആയുധങ്ങളും വാഹനങ്ങളും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ താൻ ഈ വിവരങ്ങൾ എല്ലാം പൊലീസിൽ അറിയിച്ചിരുന്നതായി പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താര വേളയിൽ വ്യക്തമാക്കിയ സാക്ഷി രജ്ഞിത്തിനെ കൊലപ്പെടുത്തിയത് പ്രതികൾ തന്നെയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി.

രഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ അമ്പലമുക്ക് കൃഷ്ണകുമാർ, ഗോപാലൻ സുരേഷ്, കണ്ണൻ സുരേഷ്, ഫിറോസ് ഖാൻ, ശങ്കർ, ഗോഡ് വിൻ, വിഷ്ണു വിനോദ് എന്നിവരെയാണ് സാക്ഷി കോടതി മുമ്പാകെ തിരിച്ചറിഞ്ഞത്.

കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, കെ. വി. ഹേമരാജ്, വി.ജി.ഗിരികുമാർ എന്നിവരാണ് ഹാജരാകുന്നത്.