- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്തന്‍കോട് കൂട്ടക്കൊല കേസില്‍ കേഡലിന് കുരുക്ക് മുറുകുന്നു; 20 സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി; തൊണ്ടിമുതലുകള്‍ തിരിച്ചറിഞ്ഞു
നന്തന്‍കോട് കൂട്ടക്കൊല കേസില്‍ കേഡലിന് കുരുക്ക് മുറുകുന്നു
തിരുവനന്തപുരം : നന്തന്‍കോട് ബെയില്‍സ് കോംപൗണ്ടില്‍ നടന്ന 4 പേരുടെ കൂട്ടക്കൊലക്കേസില്‍ പ്രതി കേഡലിന് കുരുക്ക് മുറുകുന്നു. ഇതുവരെ വിസ്തരിച്ച 20 സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കൊലപാതകത്തിന് ഉപയോഗിച്ച മഴുവും തീവെയ്പ് അവശിഷ്ടങ്ങളുമടക്കം 27 തൊണ്ടി മുതലുകള്‍ സാക്ഷികള്‍ കോടതിയില്‍ തിരിച്ചറിഞ്ഞ് മൊഴി നല്‍കി. 20 സാക്ഷികളെ വിസ്തരിച്ചു
7 പ്രാമാണിക രേഖകള്‍ കോടതി തെളിവില്‍ സ്വീകരിച്ചു 27 തൊണ്ടി മുതലുകള്‍ അക്കമിട്ട് തെളിവില്‍ സ്വീകരിച്ചു. കേഡലിനെ അറിയാമെന്നും അയല്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞ് വിചാരണ കോടതി മുമ്പാകെ മൊഴി നല്‍കി. സംഭവ ദിവസം മരണമടഞ്ഞവരോടൊപ്പം വീട്ടില്‍ അവസാനമായി കേഡല്‍ മാത്രമാണുണ്ടായിരുന്നതന്നും മൊഴി നല്‍കി. 20 സാക്ഷികളെ ഇതിനോടകം വിസ്തരിച്ചു. വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ ക്രൈം സീന്‍ പ്ലാന്‍, കൃത്യ സ്ഥല മഹസര്‍, തഹസില്‍ദാര്‍ സമര്‍പ്പിച്ച ബന്ധുത്വ സാക്ഷ്യപത്രം, കേഡലിന്റെ പിതാവിന്റെ പേര്‍ക്കുള്ള കോര്‍പ്പറേഷന്‍ കെട്ടിട ഉടമസ്ഥതാ സാക്ഷ്യപത്രമടക്കം 7 പ്രാമാണിക രേഖകള്‍ കോടതി തെളിവില്‍ സ്വീകരിച്ചു. സാക്ഷികള്‍ തിരിച്ചറിഞ്ഞ 27 തൊണ്ടി മുതലുകള്‍ അക്കമിട്ട് സ്വീകരിച്ചു.
കേഡല്‍ വിദേശ രാജ്യത്ത് എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയില്‍ വിദേശത്ത് വച്ച് ചെകുത്താന്‍ സേവ പഠിച്ചതായും ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പോലീസ് കേസ്. കൂടാതെ താന്‍ പഠനം പൂര്‍ത്തിയാക്കാത്തതിന് മാതാപിതാക്കള്‍ നിരന്തരം വഴക്കു പറയുന്നതിലും സഹോദരി എം.ബി.ബി.എസ് പാസ്സായതിനെച്ചൊല്ലി തന്നെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തതില്‍ വച്ചുള്ള വൈരാഗ്യവും വിരോധ കാരണമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൃത്യത്തിന് ഉപയോഗിച്ച മഴു ഓണ്‍ലൈനായി വാങ്ങുകയായിരുന്നു. മഴു ഉപയോഗിച്ചുള്ള അരുംകൊലക്ക് മുമ്പ് വിഷാംശമുള്ള കീടനാശിനി വഞ്ചിയൂര്‍ കൃഷി മിത്രം വളം ഡിപ്പോയില്‍ നിന്നും വാങ്ങിച്ച് ഭക്ഷണത്തില്‍ കലര്‍ത്തി കുടുബാംഗങ്ങള്‍ക്ക് കേഡല്‍ നല്‍കിയിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച അവര്‍ ഛര്‍ദ്ദിച്ചതിനാല്‍ കേഡലിന്റെ കെണി ആരുമറിയാതെ പോയി. പഴകിയ ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നുള്ള ഫുഡ് പോയിസണ്‍ ആയിരിക്കാമെന്നു മാതാപിതാക്കളും കരുതി. എസ്എഎല്‍ തീയറ്റര്‍ - ചെട്ടിക്കുളങ്ങര ക്ഷേത്രം - വഞ്ചിയൂര്‍ റോഡില്‍ ഉപ്പിടാംമൂട് പാലത്തിതിന് സമീപമുള്ള കൃഷിമിത്ര കടയില്‍ നിന്നാണ് കീടനാശിനി വാങ്ങിയത്. കേഡലിനെ കൃഷിമിത്ര കടയില്‍ തെളിവെടുപ്പിന് പോലീസ് കൊണ്ടുപോകുകയും കടയുടമ കേഡലിനെ തിരിച്ചറിയുകയും ചെയ്തു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്