- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയില്‍ അര്‍ജന്റീന ടീം വരുമെന്ന് ആണല്ലോ പറയുന്നത്; റോഡുകളുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ ഇതൊക്കെ എങ്ങനെ നടക്കും? വിദേശ സഞ്ചാരി ഓടയില്‍ വീണ് പരിക്കേറ്റ സംഭവത്തില്‍ ഹൈക്കോടതി വിമര്‍ശനം
ഇങ്ങനെയാണെങ്കില്‍ അര്‍ജന്റീന ടീം എങ്ങനെ ഇവിടെ വരും?
കൊച്ചി: കൊച്ചിയില്‍ അര്‍ജന്റീന ടീം വരുമെന്ന് പറയുന്ന സാഹചര്യത്തില്‍, റോഡുകളുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ ഇതൊക്കെ എങ്ങനെ നടക്കുമെന്ന് ഹൈക്കോടതി. കൊച്ചിയില്‍ വിദേശ സഞ്ചാരി ഓടയില്‍ വീണ് പരിക്കേറ്റ സംഭവത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോഴും കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളത്തെപ്പറ്റി വിദേശ സഞ്ചാരികള്‍ എന്തു ചിന്തിക്കും എന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. നടക്കാന്‍ പോലും പേടിക്കേണ്ട സ്ഥലം എന്നല്ലേ ആളുകള്‍ ഈ നാടിനെ കുറിച്ച് വിചാരിക്കുക എന്ന പരാമര്‍ശവും കോടതി നടത്തി.
'കൊച്ചിയില്‍ ഒരു റോഡിലും നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഫുട്പാത്തുകള്‍ ഒന്നുമില്ല. ആളുകള്‍ക്ക് മര്യാദയ്ക്ക് നടക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കച്ചവടങ്ങളെ പോലും ബാധിച്ചു തുടങ്ങി. കൊച്ചിയില്‍ അര്‍ജന്റീന ടീം വരുമെന്ന് ആണല്ലോ പറയുന്നത്. റോഡുകളുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ ഇതൊക്കെ എങ്ങനെ നടക്കും?'- കോടതി ചോദിച്ചു.
'എംജി റോഡ് പോലെ സുന്ദരമായ ഒരു റോഡ് നമുക്കുണ്ട്. പക്ഷേ അവിടെയും ഫുട്പാത്തുകളുടെ അവസ്ഥ ദയനീയമാണ്. മറ്റു രാജ്യങ്ങളിലൊക്കെ ആളുകള്‍ക്ക് റോഡുകളിലൂടെ താഴേക്ക് നോക്കാതെ നടക്കാം. അവര്‍ക്ക് കാഴ്ചകള്‍ കാണാം. എന്നാല്‍ കൊച്ചി നഗരത്തിലെ റോഡില്‍ അങ്ങനെ കഴിയില്ല. എല്ലായിടത്തും കുഴിയാണ്. ഫുട്പാത്തുകള്‍ക്കിടയിലും അപകടമുണ്ട്. ആലപ്പുഴയില്‍ ഭാഗ്യം കൊണ്ടാണ് ഫുട്പാത്തിനിടയില്‍ വീണ ഗര്‍ഭിണി കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.'- കോടതി പറഞ്ഞു.