തിരുവനന്തപുരം : പേരൂര്‍ക്കട അമ്പലംമുക്കിലെ അലങ്കാരചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവളളിക്കോണം സ്വദേശിനിയുമായ വിനീതയെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതിന് തമിഴ്നാട്ടിലെയും കേരളത്തിലെയും ഫോറന്‍സിക് വിദഗ്ധരും പോലീസ് ഉദ്യോഗസ്ഥരുമടക്കം 96 നിര്‍ണ്ണായ സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനനാണ് കേസ് പരിഗണിച്ചത്. തുടര്‍ നടപടികളുടെ ഭാഗമായി സാക്ഷി മൊഴികളിലെ നിജസ്ഥിതി കോടതി നേരിട്ട് പ്രതിയോട് ചോദിച്ച് മനസിലാക്കും. കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രനാണ് കേസിലെ പ്രതി. ഉന്നത ബിരുദധാരിയായ പ്രതി ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റിംഗിന് വേണ്ടിയുളള പണത്തിനാണ് പലപ്പോഴും കൊലപാതകങ്ങള്‍ ചെയ്തിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിനീതയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, 13 കാരി മകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ജാമ്യത്തില്‍ നില്‍ക്കവെയാണ് പേരൂര്‍ക്കടയിലെ ചായതട്ടില്‍ ജീവനക്കാരനായി എത്തിയത്.

സുബ്ബയ്യനെയും കുടുംബത്തെയും കൊലപ്പെടുത്തിയ സമാന രീതിയിലാണ് പ്രതി വിനീതയെയും കൊലപ്പെടുത്തിയത്. സ്വനപേടകത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച് ഇരയുടെ ശബ്ദം പുറത്ത് വരാതാക്കിയാണ് കൊലപാതകങ്ങള്‍ ചെയ്തിരുന്നത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്റെ ആവശ്യപ്രകാരമാണ് കോടതി തമിഴ്നാട്ടില്‍ നിന്നുളള ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത്. ജ്യൂവനപുഡി മഹേഷ് ഐ. പി. എസ്, കന്റോണ്‍മെന്റ് എ.സി വി.എസ്.ദിനരാജ് എന്നിവര്‍ ചേര്‍ന്നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായുളള കര്‍ശന നിയന്ത്രണങ്ങള്‍ തലസ്ഥാനത്ത് ഉളളപ്പോഴാണ് പട്ടാപ്പകല്‍ പ്രതി അമ്പലംമുക്കിലെ കടയില്‍ കടന്നു കയറി വിനീതയെ കൊലപ്പെടുത്തി നാലര പവന്‍ തൂക്കമുളള സ്വര്‍ണ്ണമാല കവര്‍ന്നത്. 2022 ഫെബ്രുവരി ആറിന് പകല്‍ 11.50 നായിരുന്നു സംഭവം.കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ കാവല്‍ കിണറിന് സമീപമുളള ലോഡ്ജില്‍ നിന്ന് പേരൂര്‍ക്കട സി. ഐ ആയിരുന്ന വി.സജികുമാര്‍ ആണ് പിടികൂടിയത്. സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പ്രതി പണയംവച്ച വിനീതയുടെ മാലയും പോലീസ് കണ്ടെടുത്തിരുന്നു.