- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിശ്ചിതത്വം ഒഴിഞ്ഞു; മനുവിന്റെ മൃതദേഹം വീട്ടുകാർ ഏറ്റെടുത്തു; മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും; സ്വവർഗ്ഗ പങ്കാളി ജെബിന് കളമശേരി മെഡിക്കൽ കോളേജിൽ വച്ച് അന്തിമോപചാരം അർപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി
കൊച്ചി: ഫ്ളാറ്റിൽ നിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച ക്വീർ വ്യക്തിയായ മനുവിന്റെ മൃതദേഹം വീട്ടുകാർ ഏറ്റെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും. കളമശേരി മെഡിക്കൽ കോളജിൽ വെച്ച് അന്തിമോപചാരമർപ്പിക്കാൻ മനുവിന്റെ സ്വവർഗ്ഗ പങ്കാളിയായ ജെബിന് ഹൈക്കോടതി അനുമതി നൽകി. ആശുപത്രിയിൽ നിന്ന് മൃതേദഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജെബിൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോപചാരമർപ്പിക്കാനും അനുവദിക്കണമെന്ന് ജെബിൻ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാനാണ് കോടതി നിർദേശിച്ചത്. കണ്ണൂർ സ്വദേശിയായ മനുവിന്റെ മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബില്ലടയ്ക്കാത്തതുകൊണ്ടാണ് മൃതദേഹം വിട്ടു നൽകാത്തത് എന്ന ഹർജിക്കാരന്റെ വാദം ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു. ഏറ്റെടുക്കാൻ ആളില്ലാത്തതാണ് വിഷയമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
മനുവുമായി അകന്ന് നിൽക്കുന്ന ബന്ധുക്കൾ ആശുപത്രിയിലെ ചികിത്സാ ചെലവ് നൽകിയെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് ഒരു വർഷമായി ഒരുമിച്ച് കഴിയുന്ന ജെബിൻ ആശുപത്രിയെ സമീപിച്ച് മൃതദേഹം വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ അനന്തരാവകാശി ആണെന്നതിന് രേഖകളില്ലാത്തതിനാൽ മൃതദേഹം വിട്ട് നൽകാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് യുവാവ് കോടതിയിലെത്തിയത്.
കേരളത്തിൽ വിവാഹിതരായ മൂന്നാമത്തെ സ്വവർഗ്ഗ ദമ്പതികളാണ് മനുവും ജെബിനും. രണ്ടു ദിവസം മുമ്പ് ഫോൺ ചെയ്യാൻ ടെറസിലേക്കുപോയ മനു താഴേക്ക് വീഴുകയായിരുന്നു. സാരമായി പരുക്കേറ്റതിനെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരന്നു. വെന്റിലേറ്റർ സഹായത്തോടെ രണ്ടു ദിവസം ജീവൻ നിലനിർത്തിയെങ്കിലും ഞായറാഴ്ച രാത്രി 11.14ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുടുംബവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല മനു. സുഹൃത്തുക്കളുൾപ്പെടെ നിർബന്ധിച്ചശേഷമാണ് ബന്ധുക്കൾ ആശുപത്രിയിലെത്താൻ തയ്യാറായത്. നിയമപരമായി ക്വീർ പങ്കാളിയെ അനന്തരാവകാശിയായി പരിഗണിക്കാത്തതിനാൽ ജെബിന് മനുവിന്റെ മൃതദേഹം സ്വീകരിക്കാൻ സാധിക്കില്ല. ഈ അവസരത്തിൽ തന്നെ അവകാശിയായി പരിഗണിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജെബിൻ ഹൈക്കോടതിയെ സമീപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ